ജ്ഞാനസ്നാനം മായ്ക്കാനാവാത്ത അടയാളം
വത്തിക്കാന്‍: ഒരു വ്യക്തിയുടെ ജ്ഞാനസ്നാനവും രക്ഷയും ദൈവത്തിന്റെ പുത്രന്, പുത്രി എന്ന സ്ഥാനവും ആര്‍ക്കും കവര്‍ന്നെടുക്കാനോ മായ്ച്ചു കളയാനോ സാധിക്കാത്ത കൃപയുടെ അടയാളമാണെന്ന് ഫ്രാന്‍സിസ് പാപ്പാ. അതിനാലാണ്, ഒരാള്‍ക്ക് ഒരിക്കല്‍ മാത്രം തിരുസഭ ജ്ഞാനസ്നാനം നല്‍കുന്നതെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
‘മായ്ക്കാനാവാത്ത ആത്മീയ മുദ്രയായതിനാലാണ് ജ്ഞാനസ്നാനം ഒരാളുടെ ജീവിതത്തില്‍ ആവര്‍ത്തിക്കാത്തത്. പാപം മൂലം രക്ഷയുടെ ഫലങ്ങള്‍ ഒരാള്‍ക്ക് ലഭിക്കുന്നത് തടയപ്പെടുന്നുണ്ടെങ്കിലും ജ്ഞാനസ്നാനമുദ്ര ഒരിക്കലും മായുന്നില്ല’ പരിശുദ്ധ പിതാവ് വ്യക്തമാക്കി.
മാതാപിതാക്കള്‍ കുഞ്ഞുങ്ങള്‍ക്ക് ഇഹലോക ജീവിതത്തിലേക്ക് ജന്മം നല്കുന്നതു പോലെ ജ്ഞാനസ്നാനം വഴി തിരുസഭ അവര്‍ക്ക് ആത്മീയജീവിതത്തിലേക്ക് ജന്മം നല്കുന്നു. അതു വഴി ഓരോ കുഞ്ഞും യേശു ക്രിസ്തുവിലൂടെ ദൈവമകനും മകളുമായി മാറുന്നു.
പാപം ചെയ്താലും ജ്ഞാനസ്നാനം വഴി ലഭിക്കുന്ന സ്ഥാനം ഒരാള്‍ക്ക് നഷ്ടപ്പെടുന്നില്ല. ആ വ്യക്തി ദൈവപുത്രന് തന്നെയാണ്. ദൈവത്തിന്റെ സ്വന്തം തന്നെയാണ്. ദൈവം തന്റെ മക്കളെ ഒരിക്കലും ഉപേക്ഷിക്കുന്നില്ല, പാപ്പാ പറഞ്ഞു.