സഭയ്ക്ക് പുതിയൊരു കൗമാരക്കാരന് വിശുദ്ധന്
കത്തോലിക്കാ സഭയ്ക്ക് ഇതാ പുതിയൊരു കൗമാരക്കാരന് വിശുദ്ധന് കൂടി. ഒക്ടോബറില്‍ നടക്കുന്ന യുവാക്കള്‍ക്കായുള്ള ലോക സിനഡില്‍ വച്ച് ഇറ്റലിയില്‍ ജനിച്ച കൗമാരക്കാരനെ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്താന്‍ ഫ്രാന്‍സിസ് പാപ്പാ നിശ്ചയിച്ചു. വാഴ്ത്തപ്പെട്ട നുന്‍സിയോ സള്പ്രിസിയോയെ ആണ് വിശുദ്ധപദവിയിലേക്കുയര്ത്തുന്നത്. വാഴ്ത്തപ്പെട്ട ഓസ്കര് റൊമേരൊയും പോള്‍ ആറാമന്‍ മാര്‍പാപ്പയും അടങ്ങുന്ന ആറ് പേരെയും നുന്സിയോയ്ക്കൊപ്പം വിശുദ്ധപദവിയിലേക്കുയര്‍ത്തും.
1817 ഏപ്രില്‍ 13 ന് ജനിച്ച സള്പ്രിസിയോയുടെ മാതാപിതാക്കള്‍ അദ്ദേഹം കുഞ്ഞായിരുന്നപ്പോള്‍ തന്നെ മരണമടഞ്ഞു. തുടര്‍ന്ന് അദ്ദേഹത്തെ വളര്‍ത്തിയത് അമ്മയുടെ അമ്മയായിരുന്നു. സള്പ്രിസിയോക്ക് ഒന്‍പത് വയസ്സായപ്പോള്‍ അമ്മൂമ്മയും മരണമടഞ്ഞു. അതിനു ശേഷം അദ്ദേഹം അമ്മാവന്റെ സംരക്ഷണയിലായി. കൊല്ലപ്പണിക്കാരായ അമ്മാവന്റെ കൂടെ സള്‍പ്രിസിയോ ജോലി ചെയ്തു. കൊച്ചു കുട്ടിയായിരുന്ന സള്പ്രിസിയോക്ക് ആ ജോലി പ്രയാസകരമായിരുന്നു. വൈകാതെ അദ്ദേഹം രോഗബാധിതനായി.
ഇക്കാര്യമറിഞ്ഞ ഒരു സൈനികോദ്യോഗസ്ഥന് സള്പ്രിസിയോയെ നേപ്പിള്‍സിലുള്ള ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത വേദനയിലൂടെ കടന്നു പോയ സള്‍പ്രിസിയോ തന്റെ വേദനകളെല്ലാം ദൈവത്തിന് കാഴ്ചയായി സമര്‍പ്പിച്ചു. 1836 ല്‍ പത്തൊന്‍പതാമത്തെ വയസ്സില്‍ സള്‍പ്രിസിയോ മരണടഞ്ഞു. 1963 ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പാ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടരുടെ ഗണത്തിലേക്കുയര്‍ത്തി. യൗവനം എപ്രകാരം കൃപാപൂര്ണമാക്കാം എന്ന് സള്പ്രിസിയോയുടെ ജീവിതം നമുക്ക് കാണിച്ചു തരുന്നു എന്നാണ് തദവസരത്തില്‍ മാര്‍പാപ്പാ പറഞ്ഞത്. പോള്‍ ആറാമനും സള്പ്രിസിയോയും ഒരുമിച്ച് വിശുദ്ധ ഗണത്തിലേക്കുയര്‍ത്തപ്പെടുന്നു എന്നത് ദൈവനിയോഗം ആവാം. ഒക്ടോബര്‍ 14നാണ് നാമകരണച്ചടങ്ങ്.