വി. സ്‌തേഫാനോസിന്റെ തിരുനാള്‍ വിചിന്തനം

ഫാ. അബ്രഹാം മുത്തോലത്ത്

ക്രൈസ്തവ വിശ്വാസത്തിന്റെ ഉത്തമ മാതൃകയാണ് വി. സ്‌തേഫാനോസ് അഥവാ വി. സ്റ്റീഫന്‍. ക്രിസ്തുവിന് വേണ്ടി രക്തം ചിന്തേണ്ടി വന്നില്ലെങ്കിലും നമ്മുടെ വാക്കും പ്രവര്‍ത്തിയും ക്രിസ്തുവിന്റെ സന്ദേശങ്ങള്‍ക്ക അനുസൃതമാകുമ്പോള്‍ ജീവിക്കുന്ന രക്തസാക്ഷികളാകാന്‍ നമുക്ക് സാധിക്കും.

വി. ഗ്രന്ഥഭാഗം: അപ്പസ്‌തോലരുടെ പ്രവര്‍ത്തനങ്ങള്‍ 6. 8-10, 7: 54-60)

 

ആരാണ് വിശുദ്ധ സ്റ്റീഫന്‍?
സ്റ്റീഫന്റെ ആദ്യകാല ജീവിതത്തെ കുറിച്ച് നമുക്ക് കാര്യമായ വിവരമില്ല. അദ്ദേഹം ഗ്രീക്ക് സംസാരിക്കുന്ന ഒരു യഹൂദനായിരുന്നുവെന്നും ജെറുസലേമിലാണ് ജീവിച്ചിരുന്നതെന്നുമാണ് വിശ്വാസം. കിരീടം എന്നതിന്റെ ഗ്രീക്ക് വാക്കാണ് സ്‌തേഫാനോസ്.

പരിശുദ്ധാത്മാവിന്റെ നിറവായിരുന്നു സ്റ്റീഫന്റെ വിജയങ്ങളുടെ രഹസ്യം. (അപ്പ. 6.8). സിനഗോഗിലെ ജനങ്ങള്‍ സ്റ്റീഫനോട് വാദപ്രതിവാദം നടത്തി പരാജയപ്പെട്ടു. (അപ്പ. 6.10). പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ ഒരുവന്‍ നിറഞ്ഞു കഴിഞ്ഞാല്‍ അയാളുടെ വിശ്വാസവും പ്രവര്‍ത്തികളും അസാധാരണമായിരിക്കും.

സിനഗോഗിലെ അംഗങ്ങള്‍ സ്റ്റീഫനെ സെന്‍ഹെദ്രീന്റെ മുമ്പാകെ കൊണ്ടു വന്നു. സ്റ്റീഫന്‍ ജെറുസലേം ദേവാലയത്തിന് എതിരായി കള്ളസാക്ഷ്യം പറഞ്ഞു എന്ന് അവര്‍ ആരോപിച്ചു. (അപ്പ. 6. 13-14). സ്റ്റീഫന്റെ മുഖം മാലാഖയുടേതു പോലെ കാണപ്പെട്ടു എന്ന് സെന്‍ഹെദ്രീനിലെ അംഗങ്ങള്‍ ശ്രദ്ധിച്ചു എന്നും എഴുതപ്പെട്ടിരിക്കുന്നു.

 

യേശുവും സ്റ്റീഫനും

സഭയിലെ ആദ്യത്തെ രക്തസാക്ഷി എന്ന നിലയില്‍ അദ്ദേഹം സകല ക്രിസ്ത്യാനികള്‍ക്കും വേണ്ടി ഉത്തമ മാതൃകയാണ് നല്‍കിയിരിക്കുന്നത്. തന്റെ നാഥനായ യേശുവുമായുള്ള ചില സാമ്യങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു.

രണ്ടു പേരും സെന്‍ഹെദ്രീനില്‍ വച്ച് വിചാരണ ചെയ്യപ്പെട്ടു.
ഇരുവരും ദൈവദൂഷണക്കുറ്റം ആരോപിക്കപ്പെട്ടു.
മോശയുടെ പഠനങ്ങള്‍ക്കെതിരെ നില കൊണ്ടു എന്ന് ഇരുവരും കുറ്റം വിധിക്കപ്പെട്ടു.
രണ്ടുപേര്‍ക്കെതിരെയും കള്ളസാക്ഷികള്‍ അണിനിരന്നു.
ഇരുവരും ദേവാലയത്തിന്റെ നാശത്തെ കുറിച്ച് പറഞ്ഞു.
വിചാരണയും മരണവും ഇരുവരും ധീരമായി നേരിട്ടു.
രണ്ടു പേരും നഗരത്തിന് പുറത്തു വച്ച് കൊല്ലപ്പെട്ടു.
തങ്ങളെ പീഡിപ്പിച്ചവര്‍ക്കു വേണ്ടി ഇരുവരും ക്ഷമിച്ചു പ്രാര്‍ത്ഥിച്ചു.
കര്‍ത്താവേ എന്റെ ആത്മാവിനെ സ്വീകരിച്ചാലും എന്നു പറഞ്ഞു കൊണ്ടാണ് ഇരുവരും മരിച്ചത്.

 

സന്ദേശം

വി. സ്‌തേഫാനോസ് വളരെ ധീരതയോടെ ദൈവ വചനം പ്രഘോഷിക്കുകയും തന്റെ ദൗത്യത്തിനു വേണ്ടി ഏത് വെല്ലുവിളിയും ഏറ്റെടുക്കാന്‍ സന്നദ്ധനാകുകയും ചെയ്തു. സ്റ്റീഫന്റെ മാതൃക പിന്‍ചെന്ന്് നമുക്ക് ജീവിതത്തില്‍ ദൈവ വചനത്തിന് സാക്ഷ്യം നല്‍കാം.

യേശു വാഗ്ദാനം ചെയ്തിരുന്നതു പോലെ പരിശുദ്ധാത്മാവ് സ്‌തേഫാനോസില്‍ ശക്തമായി പ്രവര്‍ത്തിച്ചിരുന്നു. ക്രിസ്തുവിന്റെ യഥാര്‍ത്ഥ മിഷണറിയായ ഒരാള്‍ക്ക് ഭയപ്പെടാന്‍ യാതൊന്നുമില്ല, ഈ ജീവിതത്തില്‍. സഭയെ പീഡിപ്പിക്കുന്ന പീഡകരുടെ വെല്ലുവിളികളെയും വിചാരണയെയും അയാള്‍ ധൈര്യപൂര്‍വം നേരിടുക തന്നെ ചെയ്യും.

തന്റെ മരണത്തിന് തൊട്ടു മുമ്പ്, സ്‌തേഫാനോസ് ഒരു സ്വര്‍ഗീയ ദര്‍ശനം കാണുന്നുണ്ട്. യേശുവിന്റെ ശിഷ്യന്മാര്‍ക്ക് ലഭിക്കാനിരിക്കുന്ന വലിയ സമ്മാനത്തെ കുറിച്ചുള്ള ദര്‍ശനമാണത്. നമ്മെ സ്വര്‍ഗത്തിലേക്ക് സ്വീകരിക്കാന്‍ വേണ്ടി ഉത്ഥിതനായ ക്രിസ്തു സ്വര്‍ഗത്തില്‍ പ്രവര്‍ത്തന നിരതനാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles