ദുഖ സാഗരം

സന്ധ്യമയങ്ങിയ നേരത്ത് നിശബ്ദസാഗരത്തിന്റെ തീരത്ത് നിന്നിട്ടുണ്ടോ? കടലിന്റെ അജ്ഞാതമായ അഗാധതകളെ ധ്യാനിച്ചിട്ടുണ്ടോ? ആ ധ്യാനം നിങ്ങളെ കന്യകാമറിയത്തിന്റെ മിഴിപ്പൊയ്കകളിലെത്തിക്കും.

മറിയത്തിന്റെ മുഖം പ്രശാന്തതക്കുള്ളില്‍ അഗാധരഹസ്യങ്ങളൊളിപ്പിച്ചു വച്ച സാഗരം പോലെയാണ്. മൗതികരഹസ്യങ്ങളുടെ പ്രശാന്തസുന്ദരമായ പനിനീര്‍പ്പൂവ്! ദൈവകൃപകളുടെ മഹാസംഭരണികളൊലിപ്പിച്ച സമുദ്രം. ‘ദൈവകൃപ നിറഞ്ഞവളേ, സ്വസ്തി!’ എന്ന മാലാഖയുടെ അഭിവാദനം ഇങ്ങനെയൊരു ചിത്രം നിങ്ങള്‍ക്ക് നല്‍കുന്നില്ലേ?

‘നിങ്ങളുടെ ഭൂമിയുടെ ഉപ്പാകുന്നു’. ദിവ്യനാഥന്റെ മൊഴികള്‍ മറിയം വിശുദ്ധിയുടെ ഉപ്പുനിറഞ്ഞ കടലാണ്. ഈ ലോകത്തിനാവശ്യമായ രുചി നല്‍കാനുള്ള ഉപ്പ് അവളുടെ പക്കലുണ്ട്. അവളിലെ വിശുദ്ധിയുടെ ഉപ്പുറഞ്ഞാണ് ‘ഭൂമിയുടെ യഥാര്‍ത്ഥ ഉപ്പായ’ വിശുദ്ധിയുടെ തമ്പുരാന്‍ പിറവിയെടുത്തത്. വിശുദ്ധിയുടെ ലവണരസം നഷ്ടപ്പെട്ട് ലഹിക്കു പിന്നാലെ പായുന്ന ആധുനികലോകത്തിന്റെ അത്താഴങ്ങള്‍ക്കിടയിലേക്ക് മറിയം വീണ്ടും വീണ്ടും ഇറങ്ങി വരുന്നു. കാനായിലെ മൊഴികള്‍ ആവര്‍ത്തിക്കുന്നു: ”നിങ്ങള്‍ അവന്‍ പറയുന്നതുപോലെ ചെയ്യുവിന്‍!” സാഗരത്തില്‍ കലങ്ങിയ കണ്ണീരുപ്പിനെക്കുറിച്ചുള്ള ധ്യാനം നമ്മെ സഹരക്ഷയിലെത്തിക്കുന്നു. ദുഃഖസാഗരം നെഞ്ചിലേറ്റിയ നിശബ്ദയായ അമ്മയുടെ ചിത്രം – പിയെത്താ!

കണ്ണീര്‍പോലും പുറത്തെക്കൊഴുക്കാതെ ഹൃദയത്തില്‍ സംഗ്രഹിച്ച നിശബ്ദതയാണ് നമ്മുടെ ഹൃദയങ്ങളെ ഉലയ്ക്കുന്നത്. സാഗരത്തിന്റെ തിരയിളക്കങ്ങള്‍ പോലും അഗാധരഹസ്യങ്ങളെ പ്രതിബിംബിക്കുന്നില്ല എന്ന യഥാര്‍ത്ഥ്യം മറിയത്തിനു പര്യായമാകുന്നു. അവളുടെ കണ്ണീരിന്റെ ആഴങ്ങള്‍ ആരാണറിഞ്ഞിട്ടുള്ളത്! ഒന്നു നമുക്കറിയാം. അവളിന്നു നേടിയിരിക്കുന്ന മഹത്വങ്ങള്‍ക്ക് ആനുപാതികമായിരിക്കണം അവളുടെ കണ്ണീരിന്റെയും വിശുദ്ധിയുടെയും ആഴം.

ലോകത്തിന്റെ കണ്ണീര്‍ക്കണങ്ങളൊക്കെ ഈ കടലിലേക്കൊഴുക്കിക്കളഞ്ഞുവെങ്കില്‍ നമ്മുടെ ഹൃദയങ്ങള്‍ എത്രയോ പ്രശാന്തമായേനേ! ദുഃഖങ്ങളുടെയും കുറ്റബോധങ്ങളുടെയും നിശബ്ദനൊമ്പരങ്ങളുടെയും നീര്‍മണികള്‍ ഈ അമ്മയുടെ മാറിലര്‍പ്പിക്കുക. ‘ഇതാ നിന്റെ അമ്മ!’ എന്നു നമ്മോടും പറഞ്ഞത് സത്യദൈവം തന്നെയാണ് എന്ന വിശ്വാസത്തോടെ. വേര്‍തിരിച്ചറിയാന്‍കൂടിയാവാത്തവിധം അവള്‍ അവയൊക്കെ തന്നിലൊളിപ്പിച്ചുകൊള്ളും!

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Realated articles