നമ്മുടെ വിളക്കുകളിൽ എണ്ണ കരുതിയിട്ടുണ്ടോ? ഫ്രാൻസിസ് പാപ്പാ ചോദിക്കുന്നു
വിവേകമതികളും വിവേകശൂന്യകളുമായ കന്യകകൾ
വിവാഹാഘോഷം രാത്രിയിൽ നടത്തുക യേശുവിൻറെ കാലത്ത് പതിവായിരുന്നു; ആകയാൽ അതിഥികൾ വിളക്കുകൊളുത്തി ഘോഷയാത്ര നടത്തേണ്ടിയിരുന്നു. മണവാളനെ എതിരേല്ക്കേണ്ടിയിരുന്ന കന്യകമാരിൽ ചിലർ വിവേകശൂന്യകളായിരുന്നു. അവർ വിളക്കുകൾ എടുത്തു, പക്ഷേ എണ്ണ കരുതിയില്ല. എന്നാൽ വിവേകമതികളായിരുന്ന കന്യകകൾ വിളക്കുകൾക്കൊപ്പം എണ്ണയും എടുത്തു. മണവാളൻ വൈകുന്നു, വരാൻ താമസിക്കുന്നു. കന്യകകൾ ഉറങ്ങിപ്പോകുന്നു. എന്നാൽ മണവാളൻ വരുന്നു എന്ന മുന്നറിയിപ്പുണ്ടായപ്പോൾ തങ്ങളുടെ വിളക്കുകളിൽ എണ്ണയില്ലെന്ന് ഭോഷകളായ കന്യകമാർ മനസ്സിലാക്കുന്നു. വിവേകമതികളായ കന്യകകളോട് അവർ എണ്ണ ചോദിക്കുന്നു, എന്നാൽ അതു നല്കാനാകില്ലെന്ന് അവർ പ്രത്യുത്തരിക്കുന്നു. കാരണം അത് ആർക്കും തികയാതെവരും. അങ്ങനെ വിവേകശൂന്യകളായ കന്യകകൾ എണ്ണവാങ്ങാൻ പോകുന്നസമയത്ത് മണവാളൻ ആഗതനാകുന്നു. വിവേകമതികൾ മണവാളനുമൊത്ത് വിവാഹവിരുന്നിന് ശാലയിൽ പ്രവേശിക്കുകയും ശാലയുടെ വാതിൽ അടയ്ക്കുകയും ചെയ്യുന്നു. വളരെ വൈകിയെത്തിയ കന്യകമാർക്ക് ശാലയിൽ പ്രവേശനം നിഷേധിക്കപ്പെടുന്നു.
സദാ ഒരുക്കമുള്ളവരായിരിക്കുക
ഈ ഉപമയിലൂടെ യേശു നമ്മോടു പറയാൻ ഉദ്ദേശിക്കുന്നത് സുവ്യക്തമാണ്, അതായത്, അവിടന്നുമായുള്ള കൂടിക്കാഴ്ചയ്ക്ക് നാം ഒരുങ്ങിയിരിക്കണം. അവസാന കൂടിക്കാഴ്ചയ്ക്കു മാത്രല്ല, ആ സമാഗമത്തിനു മുന്നോടിയായ ചെറുതും വലുതുമായ ദൈനംദിന കൂടിക്കാഴ്ചകൾക്കും നാം ഒരുക്കമുള്ളവരായിരിക്കണം. അതിന് വിശ്വാസ വിളക്ക് മാത്രം പോരാ, പിന്നെയോ, ഉപവിയും സൽക്കർമ്മങ്ങളുമാകുന്ന എണ്ണയും ആവശ്യമാണ്. യേശുവിനോടു നമ്മെ യഥാർത്ഥത്തിൽ ഐക്യപ്പെടുത്തുന്ന വിശ്വാസം, പൗലോസലപ്പസ്തോലൻ പറയുന്നതുപോലെ “സ്നേഹത്തിലൂടെ പ്രവർത്തന നിരത”മാകുന്നതാണ്” (ഗലാത്തിയർ 5,6). വിവേകമതികളായ കന്യകകളുടെ മനോഭാവം പ്രതിനിധാനം ചെയ്യുന്നത് ഇതാണ്. ജ്ഞാനികളും വിവേകമുള്ളവരും ആയിരിക്കുക എന്നതിനർത്ഥം ദൈവകൃപയോടു പ്രത്യുത്തരിക്കുന്നതിന് അവസാന നിമിഷം വരെ കാത്തിരിക്കാതെ, ഉടൻ, ഇപ്പോൾത്തന്നെ അതു കർമ്മോത്സുകതയോടെ നിറവേറ്റുക എന്നതാണ്. ഇപ്പോൾത്തന്നെ അതിന് തുടക്കമിടുക. “ഞാൻ,,, പിന്നീട്, മാനസ്സാന്തരപ്പെട്ടുകൊള്ളാം….. അതു പോരാ, നീ ഇന്നു തന്നെ മാനസ്സാന്തരപ്പെടുക, ജീവിതം മാറ്റുക… നാളെ ഞാൻ മാറിക്കോളാം, എന്നു പറയുന്നവൻ അതു തന്നെ നാളെയും ആവർത്തിക്കുന്നു. അങ്ങനെ അത് ഒരിക്കലും സംഭവിക്കില്ല. ഇന്നു തന്നെ മാറുക! കർത്താവുമായുള്ള അന്ത്യകൂടിക്കാഴ്ചയ്ക്ക് ഒരുക്കമുള്ളവരായിരിക്കണമെങ്കിൽ നാം ഇപ്പോൾ മുതൽ തന്നെ അവിടത്തോട് സഹകരിക്കുകയും അവിടത്തെ സ്നേഹത്താൽ പ്രചോദിതമായ സൽക്കർമ്മങ്ങൾ ചെയ്യുകയും വേണം.
ജീവിതലക്ഷ്യം മറന്നു പോകുന്ന നമ്മൾ
ദൗർഭാഗ്യവശാൽ, നമ്മുടെ ജീവിതലക്ഷ്യം, അതായത്, ദൈവവവുമായുള്ള നിയതമായ കൂടിക്കാഴ്ച നാം വിസ്മരിക്കുന്നു. അങ്ങനെ കാത്തിരിപ്പിനെക്കുറിച്ചുള്ള അവബോധം കൈമോശം വരുകയും വർത്തമാനകാലത്തെ കേവലമാക്കിത്തീർക്കുകയും ചെയ്യുന്നുവെന്നു നമുക്കറിയാം. ഒരുവൻ വർത്തമാനകാലത്തെ പരമമായി കാണുമ്പോൾ അതിലേക്കു മാത്രം നോക്കുകയും കാത്തിരിപ്പിനെക്കുറിച്ചുള്ള അവബോധം നഷ്ടമാകുകയും ചെയ്യുന്നു. പ്രതീക്ഷ ഏറെ സുന്ദരമാണ്, അത്യധികം ആവശ്യവുമാണ്. അതു നമ്മെ ഇന്നിൻറെ വൈരുദ്ധ്യങ്ങളിൽ നിന്നു പുറത്തുകൊണ്ടുവരുകയും ചെയ്യുന്നു. പ്രത്യാശാബോധം നഷ്ടമാകുന്ന ഈ മനോഭാവം ഇഹലോകത്തിനപ്പുറമുള്ളതിനെക്കുറിച്ചുള്ള പ്രതീക്ഷകളെയെല്ലാം തടയുന്നു. മറ്റൊരു ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കരുത് എന്ന മട്ടിലാണ് എല്ലാം ചെയ്യുക. അപ്പോൾ സകലവും സ്വന്തമാക്കുന്നതിലും ഉയർച്ചയിലെത്തുന്നതിലും സ്വന്തം കാര്യങ്ങൾ ഉറപ്പുവരുത്തുന്നതിലും മാത്രമായിരിക്കും ശ്രദ്ധ. എന്നും കൂടുതൽ ശ്രദ്ധ അവയിലായിരിക്കും. കൂടുതൽ ആകർഷകങ്ങളായവയാൽ, നമുക്കിഷ്ടപ്പെട്ടവയാൽ, നമ്മുടെ സ്വാർത്ഥതാൽപ്പര്യങ്ങളാൽ നയിക്കപ്പെടാൻ നാം നമ്മെത്തന്നെ വിട്ടുകൊടുക്കുമ്പോൾ നമ്മുടെ ജീവിതം ഫലശൂന്യമാകും, നാം നമ്മുടെ വിളക്കിനാവശ്യമായ എണ്ണ കരുതിവയ്ക്കില്ല. കർത്താവുമായുള്ള കൂടിക്കാഴ്ചയ്ക്കു മുമ്പുതന്നെ വിളക്ക് അണഞ്ഞുപോകും. നാം ഇന്നു ജീവിക്കണം, നാളേയ്ക്കു നീങ്ങുന്ന ഇന്ന്, ആ കൂടക്കാഴ്ചയിലേക്കു നീങ്ങുന്ന ഇന്ന്, പ്രത്യാശാഭരിതമായ ഇന്ന്. നാം ജാഗരൂഗരായിരിക്കുകയും ദൈവകൃപയ്ക്ക് അനുസൃതമായി വർത്തിക്കുകയും ചെയ്യുകയാണെങ്കിൽ നമുക്കു മണവാളൻറെ ആഗമനം ശാന്തതയോടെ പാർത്തിരിക്കാൻ സാധിക്കും. നാം ഉറക്കത്തിലായിരിക്കുമ്പോഴും കർത്താവിനു വരാൻ സാധിക്കും. അത് നമ്മെ ഉത്ക്കണ്ഠയിലാഴ്ത്തില്ല, കാരണം, ദൈനംദിന സൽക്കർമ്മങ്ങളാൽ, കർത്താവിനായുള്ള കാത്തിരിപ്പിനാൽ, സമാഹരിച്ച, കരുതൽ എണ്ണ നമ്മുടെ കൈവശം ഉണ്ട്. അവിടന്ന് എത്രയും വേഗം ആഗതനാകട്ടെ, നമ്മെ അവിടത്തോടൊപ്പം കൊണ്ടുപോകുന്നതിനായി അവിടന്നു വരട്ടെ.
പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം
കർമ്മനിരതമായ വിശ്വാസം ഏറ്റം പരിശുദ്ധ കന്യക ജീവിച്ചതു പോലെ ജീവിക്കാൻ അവൾ നമ്മെ സഹായിക്കുന്നതിന് അവളുടെ മാദ്ധ്യസ്ഥ്യം നമുക്കു വിളിച്ചപേക്ഷിക്കാം. മരണത്തിനപ്പുറം കടക്കാനും ജീവൻറെ മഹോത്സവത്തിൽ എത്തിച്ചേരാനും നമുക്കു സാധിക്കുന്ന പ്രഭചൊരിയുന്ന വിളക്കാണ് അവൾ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.