കര്‍ത്താവിന്റെ ആലയം നാം പരിശുദ്ധമായി പാലിക്കുന്നുണ്ടോ? (Sunday Homily)
~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.
പള്ളിക്കൂദാശാകാലം മൂന്നാം ഞായര്‍ സുവിശേഷ സന്ദേശം
ഇസ്രായേല്‍ക്കാര്‍ക്ക് ദൈവത്തിന് ബലിയര്‍പ്പിക്കാന്‍ ഒരോയൊരു സ്ഥലമേ ഉണ്ടായിരുന്നുള്ളൂ. അത് ജെറുസലേം ദേവാലയം ആയിരുന്നു. അനീതിപരമായ കച്ചവടം ദേവലയത്തില്‍ അനുവദിക്കുക വഴി ദേവാലയാധികാരികള്‍ അവിടം അശുദ്ധമാക്കിയിരുന്നു. ബലി മൃഗങ്ങളെ വിറ്റും പണം കൈമാറ്റം ചെയ്തും അവര്‍ തീര്‍ത്ഥാടകരെ ചൂഷണം ചെയ്തു. പെസഹായ്ക്ക് മുന്നോടിയായി പുളിമാവ് ശുദ്ധീകരിക്കുന്നതു പോലെ യേശു ദേവാലയം ശുദ്ധമാക്കുന്നതാണ് ഇന്നത്തെ സുവിശേഷത്തില്‍ നാം വായിക്കുന്നത്. അതോടൊപ്പം തന്റെ പുനരുത്ഥാനത്തെ കുറിച്ച് യേശു പ്രവചിക്കുന്നതും നമുക്ക് ഈ സുവിശേഷ ഭാഗത്ത് കാണാം.
ഇന്നത്തെ സുവിശേഷ വായന
യോഹന്നാന്‍ 2. 13 – 22
“യഹൂദരുടെ പെസഹാ അടുത്തിരുന്നതിനാല്‍ യേശു ജറുസലേമിലേക്ക് പോയി. കാള, ആട്, പ്രാവ് എന്നിവ വില്‍ക്കുന്നവരെയും നാണയമാറ്റക്കാരെയും ദേവാലയത്തില്‍ അവന്‍ കണ്ടു. അവന്‍ കയറു കൊണ്ട് ഒരു ചമ്മട്ടിയുണ്ടാക്കി അവരെയെല്ലാം ആടുകളോടും കാളകളോടും കൂടെ ദേവാലയത്തില്‍ നിന്ന് പുറത്താക്കി. നാണയമാറ്റക്കാരുടെ നാണയങ്ങള്‍ ചിതറിക്കുകയും മേശകള്‍ തട്ടിമറിക്കുകയും ചെയ്തു. പ്രാവുകളെ വില്‍ക്കുന്നവരോട് അവന്‍ പറഞ്ഞു: എന്റെ പിതാവിന്റെ ആലയം നിങ്ങള്‍ കച്ചവട സ്ഥലമാക്കരുത്. അവിടുത്തെ ആലയത്തെ കുറിച്ചുള്ള തീക്ഷണത എന്നെ വിഴുങ്ങിക്കളയും എന്നെഴുതപ്പെട്ടത് അപ്പോള്‍ അവന്റെ ശിഷ്യന്മാര്‍ അനുസ്മരിച്ചു. യഹൂദര്‍ അവനോട് ചോദിച്ചു: ഇത് ചെയ്യാന്‍ നിങ്ങള്‍ക്ക് അധികാരം ഉണ്ടെന്നതിന് എന്തടയാളമാണ് നീ കാണിക്കുക? യേശു മറുപടി പറഞ്ഞു: നിങ്ങള്‍ ഈ ദേവാലയം നശിപ്പിക്കുക. മൂന്നു ദിവസത്തിനകം ഞാനിത് പുനരുദ്ധരിക്കും. യഹൂദര്‍ ചോദിച്ചു: ഈ ദേവാലയം പണിയാന്‍ നാല്‍പത്താറ് സംവത്സരം എടുത്തു. വെറും മൂന്നു ദിവസത്തിനികം നീ അത് പുനരുദ്ധരിക്കുമോ? എന്നാല്‍ അവന്‍ പറഞ്ഞത് തന്റെ ശരീരമാകുന്ന ആലയത്തെ പറ്റിയാണ്. അവന്‍ മരിച്ചവരില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റപ്പോള്‍ അവന്റെ ശിഷ്യന്മാര്‍ ഇത് പറഞ്ഞിരുന്നുവെന്ന് ഓര്‍മിക്കുകയും അങ്ങനെ, വിശുദ്ധ ലിഖിതവും യേശു പ്രസ്താവിച്ച വചനവും വിശ്വസിക്കുകയും ചെയ്തു.”
സുവിശേഷ വിചിന്തനം
യഹൂദരുടെ തീര്‍ത്ഥാടക തിരുനാളുകളില്‍ ഒന്നായിരുന്നു പെസഹാ. ഈജിപ്തില്‍ നിന്ന് ദൈവം ഇസ്രായേല്‍ക്കാരെ വിമോചിപ്പിച്ചതിന്റെ സ്മരണയ്ക്കായാണ് ഈ തിരുനാള്‍ അവര്‍ ആചരിച്ചിരുന്നത്. നീസാന്‍ മാസത്തിലെ 15ാം തീയതി ആരംഭിച്ചിരുന്ന ഈ തിരുനാല്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷമായിരുന്നു. ജറുസലേം ദേവാലയത്തിന് 15 മൈല്‍ ചുറ്റളവില്‍ വസിക്കുന്ന യഹൂദര്‍ ദേവാലയത്തില്‍ വന്ന് പെസഹാ ആചരിച്ചിരുന്നു. എന്നിരുന്നാലും എത്ര ദൂരെ താമസിച്ചിരുന്ന യഹൂദരും പെസഹാ ആചരിക്കാന്‍ ദേവാലയത്തില്‍ എത്തിയിരുന്നു.
ജറുസലേം ദേവാലയത്തിന് നാല് സദസ്സുകള്‍ ഉണ്ടായിരുന്നു. പുരോഹിതരുടെ സദസ്സ്, ഇസ്രായേലിന്റെ സദസ്സ്, സ്ത്രീകളുടെ സദസ്സ്, വിജാതീയരുടെ സദസ്സ്. വിജാതിയര്‍ക്ക് പ്രവേശിച്ച് പ്രാര്‍ത്ഥിക്കാന്‍ അനുവാദം ഉണ്ടായിരുന്ന ഏക സദസ്സ് വിജാതീയരുടെ സദസ്സായിരുന്നു. മറ്റു സദസ്സുകളില്‍ അവര്‍ പ്രവേശിച്ചാല്‍ അവരെ വധിക്കാന്‍ വരെ നിയമം ഉണ്ടായിരുന്നു. വിജാതീയരുടെ സദസ്സില്‍ എല്ലാത്തരം ചൂഷണങ്ങളും ദേവാലയസംബന്ധിയായ കച്ചവടങ്ങളും നടമാടിയിരുന്നു. നേരത്തെ, ഒലീവ് മലയില്‍ വച്ചായിരുന്നു പണംകൈമാറ്റവും ബലിമൃഗവില്‍പനയും നടന്നിരുന്നത്. എന്നാല്‍ കച്ചവടക്കാര്‍ ദേവാലയാധികാരികള്‍ക്ക് കൈക്കൂലി കൊടുത്ത് കച്ചവടം ദേവാലയത്തിന് അകത്തേക്ക് മാറ്റി. അങ്ങനെ വിജാതീയരുടെ സദസ്സ് അശുദ്ധവും ബഹളമയവും അനീതി നിറഞ്ഞതും ആയിത്തീര്‍ന്നു.
വിദൂര ദേശങ്ങളില്‍ നിന്ന് വരുന്ന തീര്‍ത്ഥാടകര്‍ക്ക് ഒപ്പം ബലിമൃഗങ്ങളെ കൊണ്ടുവരാനുള്ള പ്രയാസം പരിഗണിച്ചാണ് ദേവാലയപരിസരത്തു നിന്ന് ബലിമൃഗങ്ങളെ വാങ്ങുക എന്ന പതിവ് ആരംഭിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്ന് വരുന്നവരാകയാല്‍ അവര്‍ വിദേശീയ നാണയങ്ങള്‍ മാറ്റി പകരം ദേവാലയത്തില്‍ സ്വീകാര്യമായ നാണയം വാങ്ങിയിരുന്നു. അപ്പോള്‍ എന്തു കൊണ്ടാണ് യേശു ഇതില്‍ പ്രകോപിതനായത്?
ഒലീവ് മലയില്‍ നടന്നിരുന്ന കച്ചവടവും പണകൈമാറ്റവും ദേവാലയത്തിലേക്ക് മാറ്റിയതില്‍ യേശു ഒട്ടും സന്തുഷ്ടനായിരുന്നില്ല. ഇത് നേരത്തെ മനസ്സില്‍ സൂക്ഷിച്ചിരുന്ന യേശു തന്റെ അനിഷ്ടം അറിയിക്കാന്‍ ഒരു അവസരം പാര്‍ത്തിരുന്നതാവാം. വാസ്തവത്തില്‍ ഈ കച്ചവടക്കാര്‍ ദൈവത്തിന്റെ ഭവനത്തെ അപമാനിക്കുകയും അവിടെ ആരാധനായോഗ്യമല്ലാതാക്കുകയും ചെയ്തിരുന്നു. അവിടെ നടന്നിരുന്ന ചൂഷണങ്ങള്‍ക്കും യേശു എതിരായിരുന്നു. നാണയമാറ്റത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം സേവനം ആയിരുന്നെങ്കിലും പലപ്പോഴും അവര്‍ തീര്‍ത്ഥാടകരില്‍ നിന്ന് അമിതമായ പണം ഈടാക്കിയിരുന്നു. ഇതെല്ലാം കണ്ട് യേശുവിലെ വിപ്ലകാരി ഉണര്‍ന്നു.
വിജാതീയരുടെ സദസ്സില്‍ കയര്‍ വിറ്റിരുന്നതിനാല്‍ യേശു അവിടെ നിന്നു തന്നെ ഒരു കയര്‍ എടുത്ത് ചമ്മട്ടിയാക്കി. മൃഗങ്ങളെയും കച്ചവടക്കാരെയും അവന്‍ പുറത്തേക്ക് പായിച്ചു. അത് ഒരു ഏകാംഗ വിപ്ലവമായിരുന്നു. യേശു അതിനകം ഒരു പ്രവാചകനായും അത്ഭുതപ്രവര്‍ത്തകനായും അറിയപ്പെട്ടിരുന്നതിനാലും അവിടുത്തെ മുഖഭാവത്തിന്റെ തീക്ഷണതയാലും ആവാം കച്ചവടക്കാരാരും യേശുവിനോട് എതിരിടാന്‍ ധൈര്യപ്പെടിതിരുന്നത്.
പ്രാവുകളെ വിറ്റിരുന്നവരോട് കുറച്ചു കൂടി സൗമ്യനായിരുന്നു യേശു. ഇവയെ ഇവിടെ നിന്ന് എടുത്തു കൊണ്ടു പോകുവിന്‍ എന്നാണ് യേശു പറയുന്നത്. എന്റെ പിതാവിന്റെ ആലയം നിങ്ങള്‍ കച്ചവട സ്ഥലമാക്കരുത് എന്നു കൂടി അവിടുന്ന് പറയുന്നു. തന്റെ പിതാവിന്റെ സ്ഥലം എന്ന് പറഞ്ഞു കൊണ്ട് താന്‍ ദൈവപുത്രനാണെന്ന് യേശു പ്രഖ്യാപിക്കുകയാണ്.
യേശുവിന്റെ ധീരമായ പ്രവൃത്തി കണ്ടപ്പോള്‍ ശിഷ്യന്മാര്‍ സങ്കീര്‍ത്തനത്തിലെ ദൈവവചനം ഓര്‍ത്തു: അവിടുത്തെ ആലയത്തെ കുറിച്ചുള്ള എന്നെ വിഴുങ്ങിക്കളഞ്ഞു. (സങ്കീര്‍. 69.9).
യേശുവിന്റെ തീക്ഷണമായ പ്രവര്‍ത്തി കണ്ട് യഹൂദര്‍ ഞെട്ടിപ്പോയി. തന്റെ പിതാവിന്റെ ആലയം എന്നു പറഞ്ഞ് താന്‍ ദൈവപുത്രനാണ് എന്ന് അവിടുന്ന് പ്രഖ്യാപിക്കുക കൂടി ചെയ്തു. യഹൂദര്‍ അപ്പോള്‍ യേശുവിന്റെ അധികാരത്തിന് തെളിവ് ചോദിക്കുകയാണ്.
ഇതെല്ലാം ചെയ്യാന്‍ നിനക്ക് അധികാരം ഉണ്ടെന്നതിന് എന്തടയാളമാണ് നീ കാണിക്കാന്‍ പോകുന്നത്്?
അതിന് മറുപടിയായി യേശു പറയുന്നത് തന്റെ ശരീരമാകുന്ന ദേവാലയത്തെ കുറിച്ചാണ്: ഈ ദേവാലയം നശിപ്പിക്കുക. മൂന്നു ദിവസത്തിനകം ഞാന്‍ അത് പുനരുദ്ധരിക്കും. യഹൂദര്‍ ആ വാക്കുകള്‍ ഭൗതികമായ അര്‍ത്ഥത്തിലാണ് മനസ്സിലാക്കിയതെങ്കിലും യേശു പറഞ്ഞത് തന്റെ ശരീരമാകുന്ന ദേവാലത്തെ കുറിച്ചാണ്. ദൈവസാന്നിധ്യം ജനമധ്യേ പകരുന്നതാണ് ദേവാലയം. ആ അര്‍ത്ഥത്തി്ല്‍ യേശുവാണ് യഥാര്‍ത്ഥ ദേവാലയം.
ഒരു വ്യക്തിയുടെ ആത്മാവ് അഥവാ ജീവന്‍ കുടികൊള്ളുന്ന ആലയമാണ് ശരീരം. ആത്മാവ് പോകുമ്പോള്‍ ശരീരം അഴുകുന്നു. എന്നാല്‍ യേശു ദൈവമാണ്. ദൈവ വചനം മാംസം ധരിച്ചതാണ്. അപ്രകാരം അവിടുത്തെ ശരീരം ദേവാലയം തന്നെയാണ്. യേശു പ്രവചിച്ചതു പോലെ ആ ശരീരം മരണത്തിന്റെ മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റു. യേശു പറഞ്ഞതിന്റെ ശരിയായ അര്‍ത്ഥം ശിഷ്യന്മാര്‍ മനസ്സിലാക്കിയത് യേശുവിന്റെ പുനരുദ്ധാനത്തിന് ശേഷമാണ്.
സന്ദേശം
യേശു പതിവായി ദേവാലയത്തിലെയും സിനഗോഗിലെയും ശുശ്രൂഷകളില്‍ പങ്കെടുക്കുമായിരുന്നു. കുട്ടിയായിരുന്നപ്പോള്‍ മാതാപിതാക്കളോടൊപ്പം ദേവാലയത്തില്‍ പോകുന്നത് നാം വായിക്കുന്നു. നമ്മുടെ കുട്ടികള്‍ പതിവായി ദേവാലയ ശുശ്രൂഷകളില്‍ പങ്കെടുക്കണം എന്ന് നാം എത്ര നിഷ്‌കര്‍ഷ വയ്ക്കാറുണ്ട്?
ജറുസേലം ദേവാലയം അശുദ്ധമായി കിടക്കുന്നത് കണ്ട് യേശു കോപം കൊണ്ട് ജ്വലിച്ചു. നമ്മുടെ പള്ളികള്‍ ആരാധനയ്ക്ക് അനുയോജ്യമാം വിധം പരിശുദ്ധമായി നാം സൂക്ഷിക്കാറുണ്ടോ?
ജ്ഞാനസ്‌നാനവും മറ്റു കൂദാശകളും സ്വീകരിച്ച് വിശുദ്ധീകരിക്കപ്പെട്ട ചില മനുഷ്യര്‍ പിന്നീട് പാപകരമായ പ്രവര്‍ത്തികള്‍ വഴി തങ്ങളുടെ ശരീരമാകുന്ന പരിശുദ്ധാത്മാവിന്റെ ആലയം അശുദ്ധമാക്കാറുണ്ട്. അവര്‍ക്കു വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.
ഇതു വരെ യേശുവിനെ കുറിച്ച് കേള്‍ക്കുകയോ തങ്ങള്‍ പരിശുദ്ധാത്മാവിന്റെ ആലയം ആണെന്ന് മനസ്സിലാക്കുകയോ ചെയ്യാത്ത അനേകരുണ്ട്. സുവിശേഷവല്‍ക്കരണത്തിന്റെ വിജയത്തിനു വേണ്ടിയും മിഷണറിമാര്‍ക്കു വേണ്ടിയും നമുക്ക് പ്രാര്‍ത്ഥിക്കാം.
പ്രാര്‍ത്ഥിക്കാം
ക്രിസ്തുനാഥാ,
ഞങ്ങള്‍ക്ക് അങ്ങ് ദാനമായി നല്‍കിയിരിക്കുന്ന ഈ ശരീരം പരിശുദ്ധാത്മാവിന്റെ ആലയമാണല്ലോ. ഞങ്ങളുടെ ശരീരമാകുന്ന ആലയം പലപ്പോഴും ഞങ്ങള്‍ കവര്‍ച്ചക്കാരുടെ ഗുഹ പോലെ ആക്കിയിട്ടുണ്ടെന്ന് ഞങ്ങള്‍ അനുതാപത്തോടെ ഏറ്റു പറയുകയും അങ്ങയോട് മാപ്പു ചോദിക്കുകയും ചെയ്യുന്നു. അതു പോലെ തന്നെ, അവിടുത്തെ തിരുസാന്നിധ്യം വാഴുന്ന ദേവാലയങ്ങളില്‍ ഭക്തിയില്ലാതെ പെരുമാറുകയും ചെയ്തിട്ടുണ്ട്. അത്തരം സന്ദര്‍ഭങ്ങളെ ഓര്‍ത്ത് ഞങ്ങള്‍ അങ്ങയുടെ പൊറുതി യാചിക്കുന്നു. ഈ ശരീരത്തെ വിശുദ്ധമായ സംരക്ഷിക്കുവാനും അതുപോലെ വിശുദ്ധസ്ഥലങ്ങളില്‍ അവ അര്‍ഹിക്കുന്ന ബഹുമാനത്തോടെ പെരുമാറുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ.
ആമ്മേന്‍
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.