“ഞാന്‍ ജപമാല രാജ്ഞിയാണ്!”

1917 ഒക്ടോബര്‍ 13 ാം തീയതി ഫാത്തിമായില്‍ വച്ച് പരിശുദ്ധ മാതാവ് കുട്ടികളോട് പറഞ്ഞ വാക്യമാണ് ഈ എഡിറ്റോറിയലിന്റെ തലക്കെട്ട്. ഈ ഒക്ടോബര്‍ മാസത്തില്‍ 13 ാം തീയതി വരുമ്പോള്‍ മാതാവ് ഈ വചനം ലോകത്തോട് അരുള്‍ചെയ്തിട്ട് കൃത്യം 100 വര്‍ഷം തികയും. ഫാത്തിമായില്‍ മാതാവിന്റെ അവസാനത്തെ പ്രത്യക്ഷപ്പെടല്‍ ആയിരുന്നു, ആ ദിവസം. ‘ഞാന്‍ ജപമാല രാജ്ഞിയാണ്. എല്ലാ ദിവസവും ജപമാല ചൊല്ലുക’ എന്നാണ് മാതാവ് അന്ന് കുട്ടികള്‍ വഴി ലോകത്തിന് സന്ദേശം നല്‍കിയത്.

1917 മെയ് 13 ാം തീയതി ഫാത്തിമായില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടപ്പോഴും മാതാവ് ആവശ്യപ്പെട്ടത് ലോകസമാധാനത്തിനു വേണ്ടി എല്ലാ ദിവസവും ജപമാല ചൊല്ലാനായിരുന്നു. അന്ന് ലോകം ഒന്നാം ലോകമഹായുദ്ധത്തിന്റെ കെടുതികളില്‍ പെട്ട് ഉഴലുകയായിരുന്നു. ലോകമഹായുദ്ധം അവസാനിക്കാന്‍ വേണ്ടി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ അന്ന് മാതാവ് ആവശ്യപ്പെട്ടു.

ഒക്ടോബര്‍ പ്രത്യേകമായി പരിശുദ്ധ കന്യകാമാതാവിന് സമര്‍പ്പിക്കപ്പെട്ട മാസമാണ്. ജപമാല മാസം എന്നും നാം വിളിക്കാറുണ്ട്. മാതാവ് ഫാത്തിമായില്‍ പ്രത്യക്ഷപ്പെട്ടതിന് സമാനമായ ഒരു സാഹചര്യത്തില്‍ കൂടിയാണ് ലോകം ഇന്ന് കടന്നു പോകുന്നത്. പ്രത്യക്ഷത്തില്‍ ഒരു ലോകമഹായുദ്ധം നടക്കുന്നില്ലെങ്കിലും ലോക സമാധാനം വലിയ ഭീഷണി നേരിടുന്ന ഒരു അവസ്ഥയാണിന്നുള്ളത്.

അണുവായുധങ്ങള്‍ തയ്യാറാക്കി വച്ച് പല രാജ്യങ്ങളും മനുഷ്യവര്‍ഗത്തിനാകെ ഭീഷണി ഉയര്‍ത്തുന്നു. ഭീകരവാദികള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും മനുഷ്യരെ കൊന്നൊടുക്കുന്നു. ക്രിസ്ത്യാനികള്‍ പരക്കെ ഭീഷണി നേരിടുന്നു. വര്‍ഗീയവും വംശീയവുമായ കൊലപാതകങ്ങളും നരഹത്യകളും അരങ്ങേറുന്നു. ഭ്രൂണഹത്യയും സ്വവര്‍ഗഭോഗവും പോലുള്ള പാപങ്ങള്‍ നടമാടുന്നു, അവയ്ക്ക് നിയമത്തിന്റെ പിന്തുണ ലഭിക്കുന്നു.

ഈ സാഹചര്യത്തില്‍ പരിശുദ്ധ അമ്മ ഫാത്തിമായില്‍ നല്‍കിയ സന്ദേശം വളരെ പ്രസക്തമാകുന്നു. നാം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണം. ലോകത്തിനു വേണ്ടിയും ലോകസമാധാനത്തിനു വേണ്ടിയും രാജ്യങ്ങള്‍ക്കു വേണ്ടിയും നാം പ്രാര്‍ത്ഥിക്കണം. നമ്മുടെ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ്സ് പാപ്പായുടെ സംരക്ഷണത്തിനായി നാം പ്രാര്‍ത്ഥിക്കണം. നമ്മുടെ കുടുംബത്തിനു വേണ്ടിയും സമൂഹത്തിനു വേണ്ടിയും പ്രാര്‍ത്ഥിക്കണം.

ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുമ്പോള്‍ നാം പരിശുദ്ധ മാതാവിനോട് ചേര്‍ന്നാണ് പ്രാര്‍ത്ഥിക്കുന്നത്.
അമ്മയോടൊത്ത് രക്ഷാകര രഹസ്യങ്ങള്‍ ധ്യാനിക്കുകയാണ് നാം ചെയ്യുന്നത്. നമുക്ക് പ്രാര്‍ത്ഥിക്കാം, പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങള്‍ക്കു വേണ്ടി, ഞങ്ങളുടെ രാജ്യത്തിനു വേണ്ടി, ഈ ലോകത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണമേ!

 

യേശുവില്‍ സ്നേഹപൂര്‍വ്വം,

ബ്രദര്‍ ഡൊമിനിക് പി.ഡി.
ഫിലാഡല്‍ഫിയ,
ചീഫ് എഡിറ്റര്‍.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Realated articles