ലൂര്‍ദ് മാതാവിനെ കുറിച്ച് എഴുതപ്പെട്ട നോവലിന്റെ അത്ഭുതചരിത്രം

അത്ഭുതകരമാണ് സോങ്ങ് ഓഫ് ബര്‍ണാഡെറ്റ് എന്ന നോവലിന്റെ പിറവി. ലൂര്‍ദ് മാതാവിന്റെ അത്ഭുതങ്ങളെ കുറിച്ച് ലോകം നമിക്കുന്ന ഒരു മഹത്തായ പുസ്തകം രചിക്കാന്‍ ദൈവം ഫ്രാന്‍സ് വെര്‍ഫെല്‍ എന്ന ജര്‍മന്‍കാരനായ യഹൂദനെ ഒരുക്കുകയായിരുന്നു. പ്രസിദ്ധനായ നാടക കൃത്തായിരുന്നു 1890 ല്‍ ജനിച്ച് വിയെന്നായില്‍ ജീവിച്ചിരുന്ന വെര്‍ഫെല്‍. ഹിറ്റ്‌ലര്‍ യൂഹൂദരെ വേട്ടയാടിയ കാലത്ത് വെര്‍ഫെലും ഭാര്യ അല്‍മയും ഫ്രാന്‍സിലേക്ക് നാടുവിട്ടു. എന്നാല്‍ ജര്‍മന്‍കാര്‍ അവിടെയുമെത്തി. മാതാവിന്റെ മഹത്വത്തെ കുറിച്ചോ ലൂര്‍ദിലെ അത്ഭുതങ്ങളെ കുറിച്ചോ കൃത്യമായ അറിവില്ലായിരുന്ന വെര്‍ഫെല്‍ എങ്ങനെയാണ് ലൂര്‍ദ് ദര്‍ശനങ്ങളുടെ ചരിത്രം നോവല്‍ രൂപത്തില്‍ എഴുതാന്‍ ഇടയായതെന്ന് അദ്ദേഹം സോങ്ങ് ഓഫ് ബര്‍ണാഡെറ്റിന്റെ ആമുഖത്തില്‍ വിശദീകരിക്കുന്നുണ്ട്:

‘1940 ജൂണ്‍ മാസത്തിലെ അവസാനദിനങ്ങളായിരുന്നു, അത്. ഫ്രാന്‍സ് ജര്‍മനിയോട് പരാജയം ഏറ്റു വാങ്ങിയ സമയം. ശത്രുക്കളില്‍ നിന്നും രക്ഷപ്പെട്ട് ഞങ്ങള്‍ ലൂര്‍ദിലെത്തി. ഞാനും എന്റെ ഭാര്യയും. സ്പാനിഷ് അതിര്‍ത്തി കടന്ന് പോര്‍ച്ചുഗലിലെത്താം എന്ന പ്രതീക്ഷയിലായിരുന്നു, ഞാന്‍. എന്റെ വിസ നിഷേധിക്കപ്പെട്ടതിനാല്‍ ഫ്രാന്‍സിന്റെ ഉള്‍പ്രദേശങ്ങളിലേക്ക് ഓടിപ്പോകേണ്ട ദുരവസ്ഥ ഞങ്ങള്‍ക്കു വന്നു ചേര്‍ന്നു. ആ രാത്രി തന്നെയാണ് നാഷനല്‍ സോഷ്യലിസ്റ്റ് സേന ഹെന്‍ഡയ എന്ന അതിര്‍ത്തി പട്ടണം കൈയേറിയത്. അഭയാര്‍ത്ഥികളുടെ പ്രവാഹം മൂലം അവിടത്തെ പിരണീസ് താഴ്‌വരയിലെ പ്രദേശങ്ങളിലെ ക്രമസമാധാന നില ആകെ തകരാറിലായിരുന്നു. ഫ്രഞ്ചുകാരും ബെല്‍ജിയംകാരും ഡച്ചുകാരും പോളണ്ടുകാരും ഓസ്ട്രിയക്കാരും ജര്‍മന്‍കാരുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു.

കനത്ത വിശപ്പു കൊണ്ട് മനുഷ്യര്‍ക്ക് ആകെ ഭ്രാന്തു പിടിച്ചിരുന്നു. ഭക്ഷണമാകട്ടെ വളരെ കുറവും. ആര്‍ക്കും കയറിക്കിടക്കാന്‍ വീടുണ്ടായിരുന്നില്ല. രാത്രി തല ചായ്ക്കാന്‍ ഒരു കസേര കിട്ടിയവനെ മറ്റുള്ളവര്‍ അസൂയയോടെ നോക്കി… അങ്ങനെയിരിക്കെയാണ് ഒരു കുടുംബം ഞങ്ങളോട് ലൂര്‍ദിനെ കുറിച്ചു പറഞ്ഞത്. മൂന്നു കിലോമീറ്റര്‍ മാത്രം അകലെയുള്ള ലൂര്‍ദില്‍ ഞങ്ങള്‍ക്ക് കിടക്കാന്‍ ഒരു കൂര കിട്ടിയേക്കും എന്ന് അവര്‍ പറഞ്ഞു. അപ്രകാരം ഞങ്ങള്‍ അവിടേക്കു പോയി, കിടക്കാന്‍ ഒരിടം കിട്ടി.

അങ്ങനെയാണ് ദൈവപരിപാലന ഞങ്ങളെ ലൂര്‍ദില്‍ എത്തിച്ചത്. ലൂര്‍ദിന്റെ വിസ്മയകരമായ ചരിത്രം അതു വരെ എനിക്ക് കേവലം കേട്ടറിവ് മാത്രമായിരുന്നു. ഭയം നിറഞ്ഞു നിന്ന ആ കാലഘട്ടത്തില്‍ ഞങ്ങള്‍ ലൂര്‍ദില്‍ താമസിച്ചു. നാഷനല്‍ സോഷ്യലിസ്റ്റുകള്‍ എന്നെ വധിച്ചു എന്ന് ബ്രിട്ടിഷ് റേഡിയോ അനൗണ്‍സ് ചെയ്തു…

എന്നാല്‍ എന്നെ സംബന്ധിച്ച് അത് വലിയൊരു ദൈവാനുഭവത്തിന്റേതായിരുന്നു. പരിശുദ്ധ മാതാവിനെ ദര്‍ശിച്ച ബര്‍ണാഡെറ്റ് സോബ്രിയസ് എന്ന പെണ്‍കുട്ടിയുടെ വിസ്മയകരമായ ചരിത്രം ഞാന്‍ അടുത്തറിഞ്ഞു. ആ ദിനങ്ങളില്‍ ഞാനൊരു പ്രതിജ്ഞ എടുത്തു – ഈ ദുരിതത്തില്‍ നിന്ന് ഞാന്‍ കരേറി അമേരിക്കയില്‍ സുരക്ഷിതനായി എത്തുകയാണെങ്കില്‍ മറ്റെല്ലാ ഉത്തരവാദിത്വങ്ങളും മാറ്റി വച്ച് ഞാന്‍ ബര്‍ണാഡെറ്റിന്റെ ചരിതം എഴുതും!  ഈ പുസ്തകം എന്റെ പ്രതിജ്ഞയുടെ പൂര്‍ത്തീകരണമാണ്.’

ഹിറ്റ്‌ലറുടെ രഹസ്യപ്പോലീസായ ഗെസ്റ്റപ്പോയുടെ പിടിയില്‍ പെടാതെ വെര്‍ഫലിനെയും ഭാര്യയെയും ഫ്രാന്‍സിലെ പല കുടുംബങ്ങളും സംരക്ഷിച്ചു. ഓരോ കുടുംബത്തില്‍ നിന്നും വെര്‍ഫെല്‍ ലൂര്‍ദ് മാതാവിനെ കുറിച്ചും ദര്‍ശനങ്ങള്‍ കണ്ട ബര്‍ണാഡെറ്റിനെ കുറിച്ചും കേട്ടു. ലൂര്‍ദിലെ ഇടയപ്പെണ്‍കുട്ടിയുടെ കഥ അങ്ങനെ ചരിത്രവും സാഹിത്യവുമായി.

1941 ലാണ് ഈ മഹത്തായ കൃതി ആദ്യമായി പ്രസിദ്ധീകൃതമായത്. ഈ നോവലിനെ ആസ്പദമാക്കി 1943 ല്‍ അതേ പേരില്‍ ഒരു ചലച്ചിത്രം പുറത്തിറങ്ങി. 12 ഓസ്‌കര്‍ നോമിനേഷനുകള്‍ ഈ സിനിമയ്ക്കു ലഭിച്ചു. ബര്‍ണാഡെറ്റിനെ അവിസ്മരണീയയാക്കിയ നടി ജെനിഫര്‍ ജോണ്‍സ് മികച്ച നടിക്കുകള്ള ഓസ്‌കര്‍ നേടി.
ചിത്രം ആരംഭിക്കുന്നതിനു മുമ്പായി എഴുതി കാണിക്കുന്ന വരി ശ്രദ്ധേയമാണ്. വിശ്വാസം കൃപയാണെന്ന് സൂചിപ്പിക്കുന്നതാണ് ആ വാക്യം.

‘വിശ്വസിക്കുന്നവര്‍ക്ക് യാതൊരു വിശദീകരണവും ആവശ്യമില്ല. വിശ്വസിക്കാത്തവര്‍ക്ക് എത്ര വിശദീകരിച്ചിട്ടും കാര്യമില്ല!’
വിശ്വാസം എന്ന കൃപയെ നമുക്ക് നെഞ്ചോടു ചേര്‍ത്തു പിടിക്കാം. വിശ്വസിക്കുന്നവര്‍ക്കു തണലായി പരിശുദ്ധ അമ്മ അമ്മപ്പക്ഷിയെ പോലെ ചിറകു വരിച്ചു നില്‍ക്കും. ആ തണലില്‍ നമുക്ക് ചേര്‍ന്നു നില്‍ക്കാം.

~ അഭിലാഷ് ഫ്രേസര്‍ ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles