ക്രിസ്തുവിന്റെ 25000 ചിത്രങ്ങളുമായി ലോറന്‍സ് മാമ്മന്‍
കൊച്ചി: ക്രിസ്തുവിന്റെ വ്യത്യസ്തഭാവങ്ങൾ ആവിഷ്കരിക്കുന്ന 25,000 വൈവിധ്യ ചിത്രങ്ങളുമായി പ്രവാസി മലയാളിയുടെ ഫോട്ടോ പ്രദർശനം. ദുബായിൽ സ്വകാര്യ കന്പനി ഉദ്യോഗസ്ഥനായ ചങ്ങനാശേരി തുരുത്തി സ്വദേശി ലോറൻസ് മാമനാണ് വേറിട്ട ചിത്രശേഖരം ഒരുക്കിയത്.
കുഞ്ഞുനാൾ മുതൽ ശേഖരിച്ചവയ്ക്കൊപ്പം, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു സമാഹരിച്ച ചിത്രങ്ങളും ലോറൻസിന്റെ ശേഖരത്തിലുണ്ട്. ലോകത്തിലെ ഏറ്റവും വിലയേറിയ ചിത്രമെന്നറിയപ്പെടുന്ന അബുദാബി ലൂവർ മ്യൂസിയത്തിലെ സാൽവദോർ മുണ്ടിയുടെ ഫോട്ടോ ഉൾപ്പെടെ മലയാളികൾക്ക് ഏറെ പരിചിതമല്ലാത്ത ക്രിസ്തുചിത്രങ്ങളും ഇതിലുണ്ട്.
ദീർഘനാളത്തെ പരിശ്രമങ്ങൾക്കൊടുവിൽ 25,000 ചിത്രങ്ങൾ പോസ്റ്റ് കാർഡ് വലിപ്പത്തിൽ ക്രമീകരിച്ചാണു പ്രദർശനത്തിനു സജ്ജമാക്കിയത്. 33 അടി നീളവും 10 അടി ഉയരവുമുള്ള ഫാബ്രിക് മെറ്റീരിയലിലാണ് ചിത്രങ്ങൾ ക്രമീകരിച്ചത്. ദുബായിലെ ഡിസൈനർമാരായ വിവേകാനന്ദും ശ്രീജിത്തുമാണു ചിത്രങ്ങൾ ക്രമീകരിക്കാൻ ലോറൻസിനു സഹായമായത്.