സംവാദം: സത്യത്തിലേക്കും ഉപവിയിലേക്കുമുള്ള പാത: സിബിസിഐ
ബംഗളൂരുവിൽ നടന്ന ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ)യുടെ ദ്വൈവാർഷിക സമ്മേളനം പുറപ്പെടുവിച്ച പ്രസ്താവന)
ഭാരത കത്തോലിക്കാ മെത്രാൻ സമിതിയിലെ അംഗങ്ങളായ ഞങ്ങൾ 192 പേർ ബംഗളൂരുവിലെ സെന്റ് ജോൺസ് നാഷണൽ അക്കാഡമി ഓഫ് ഹെൽത്ത് സയൻസസിൽ ഫെബ്രുവരി 13 മുതൽ 19 വരെ 34-ാമതു പ്ലീനറി അസംബ്ലിക്കായി സമ്മേളിച്ചു. യേശുക്രിസ്തുവിനോടുള്ള വിശ്വസ്തതയിലും നമ്മുടെ പ്രിയപ്പെട്ട മാതൃഭൂമിയോടുള്ള വിട്ടുവീഴ്ചയില്ലാത്ത കൂറോടുംകൂടി എന്നും പ്രസക്തമായ ‘സംവാദം: സത്യത്തിലേക്കും ഉപവിയിലേക്കുമുള്ള പാത’ എന്ന വിഷയം ധ്യാനിക്കുകയും മനനം ചെയ്യുകയും ചർച്ച ചെയ്യുകയും ചെയ്തു. ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാൻ (മർക്കോസ് 10:48) വന്ന ക്രിസ്തുവിന്റെ മാതൃകയിൽ നമ്മുടെ ജനത്തിന്റെ ശുശ്രൂഷാ നേതാക്കളാകാനുള്ള ചൈതന്യം പുതുക്കാനും ശ്ലൈഹിക ശുശ്രൂഷയുടെ ഗുണനിലവാരം ആത്മാർഥമായി വിലയിരുത്താനും ഞങ്ങൾ ശ്രമിച്ചു.
യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന സമൂഹമായ സഭയുടെ ഹൃദയത്തിൽ തന്നെ ഉൾച്ചേർന്നിരിക്കുന്നതാണു സർവാശ്ലേഷിയായ സംവാദം. ക്രിസ്തീയ വിശ്വാസത്തിന്റെ അന്തഃസത്തയോടു ചേർന്നതാണു സംവാദം. സഭയുടെ ചരിത്രത്തിലുടനീളം വിവിധ തലങ്ങളിൽ സംവാദത്തിനു സഭ ആത്മാർഥമായ പരിശ്രമങ്ങൾ നടത്തിയിട്ടുണ്ട്. പൗരസമൂഹത്തിലും രാഷ്ട്രഗാത്രത്തിലും ജീവിക്കുന്ന മനുഷ്യരുടെ കൂട്ടായ്മയായ സഭ ഇന്ത്യയുടെ വിശ്വസ്ത പൗരരായിരിക്കാൻ എല്ലാവരെയും നിരന്തരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസം, ആരോഗ്യ സേവനം, സാമൂഹ്യ പരിവർത്തനം തുടങ്ങിയ മേഖലകളിൽ സഭയുടെ ഗണ്യമായ സംഭാവനകളെ ഇന്ത്യൻ ജനത എന്നും തുറന്ന് അംഗീകരിച്ചിട്ടുള്ളതാണ്.
ഇന്ത്യ: നാനാത്വത്തിലെ ഏകത്വം
ഇന്ത്യൻ സമൂഹത്തിന്റെ മുഖമുദ്രയാണ് ഇവിടത്തെ ബഹുസ്വരത. ചരിത്രാതീതകാലം മുതലേ, ശക്തമായ ഇന്ത്യൻ സ്വത്വത്തോടുകൂടിയ വിവിധ മതങ്ങളുടെയും സംസ്കാരങ്ങളുടെയും ഭാഷകളുടെയും കൂട്ടായ്മയായിരുന്നു ഇന്ത്യ. നമ്മെ വിഭജിക്കുന്നവയേക്കാൾ ശക്തവും ആഴത്തിലുള്ളതുമായിരുന്നു നമ്മെ ഒന്നിപ്പിക്കുന്ന ഘടകങ്ങൾ. അതിന്റെ ആമുഖത്തിൽ ഉദ്ദർശനം ചെയ്യുന്നതുപോലെ പൗരന്മാർക്കെല്ലാം നീതിയും സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും ലഭ്യമാക്കാൻ ശ്രമിക്കുന്ന പരമാധികാര സ്ഥിതിസമത്വ, മതേതര, ജനാധിപത്യ റിപ്പബ്ലിക്കിന്റെ ഭരണഘടനയിൽ നാമെല്ലാം അഭിമാനിക്കുന്നു. നീതി എന്നതു സാമൂഹ്യവും സാന്പത്തികവും രാഷ്ട്രീയവുമായി വിവക്ഷിക്കപ്പെട്ടിരിക്കുന്നു. സ്വാതന്ത്ര്യം എന്നതു ചിന്തയിലും അഭിപ്രായപ്രകടനത്തിലും ബോധ്യങ്ങളിലും മതവിശ്വാസത്തിലും ആരാധനയിലുമുള്ള സ്വാതന്ത്ര്യമായി വിശദീകരിച്ചിരിക്കുന്നു; സമത്വമെന്നത് പദവിയിലും അവസരങ്ങളിലുമുള്ള സമത്വമായി മനസിലാക്കിയിരിക്കുന്നു. വ്യക്തികളുടെ സാഹോദര്യവും അന്തസും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും പരിപോഷിപ്പിക്കുന്ന ഇന്ത്യൻ സ്വത്വത്തിന്റെ ചൈതന്യം ഈ ഭരണഘടനാ മൂല്യങ്ങളിലാണു കുടികൊള്ളുന്നത്. ഭരണഘടനയിലെ ഈ ഉദാത്തമായ മാനവദർശനത്തിന്റെ അടിത്തറ ഇളക്കാനുള്ള ഏതു ശ്രമങ്ങൾക്കുമെതിരേ എല്ലാ പൗരന്മാരും നിതാന്തജാഗ്രത പുലർത്തേണ്ടതുണ്ട്. എങ്കിലേ നമ്മുടെ രാജ്യം എന്നും ഐക്യത്തിൽ നിലകൊള്ളൂ.
ബൈബിളിലെ അടിത്തറ
ജനങ്ങൾക്കും സംസ്കാരങ്ങൾക്കുമിടയിൽ സംവാദത്തിന്റെ ആവശ്യകത നമുക്കു മനസിലാക്കിത്തരുന്ന നിരവധി ചിന്താസരണികൾ ബൈബിൾ ഭാഗങ്ങളിൽ ഉണ്ട്. മറ്റു മതങ്ങളുമായുള്ള സംവാദം ബൈബിളിലൂടെയുള്ള ദൈവിക വെളിപ്പെടുത്തലിന്റെ അനിവാര്യ ഭാഗമാണ്. ത്രിത്വമായി – എല്ലാറ്റിന്റെയും സ്രഷ്ടാവായ ദൈവം, പ്രപഞ്ചം മുഴുവനും നിറഞ്ഞിരിക്കുന്ന ദൈവാത്മാവ്, എല്ലാ മനുഷ്യരുടെയും രക്ഷകനായ യേശു - ദൈവത്തെ വിശ്വസിക്കുന്നതിൽ രൂഢമൂലമാണു സംവാദത്തിന്റെ ഭിന്നവശങ്ങൾ.
സുവിശേഷങ്ങളിൽ യേശുവും ജനങ്ങളുമായുള്ള ഇടപെടലുകൾ, ദൈവമാണ് എല്ലാവരുടെയും പിതാവ് എന്നു വെളിപ്പെടുത്തുന്നതാണ്. വംശം, ലിംഗം, നിറം, വർഗം, ഭാഷ, വിശ്വാസം തുടങ്ങിയ വ്യത്യാസങ്ങളൊന്നും പരിഗണിക്കാതെ ദൈവത്തിന്റെ സ്നേഹം എല്ലാവരെയും ഉൾക്കൊള്ളുന്ന ദൈവരാജ്യമാണു യേശു പ്രസംഗിച്ചത്. നീതി, സമത്വം, സ്നേഹം, ക്ഷമ, സമാധാനം എന്നിവ നിറഞ്ഞ ഒരു സമൂഹം കെട്ടിപ്പടുക്കാനാണു യേശുവിന്റെ സദ്വാർത്ത മനുഷ്യനെ ആഹ്വാനം ചെയ്യുന്നത്. നമ്മൾ കർത്താവിനോടു തുറവിയുള്ളവരാകുകയും അവിടത്തെ വാക്കുകളോടും ചെയ്തികളോടും പ്രതിബദ്ധരാവുകയും സത്യത്തിലേക്കും ഉപവിയിലേക്കുമുള്ള വഴി തുറക്കുന്ന അവിടത്തെ മരണത്തിന്റെയും ഉത്ഥാനത്തിന്റെയും രഹസ്യത്തിൽ ജീവിക്കുകയും ചെയ്യുന്പോഴാണു സംവാദം ആരംഭിക്കുന്നതും വളരുന്നതും.
ഉദാഹരണമായി, സമരിയാക്കാരി സ്ത്രീയുമായുള്ള സംഭാഷണത്തിലാണു സത്യത്തിലും ആത്മാവിലും ദൈവത്തോടു ബന്ധപ്പെടുന്നതിന്റെ യഥാർഥ മാനങ്ങൾ വെളിപ്പെടുത്തുന്നത്. ജീവനെപ്പറ്റിയുള്ള സംവാദത്തിൽ തുടങ്ങി കർമത്തെപ്പറ്റിയുള്ള സംവാദത്തിലൂടെ മതാനുഭവം പങ്കുവയ്ക്കുന്നതിനെപ്പറ്റിയുള്ള സംവാദത്തിലേക്ക് എത്തുന്നു. അതിലൂടെ സത്യത്തിനു സാക്ഷ്യം വഹിക്കുന്നതിലേക്കു സംവാദം നയിക്കുന്നു.
സഭാപ്രബോധനങ്ങൾ
പരസ്പരവും മറ്റുള്ളവരുടെയും മതപാരന്പര്യത്തെ ആദരിക്കുന്നതിനു സഭ വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നു. അതുവഴി സമാധാനവും സൗഹാർദവും വളർത്തുന്നതിൽ സഹകരിക്കാനും പൊതുനന്മയ്ക്കായി പ്രവർത്തിക്കാനും സഭ പ്രോത്സാഹനം നൽകുന്നു. സമൂഹത്തിൽ സമാധാനം സ്ഥാപിക്കാനായി സന്മനസുള്ള എല്ലാവരെയും ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്യുന്നു. “ദൈവത്തിൽ വിശ്വസിക്കുന്ന എല്ലാവരെയും ഐക്യപ്പെടുന്നതിനും ഒന്നിച്ചു പ്രവർത്തിക്കുന്നതിനും, അതുവഴി എല്ലാ മനുഷ്യരെയും സഹോദരീസഹോദരന്മാരാക്കുന്ന മഹത്തായ ദൈവകൃപയെപ്പറ്റിയുള്ള അവബോധത്തിലൂടെ പരസ്പര ബഹുമാനത്തിന്റെ ഒരു സംസ്കാരത്തിലേക്കു ഭാവിതലമുറയെ നയിക്കാനുള്ള മാർഗരേഖയായി മാറാനും, സൃഷ്ടവസ്തുക്കളെല്ലാറ്റിനെയും പ്രപഞ്ചത്തെയും പരിരക്ഷിച്ചുകൊണ്ട് മാനവസാഹോദര്യം പ്രകടമാക്കുന്നതിന് എല്ലാവരെയും, വിശിഷ്യ ഏറ്റവും ദരിദ്രരായവരെയും സഹായം ഏറ്റവും ആവശ്യമായവരെയും സംരക്ഷിക്കുന്നതിനും ക്ഷണിക്കുന്നു.” (മാനവസാഹോദര്യത്തെപ്പറ്റിയുള്ള രേഖ, അബുദാബിയിൽവച്ച് 2019 ഫെബ്രുവരി നാലിന് ഒപ്പുവച്ചത്)
സഭയുടെ വിളിയിൽ തന്നെയാണു സംവാദത്തിന്റെ വേര്. സംവാദത്തോടു തുറവിയുള്ളവരാകുക എന്നാൽ സ്വന്തം മതപാരന്പര്യത്തിൽ അടിയുറച്ചു നിൽക്കുകയാണ്. വിശ്വാസികൾ സംവാദത്തിലൂടെയാണ് പരസ്പരം ജീവിതത്തിന്റെ ആഴം മനസിലാക്കുക.
സംസ്കാരങ്ങളോടും മതങ്ങളോടുമുള്ള സംവാദം
ഇന്ത്യയിലുള്ള എല്ലാ സമുദായങ്ങൾക്കും അവരുടേതായ സാംസ്കാരികത്തനിമ സമൃദ്ധമായി ഉണ്ട്. അവ എന്തു വിലകൊടുത്തും ബഹുമാനിക്കപ്പെടേണ്ടതാണ്. ഏകീഭാവം കൊണ്ടുവരാനും ഏക സാംസ്കാരിക മാതൃക അടിച്ചേല്പിക്കാനുമുള്ള ശ്രമങ്ങൾ നമ്മുടെ രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തിനു ഗുരുതര ഭീഷണിയാണുയർത്തുന്നത്. മനുഷ്യവ്യക്തിയുടെ പ്രഥമസ്ഥാനം അംഗീകരിക്കാതെ, സംസ്കാരത്തെപ്പറ്റി പ്രസക്തമായ സംവാദം സാധിക്കില്ലെന്നാണു നമ്മുടെ ഭരണഘടനതന്നെ ഉദ്ദർശിക്കുന്നത്. ഏതു സംസ്കാരത്തിലും മതത്തിലും പെട്ടവരെയും മതവിശ്വാസമില്ലാത്തവരെയും പരസ്പര ബഹുമാനത്തോടെ ആദരിക്കുന്പോഴാണ് മാനവസാഹോദര്യത്തിലേക്ക് എത്തിച്ചേരുക.
ഒരു സംസ്കാരവും മതവും മറ്റുള്ളവയുടെമേൽ വാഴ്ച നടത്തിക്കൂടാ. ഒരു അധീശ സംസ്കാരം ഏതെങ്കിലും സംസ്കാരങ്ങളെ കീഴ്പ്പെടുത്തുന്പോൾ രാജ്യത്തു നിലനിൽക്കുന്ന സാഹോദര്യവും സൗഹാർദവുമാണു നശിക്കുന്നത്. “തന്നെയും തന്റെ വിഭാഗത്തെയും മറ്റെല്ലാറ്റിനും മീതെ ഉയർത്തിപ്പടിക്കാനുള്ള മോഹത്തിലേക്കു വഴുതിവീഴുന്ന വ്യക്തിവാദമാണു സാഹോദര്യത്തിന്റെ ശത്രു. മറ്റുള്ളവയെ ശത്രുക്കളും എതിരാളികളും ആയി കണക്കാക്കുന്നതിന് ആവർത്തിച്ചുണ്ടാകുന്ന പ്രലോഭനങ്ങളിൽനിന്നു ശുദ്ധീകരിക്കാൻ മതജീവിതത്തിൽ നിരന്തരം ശ്രദ്ധ വേണം.” (മാനവസാഹോദര്യത്തെപ്പറ്റിയുള്ള രേഖ).
(തുടരും)
ജനിച്ചിട്ടില്ലാത്തവരുമായുള്ള സംവാദം
ജനിച്ചവരുമായി മാത്രം ചുരുങ്ങേണ്ടതല്ല സംവാദം. ഇനിയും ജനിച്ചിട്ടില്ലാത്തവരുടെ ജീവിക്കാനുള്ള അവകാശം കൂടി ഗൗരവമായി കണക്കാക്കേണ്ടിയിരിക്കുന്നു. ഗർഭധാരണത്തിന്റെ നിമിഷം മുതലേ ജീവനെ ഒരു വ്യക്തിയെന്നപോലെ ആദരിക്കുകയും പരിഗണിക്കുകയും വേണമെന്നും ഓരോ മനുഷ്യജീവനും അതിൽത്തന്നെ മഹത്വമുണ്ടെന്നും അതിനാൽ ഗർഭപാത്രം മുതൽ കല്ലറ വരെ ഒരു മനുഷ്യവ്യക്തിക്കുവേണ്ടി ആദരം നൽകണമെന്നും ഞങ്ങൾ വിശ്വസിക്കുന്നു.
ആറുമാസം വരെ ഗർഭഛിദ്രം നിയമവിധേയമാക്കാനുള്ള നീക്കം, ജനിച്ചിട്ടില്ലാത്തവരുടെ ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്ന കടുത്ത അനീതിയായി അപലപിക്കപ്പെടേണ്ടതാണ്. പാർലമെന്റിൽ അവതരിപ്പിച്ചിരിക്കുന്ന നിർദിഷ്ട ബിൽ അടിയന്തരമായി പിൻവലിക്കണമെന്നു ഞങ്ങൾ അധികാരികളോട് അഭ്യർഥിക്കുന്നു.