തിരുഹൃദയമുറിവ്

~ അഭിലാഷ് ഫ്രേസര്‍ ~

 

തിരുഹൃദയത്തെ ‘തിരുഹൃദയ’മാക്കുന്നത് അതിലെ തിരുമുറിവാണ്. മുറിഞ്ഞപ്പോളാണ് അതിന്റെ യതാര്‍ത്ഥ മഹത്വം വെളിപ്പെട്ടത്. ആ മുറിവു വീണത് കാല്‍വരിയില്‍ അവന്റെ മരണശേഷമാണെന്ന് കരുതരുത്. ദൈവമഹത്വങ്ങള്‍ കൈവെടിഞ്ഞ് അവന്‍ ഒരു മനുഷ്യശിശുവായപ്പോള്‍ ആദ്യമായി വീണതാണ് അവന്റെ ചങ്കിലെ മുറിവ്- സ്വയം മുറിപ്പെടുത്തി താണിറങ്ങുന്ന സ്‌നേഹത്തിന്റെ തിരുമുറിവ്! ജീവിതത്തിലുടനീളം വേട്ടയാടിയിരുന്ന ശത്രുക്കളെ സ്‌നേഹിച്ചുകൊണ്ട് അവന്‍ നീങ്ങിയപ്പോള്‍, യൂദാസിന്റെ വഞ്ചന അറിഞ്ഞിട്ടും മൂന്നുവര്‍ഷം അവനെ താലോലിച്ചപ്പോള്‍, അവന്റെ വിഷചുംബനത്തിന് കനിവോടെ ‘സ്‌നേഹിതാ!’ എന്നു പ്രതികരിച്ചപ്പോള്‍ തിരുമുറിവിന്റെ ആഴങ്ങള്‍ വളര്‍ന്നു…. കാല്‍വരിയില്‍ ലോഞ്ജനൂസിന്റെ കുന്തം അതിലൊരു മുദ്രവയ്പു മാത്രമായിരുന്നു.

മുറിയുമ്പോളാണ് ഹൃദയം സൗഖ്യദായകമായി പരിണമക്കുന്നത്-ശത്രുക്കളെ സ്‌നേഹിച്ചുകൊണ്ട് മുറിവേല്‍ക്കുമ്പോള്‍! ആ മുറിവില്‍ നിന്നൊഴുകുന്ന സൗഖ്യദായകശക്തിയാണ് ചങ്കു പിളര്‍ന്നവന്റെ കാഴ്ചകളെ വീണ്ടെടുത്തത്….

തിരുമുറിവില്ലാത്തതുകൊണ്ടാണ് നമ്മുടെ ഹൃദയങ്ങള്‍ സൗഖ്യദായകങ്ങളാവാത്തത്. ഹൃദയങ്ങള്‍ നാം പലതിനുമൊക്കെ പണയം വച്ചുപോയി-സമ്പത്തിന്, ആസക്തികള്‍ക്ക്, സുഖസൗകര്യങ്ങള്‍ക്ക്, അഹന്തയ്ക്ക്…. പിന്നെ എങ്ങനെയാണവ ഉപയോഗിക്കാനാവുക? ഉപയോഗിക്കാതെ എങ്ങനെയാണു മുറിവുണ്ടാകുക? മുറിവുണ്ടാകാതെ എങ്ങനെയാണ് നമ്മുടെ ജീവിതവും സംസാരവുമൊക്കെ സൗക്യദായകങ്ങളായിത്തീരുക?

എനിക്കു മുറിവുകള്‍ തന്നവരെയും, എന്നെ ദ്രോഹിച്ചവരെയും ഞാന്‍ ക്ഷമിച്ചു സ്‌നേഹിക്കുമ്പോള്‍ എന്റെ ഹൃദയത്തില്‍ നിന്ന് ദൈവകൃപയുടെ രക്ജലകണങ്ങള്‍ ഒഴുകും-എന്റെ ശത്രുവിന്റെ കണ്ണുകളിലേക്ക്, അവന്റെ മനസിന്റെ തിമിരങ്ങളിലേക്ക്…. അതവനില്‍ സൗഖ്യദായകശക്തിയാവും. അങ്ങനെയാണ് എന്റെ ഹൃദയം തിരുഹൃദയമാക്കേണ്ടത്. ചരിത്രം കണ്ടിട്ടുള്ള എല്ലാ ഹൃദയങ്ങളിലും വച്ച് യേശുവിന്റെ ഹൃദയം മാത്രം തിരുഹൃദയമായത് അവന്‍ സ്വയം മുറിഞ്ഞുകൊണ്ട് ശത്രുവിനെ സ്‌നേഹിക്കുന്ന പാഠം ലോകത്തെ പഠിപ്പിച്ചപ്പോളാണ്. ക്രിസ്വിന്റെ ദൈവസ്വഭാവത്തിന്റെ വെളിപാടാണ് അവന്റെ തിരുമുറിവ്..
.
To err is human; to forgive is divine (തെറ്റു ചെയ്യുന്നത് മാനുഷികമാണ്; എന്നാല്‍ ക്ഷമിക്കുന്നത് ദൈവികവും) എന്നാണല്ലോ സൂക്തം. ശത്രുവിനെ സ്‌നേഹിക്കുക കേവലം ദൈവികമാണ്.

‘ഗോതമ്പുമണി നിലത്തുവീണഴിയുന്നില്ലെങ്കില്‍….’ ഗോതമ്പുമണി എന്റെ ഹൃദയമാണ്. തുറന്നു സ്‌നേഹിച്ചുകൊണ്ടതു മുറിവേല്‍ക്കുന്നില്ലെങ്കില്‍ അത് എന്റെ ബാങ്ക് ഡെപ്പോസിറ്റുകളിലൊന്നായവശേഷിക്കും. അവസാനവിധിദിവസം ക്രിസ്ത്യാനികളോടൊക്കെ ക്രിസ്തു ചോദിക്കുന്ന ഒരു ചോദ്യം ഇതായിരിക്കുമെന്നാണെനിക്കു തോന്നുന്നത്: ‘നിന്റ ഹൃദയം തിരുഹൃദയമാണോ?’ അന്ന് ആത്മവിശ്വാസത്തോടെ ചൂണ്ടിക്കാണിക്കാന്‍ വിശുദ്ധമായ സൗഖ്യദായകമായ ഒരു മുറിവെങ്കിലുമുണ്ടോ നമ്മുടെ ഹൃദയത്തില്‍?

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Realated articles