സിസ്റ്റര്‍ ക്ളെയര്‍ ക്രോക്കറ്റ്
2016 ഏപ്രില്‍ 26 റിക്ടര്‍ സ്കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇക്വഡോറില്‍ 480 പേരുടെ ജീവന് കവര്‍ന്നു. ‘സെര്‍വന്റ് സിസ്റ്റേഴ്സ് ഓഫ് ദ ഹോം ഓഫ് ദ മദര്‍’ സഭാംഗമായ ക്ളെയര്‍ എന്ന യുവസന്ന്യാസിനി ഹോളി ഫാമിലി വിദ്യാലയത്തിലെ പ്രധാന കെട്ടിടത്തില്‍ ഗിറ്റാര്‍ വായിച്ച് കുട്ടികളെ പാട്ടുപഠിപ്പിക്കുകയായിരുന്നു. ഭൂചലനത്തില്‍ കെട്ടിടം നിലംപൊത്തി. സിസ്റ്റര്‍ ക്ളെയര്‍ അടക്കം അഞ്ച് പോസ്റ്റുലന്റസും മരണമടഞ്ഞു. സന്ന്യാസിനിയുടെ മരണം ഒരു വലിയ ആഘാതമായിരുന്നു.
മരണത്തിനു കുറച്ചു മണിക്കൂറുകള്‍ മുന്‍പ് സിസ്റ്റര്‍ ക്ളെയര്‍ പോസ്റ്റുലന്റ്സിനോട് ഇപ്രകാരം പറയുകയുണ്ടായി, ‘ഞാന്‍ ഏറ്റവും സ്നേഹിക്കുന്ന എന്റെ പ്രിയന്റെ കൂടെ ആയിരിക്കാന്‍ കഴിയുമെങ്കില്‍ ഞാനെന്തിന് മരണത്തെ ഭയപ്പെടണം?’ പുഞ്ചിരി തൂകി സദാ ഗിറ്റാറുമായി ഗാനങ്ങള്‍ ആലപിക്കുന്ന ഈ സന്ന്യാസിനിയെ ഐറിഷ് ലൈവ് വയര്‍ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. സുവിശേഷപ്രഘോഷണത്തില്‍ അവരുടെ സന്തതസഹചാരിയായിരുന്നു ആ ഗിറ്റാര്‍. കണ്ടുമുട്ടിയ എല്ലാവരിലും അവരുളവാക്കിയ മതിപ്പ് പ്രശംസനീയമാണ്.
ക്ളെയറിന്റെ മരണശേഷം അപരിചിതരായ പലരില്‍ നിന്നും സഭയിലേക്ക് ലഭിച്ച സന്ദേശങ്ങള്‍ ഇതിനു ഉദാഹരണമാണ്.ലഭിച്ച എല്ലാ ടെസ്റ്റിമണീസും ശേഖരിച്ച് ഒരു ഡോക്യുമെന്ററി ഉണ്ടാക്കി ക്ളെയറിന്റെ രണ്ടാം ചരമവാര്‍ഷികദിനത്തില്‍ സന്ന്യാസിനിയുടെ ഹോം ടൗണായ ഡെറിയില്‍ പ്രദര്‍ശിപ്പിച്ചു. 33 വയസുള്ള ഒരു സാധാരണ സന്ന്യാസിനിയുടെ അസാധാരണ കഥ വിവരിക്കുന്ന ഓള് ഓര് നത്തിംങ് എന്ന ഡോക്യുമെന്ററി അവരെക്കുറിച്ചുള്ള ഓര്‍മ്മകളുടെ ഒരു സ്നേഹാര്‍പ്പണം കൂടിയാണ്.
ഒരു സാധാരണ ആവറേജ് ടീനേജറായിരുന്ന ക്ളെയര്‍ 1982 നവംബര്‍ 14ന് നോര്‍ത്തേണ്‍ അയര്‍ലന്റിലെ ഡെറിയില്‍ ഒരു കത്തോലിക്കാ കുടുംബത്തില്‍ ജനിച്ചു. പ്രശസ്തയായ ഒരു ഹോളിവുഡ് താരമാകാന്‍ കൊതിച്ച ക്ളെയറിന് പതിനഞ്ചാമത്തെ വയസ്സില്‍ ആദ്യ അവസരം ലഭിച്ചു. ഒരു വര്‍ഷത്തിനകം നിക്കലോഡിയണ് എന്ന ചാനലില്‍ അവതാരകയായി. മദ്യപാനവും പുകവലിയും ജീവിതശൈലിയുടെ ഭാഗമായപ്പോള്‍ അതില്‍ നിന്ന് ഒരു വിടുതലിനാണ് ക്ളെയര്‍ സുഹൃത്തുക്കള്‍ക്കൊപ്പം സ്പെയിനിലേക്ക് യാത്ര നടത്തിയത്. നോമ്പുകാല വാരമായിരുന്നു അത്. വിശുദ്ധവാരത്തിലെ ആദ്യദിനങ്ങള്‍ പുകവലിച്ചും, ആണ്സുഹൃത്തുക്കള്ക്കൊപ്പവും അവള് ചിലവഴിച്ചു. എന്നാല്‍ ദു:ഖവെള്ളിയാഴ്ച ദിവസം അവിചാരിതമായി ദേവാലയത്തില്‍ പോകണമെന്ന് ആരോ പറയുന്നത് കേട്ട് അവള് ദേവാലയത്തിലേക്ക് തിരിച്ചു. ക്ളെയറിനു അവിടെവച്ച് ആദ്യദൈവാനുഭവം ലഭിക്കുന്നു.
എങ്കിലും തിരിച്ച് അയര്‍ലന്റില്‍ എത്തിയ ക്ളെയര്‍ വീണ്ടും സിനിമയുടെ മാസ്മരികലോകത്തേയ്ക്കു ആകര്‍ഷിക്കപ്പെട്ടു. ലൗകീക സുഖഭോഗങ്ങളുടെ പുറകെ അവള് പരക്കം പാഞ്ഞു. മദ്യപിച്ചു ലക്കുകെട്ട ഒരു രാത്രിയില്‍ വീണ്ടും അവള് ദൈവത്തിന്റെ സ്വരം ശ്രവിച്ചു. അന്നു മുതല്‍ ക്ളെയറിന്റെ ജീവിതത്തില്‍ പുതിയ ഒരു അധ്യായം ആരംഭിച്ചു. 2001 ആഗസ്ത് 11ന് ക്ളെയര്‍ സന്ന്യാസിനിയാകാന്‍ തീരുമാനിച്ചു. ക്ളെയറിന്റെ അപ്രതീക്ഷിതമായ ഈ തീരുമാനം ബന്ധുക്കളെയും സുഹൃത്തുക്കളെയും ഒരുപോലെ ഞെട്ടിച്ചു. അങ്ങനെ പതിനെട്ടാമത്തെ വയസ്സില്‍ സെര്‍വന്റ് സിസ്റ്റേഴ്സ് ഓഫ് ദ ഹോം ഓഫ് ദ മദര്‍ എന്ന സഭയില്‍ പ്രവേശിച്ചു. 2010 സെപ്തംബര്‍ എട്ടിന് നിത്യവ്രതവാഗ്ദാനം ചെയ്തു. സുവിശേഷപ്രഘോഷണത്തിനായി ക്ളെയര്‍ ഒരുക്കപ്പെടുകയായിരുന്നു. ആദ്യ അയക്കപ്പെട്ടത് സ്പെയിനിലെ ബെല്മോണ്ടിലാണ്. തനിക്ക് ലഭിച്ച ആത്മീയ വരങ്ങളിലൂടെ അനേകം ആത്മാക്കളെ ദൈവത്തിലേയ്ക്കടുപ്പിക്കാന് ക്ളെയറിനു സാധിച്ചു. കുറച്ചു മാസങ്ങള്‍ക്കുശേഷം യുണൈറ്റഡ് സ്റ്റേറ്റ്സിലെ പുതുതായി രൂപം കൊണ്ട കമ്മ്യൂണിറ്റിയിലേക്ക് ക്ളെയര്‍ അയക്കപ്പെട്ടു.
നിരാശയില്‍ പൂണ്ട ജീവിതങ്ങളില്‍ പ്രകാശം നിറയ്ക്കാനുള്ള കഴിവ് പുതിയ പ്രേഷിതസ്ഥലങ്ങളിലേക്ക് ക്ളെയറിനെ കൊണ്ടുചെന്നെത്തിച്ചു. കുട്ടികളെയും യുവജനത്തെയും ആത്മീയമായി ഒരുക്കാനുള്ള ക്ളെയറിന് പ്രത്യേക കഴിവുണ്ടായിരുന്നു. കത്തുന്ന ചൂടിനെയും കോരിച്ചൊരിയുന്ന മഴയേയും അവഗണിച്ച് സഹപ്രവര്‍ത്തകരോടൊപ്പം ഇക്വഡോറിലെ പ്ളായാ പ്രിയെറ്റ എന്ന പ്രദേശത്ത് വീടുവീടാനന്തരം ഭക്ഷണവും മരുന്നുമായി ക്ളെയര്‍ കയറിയിറങ്ങി. സുവിശേഷപ്രഘോഷണത്തിനായി ഏത് ദുര്‍ഘടം നിറഞ്ഞ പാതയിലൂടെ സഞ്ചരിക്കാനും ക്ളെയറിനു മടിയുണ്ടായിരുന്നില്ല. ഇക്വഡോറിയന്‍ ആമസോണിലെ പൂയോ അത്തരം ഒരു പ്രദേശമായിരുന്നു. മണിക്കൂറുകളോളം നീണ്ട ട്രക്കിങ്ങിനൊടുവില്‍ മുട്ടറ്റം വരെ ചെളിയിലൂടെ നീന്തി ആമസോണിന്റെ കൈവഴികള്‍ താണ്ടിയാണ് ഷുവാര്‍ എന്ന ഗ്രാമപ്രദേശത്ത് എത്തിചേരുക. ജിവോരന്സ് എന്ന് പേരുള്ള കുപ്രസിദ്ധമായ ഒരു സംഘമാണ് ഇവിടെ വസിച്ചിരുന്നത്. കടുത്ത ദാരിദ്ര്യം, ബഹുഭാര്യത്വം, വിശ്വാസത്തെ കുറിച്ച് കേട്ടുകേള്‍വി പോലും ഇല്ലാത്ത ഒരു അപരിഷ്കൃത വിഭാഗം. ഇവരുടെയിടയിലാണ് ക്ളെയര്‍ വിശ്വാസം പ്രഘോഷിച്ചത്. ദൈവസ്നേഹത്തിനു പകരം വയ്ക്കാന്‍ തന്റെ ജീവിതം മാത്രമേയുള്ളു എന്ന തിരിച്ചറിവ് ക്ളെയറെന്ന പതിനേഴുവയസ്സുകാരിയില് വരുത്തിയ മാറ്റങ്ങള്‍ ഒട്ടേറെ ആത്മാക്കളുടെ നവീകരണത്തിനു വഴിയൊരുക്കി. സുവിശേഷപ്രഘോഷണത്തിനൊരുങ്ങുന്ന സന്ന്യാസിനികള്‍ക്ക് നല്ലൊരു മാതൃകയാണ് സിസ്റ്റര്‍ ക്ളെയര്‍ ക്രോക്കറ്റ്.