വി. തോമസ് ശ്ലീഹയുടെ തിരുനാള്‍ വിചിന്തനം

~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.

യേശുവിന്റെ 12 ശിഷ്യന്മാരില്‍ ഒരുവനായിരുന്ന തോമസ് യഹൂദനായി ജനിച്ചു. തോമ്മാശ്ലീഹാ ജോസഫിനെ പോലെ ഒരു തച്ചനായിരുന്നു എന്ന് കരുതപ്പെടുന്നു. എഡി 72 ഡിസംബര്‍ 21 ന് തോമ്മാശ്ലീഹാ മരിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. ജൂലൈ 3 ന് ആഘോഷിക്കപ്പെടുന്ന അദ്ദേഹത്തിന്റെ തിരുനാള്‍ അനുസ്മരണം എന്നര്‍ത്ഥം വരുന്ന ദുഖ്രാന എന്ന് അറിയപ്പെടുന്നു. റോമാ സാമ്രാജ്യത്തിന് പുറത്ത് സുവിശേഷം പ്രസംഗിച്ച ഏക അപ്പോസ്തലന്‍ തോമസ് ആയിരുന്നു. മറ്റു രാജ്യങ്ങളോടൊപ്പം ഇന്ത്യയിലും തോമ്മാശ്ലീഹാ യേശുവിനെ പ്രഘോഷിച്ചു. ഇന്ത്യയില്‍ വച്ച് അദ്ദേഹം രക്തസാക്ഷിത്വം വഹിച്ചു. മൈലാപൂരിലാണ് അദ്ദേഹം സംസ്‌കരിക്കപ്പെട്ടതെങ്കിലും അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങളില്‍ ഭൂരിഭാഗവും എഡേസയിലേക്കും ഇറ്റലിയിലേക്കും നീക്കപ്പെട്ടു.

സുവിശേഷങ്ങളിലെ തോമസ് ശ്ലീഹ

തോമസ് ശ്ലീഹയെ കുറിച്ച് എല്ലാ സുവിശേഷങ്ങളിലും പറയുന്നുണ്ടെങ്കിലും യോഹന്നാന്റെ സുവിശേഷത്തില്‍ മൂന്ന് സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തെ കുറിച്ച് എടുത്തു പറയുന്നുണ്ട്.

ലാസര്‍ മരിച്ചു കഴിഞ്ഞ സന്ദര്‍ഭത്തില്‍ ജറുസലേമിലെക്ക് പോകാന്‍ തുനിഞ്ഞ യേശുവിനെ മറ്റ് അപ്പസ്‌തോലന്മാര്‍ തടഞ്ഞപ്പോള്‍ തോമസ് ശ്ലീഹ ധൈര്യപൂര്‍വം, നമുക്കും അവനോട് കൂടെ പോയി മരിക്കാം എന്ന് പറഞ്ഞു കൊണ്ട് പിന്തുണയ്ക്കുന്നത് നാം വായിക്കുന്നു (യോഹ. 11. 8).

തോമസ് ശ്ലീഹ അന്വേഷണ കുതുകിയായ ഒരു വിദ്യാര്‍ത്ഥിയായിരുന്നു. അന്ത്യഅത്താഴ വേളയില്‍ യേശുവിനോട് ‘ഗുരോ, അവിടുന്ന് എവിടേക്കാണ് പോകുന്നതെന്ന് ഞങ്ങള്‍ക്കറിയില്ല. പിന്നെ വഴി എങ്ങനെ അറിയും’ എന്ന് ചോദിച്ചത് തോമസാണ്. (യോഹ. 14.6). ഞാനാണ് വഴിയും സത്യവും ജീവനും എന്ന് യേശു മറുപടി നല്‍കി. തോമസ് യേശുവിനെ പ്രഘോഷിച്ചത് പിതാവിലേക്കുള്ള വഴി എന്ന രീതിയിലാണ്. അതിനാലാണ് തോമസിലൂടെ വിശ്വാസത്തിലേക്ക് വന്നവരെ മാര്‍ഗം കൂടിയവര്‍ എന്ന് വിളിക്കുന്നത്.

യേശുവിന്റെ മുറിവുകള്‍ കാണണം എന്ന് വാശി പിടിച്ച തോമസ് ലോകത്തിന് നല്‍കിയത് യേശുവിന്റെ ഉത്ഥാനത്തെ കുറിച്ച് ഒരു തെളിവ് കൂടിയാണ്. എന്റെ കര്‍ത്താവേ എന്റെ ദൈവമേ എന്ന അഭിസംബോധന മഹത്തായ ദൈവശാസ്ത്ര കല്‍പനായായി മാറി. യേശുവിന്റെ ഉത്ഥാനത്തെ കുറിച്ച് ബോധ്യം ലഭിച്ച ശേഷം തോമസ് യേശുവിനെ ധീരമായ പ്രസംഗിച്ചു. റോമാ സാമ്രാജ്യത്തിന് പുറത്തേക്ക് അദ്ദേഹം യേശുവിന്റെ സന്ദേശം എത്തിച്ചു.

അപ്പോക്രിഫ ഗ്രന്ഥങ്ങളില്‍ നിന്നാണ് നാം തോമസിനെ കുറിച്ച് അറിയുന്നത്. എവിസേബിയൂസിന്റെ അഭിപ്രായം അനുസരിച്ച് തോമസ് പാര്‍ത്തിയയില്‍ പ്രസംഗിച്ചു. ചൈനയില്‍ ഏഡി 64 ലും ജപ്പാനില്‍ ഏഡി 70 ലും അദ്ദേഹം സുവിശേഷം എത്തിച്ചു എന്ന് ചില പൗരസ്ത്യ സഭകള്‍ പറയുന്നുണ്ട്.

ഇന്ത്യയിലേക്ക്..

തോമസിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നറിയപ്പെടുന്ന സിറിയന്‍ പുസ്തകം ഒരു ഐതിഹ്യം പറയുന്നുണ്ട്. ഇന്ത്യയിലേക്ക് പോകാന്‍ തോമസിന് നറുക്ക് വീണപ്പോള്‍ അദ്ദേഹത്തിന് അത് സ്വീകാര്യമായില്ല അപ്പോള്‍ യേശു പ്രത്യക്ഷപ്പെട്ട് ശക്തിപ്പെടുത്തി. അന്നേരം ഇന്തോ-പാര്‍ത്തിയന്‍ രാജാവായ ഗുണ്ടഫോറസിനു വേണ്ടി ഒരു കൊട്ടാരം പണിയാന്‍ ഒരു ആശാരി അന്വേഷിച്ച് അബ്ബാനസ് എന്ന വ്യാപാരി അവിടെയെത്തി. യേശു പ്രത്യക്ഷപ്പെട്ട് തോമസിനെ ഒരു മരപ്പണിക്കാരനാക്കി അബ്ബാനസിന് വിറ്റു. ഇന്ത്യയിലെത്തിയ തോമസിനെ ഗുണ്ടഫോറസ് രാജാവ് ഗംഭീരമായ കൊട്ടാരങ്ങള്‍ നിര്‍മിക്കാന്‍ ഏല്‍പിച്ചു. എന്നാല്‍ തോമസ് പണം ദുര്‍വ്യയം ചെയ്യുകയാണെന്ന് രാജാവ് കുറ്റപ്പെടുത്തിയപ്പോള്‍ താന്‍ രാജാവിനായി സ്വര്‍ഗത്തില്‍ കൊട്ടാരം പണിയുന്നതെന്നായി തോമസ്. അതു കേട്ട് രാജാവ് തോമസിന്റെ മുന്നില്‍ സാഷ്ടാംഗപ്രണാമം ചെയ്തു. രാജാവും ജനങ്ങളും മാനസാന്തരപ്പെട്ട് വിശ്വാസം സ്വീകരിച്ചു.

പരിശുദ്ധ മാതാവും തോമസും
പരിശുദ്ധ കന്യാമാതാവിന്റെ സ്വര്‍ഗാരോപണത്തിന് തോമസ് സാക്ഷിയായി എന്ന് പാരമ്പര്യം പറയുന്നു. അരിമത്തിയാക്കാരന്‍ ജോസഫ് എഴുതിയതെന്ന് വിശ്വസിക്കപ്പെടുന്ന മറിയത്തിന്റെ കടന്നുപോകല്‍ എന്ന പുസ്തകത്തില്‍, ഒരു സംഭവം വിവരിക്കുന്നുണ്ട്. മറിയം മരിച്ച് സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടപ്പോള്‍ തോമസ് സ്ഥലത്തുണ്ടായിരുന്നില്ല. അന്നേരം തോമസ് ഇന്ത്യയിലായിരുന്നു. എന്നാല്‍ പിന്നീട് തോമസ് എത്തിയപ്പോള്‍ പരിശുദ്ധ മറിയത്തിന്റെ ശവകുടീരം സന്ദര്‍ശിച്ചു. അപ്പോള്‍ മറിയം തോമസിന് പ്രത്യക്ഷപ്പെടുകയും തോമസിന് മാതാവിന്റെ സ്വര്‍ഗാരോപണം നേരില്‍ കാണിച്ചു കൊടുക്കുകയും ചെയ്തു. മാതാവ് തന്റെ അരപ്പട്ട തോമസിന് ഇട്ടു കൊടുത്തു.

മരണം
ഏഡി 72 ല്‍ മൈലാപ്പൂര്‍ രാജാവ് തോമസിനോട് വിഗ്രഹത്തിന് ബലി അര്‍പ്പിക്കാന്‍ ആജ്ഞാപിച്ചു. വിസമ്മതിച്ചു നിന്ന തോമസിനെ പടയാളികള്‍ ബലം പ്രയോഗിച്ച് വിഗ്രഹത്തിലേക്ക് നടത്തിച്ചു. അന്നേരം വിഗ്രഹം പൊട്ടിത്തകര്‍ന്നു പോയി. കോപാകുലനായ രാജാവ് തോമസിന്റെ കൊല്ലാന്‍ ആജ്ഞാപിച്ചു. നാല് പടയാളികള്‍ മുന്നോട്ടു വന്ന് കുന്തം കൊണ്ട് തോമസിനെ വധിച്ചു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles