ഓസ്‌കര്‍ റൊമേരോ -എല്‍ സാല്‍വദോറിന്റെ വിശുദ്ധന്‍

ദിവ്യബലിമധ്യേയാണ് ഓസ്‌കര്‍ റൊമേരോ കൊല്ലപ്പെട്ടത്. ക്രിസ്തുവിന്റെ രക്ത-മാംസങ്ങള്‍ രണ്ടായിരം വര്‍ഷങ്ങളുടെ ത്യാഗസ്മരണകളുമായി ബലിപീഠത്തില്‍ ഇറങ്ങിവരുന്നതിനു തൊട്ടു മുമ്പുള്ള നിമിഷത്തില്‍. തീജ്വാലകള്‍ ചിതറുന്ന പ്രഭാഷണം അവസാനിപ്പിച്ച് ബിഷപ്പ് റൊമേരോ ബലിപീഠത്തിലേക്കു മടങ്ങുമ്പോളാണ് കൊലയാളികളുടെ വെടിയുതിര്‍ന്നതെന്നു സാക്ഷ്യം. ബലിയും ബലിയര്‍പ്പകനും ഒന്നായിത്തീര്‍ന്ന അപൂര്‍വനിമിഷം. പാവങ്ങളുടെ പക്ഷം ചേര്‍ന്ന് ശക്തരായ ഭരണകൂടങ്ങളോടും സ്വേച്ഛാധിപത്യത്തോടും പൊരുതിയതിനുള്ള ശിക്ഷയായിരുന്നു, ആ മരണം. കാലം വാഴ്ത്തിയ രക്തസാക്ഷിത്വം!

ജനങ്ങളുടെ വിശുദ്ധന്‍ എന്നാണ് സാല്‍വദോറുകാര്‍ ബിഷപ്പ് റൊമേരോയെ വാഴ്ത്തുന്നത്. അഗാധമായ സ്‌നേഹത്തോടെയും ആദരവോടെയും ഈ ജനനായകനെ അവര്‍ നെഞ്ചിലേറ്റുന്നു. കഴഞ്ഞ മാര്‍ച്ചില്‍ മൂവായിരം സാല്‍വദോറിയന്‍കാര്‍ റൊമേരോയുടെ ചിത്രവുമുയര്‍ത്തിപ്പിടിച്ചു നടത്തിയ റാലിയില്‍ ഒരു ശബ്ദം മാത്രം ഉറക്കെ മുഴങ്ങി: റൊമേരോ, ജനങ്ങളുടെ വിശുദ്ധന്‍! ‘അവര്‍ അദ്ദേഹത്തെ കൊല്ലുന്നതിനു മുമ്പേ അദ്ദേഹം വിശുദ്ധനായിരുന്നു. അദ്ദേഹം എന്നും പാവപ്പെട്ടവര്‍ക്കൊപ്പമായിരുന്നു. ഞങ്ങളുടെ വേദനകളാണ് അദ്ദേഹം സഹിച്ചത്.’ മാര്‍ച്ചില്‍ പങ്കെടുത്ത എഴുപത്തൊന്‍പതുകാരിയായ ഒരു സ്ത്രീ പറഞ്ഞു.

മനുഷ്യവകാശങ്ങള്‍ക്കു വേണ്ടിയുള്ള സന്ധിയില്ലാ സമരമായിരുന്നു, റൊമേരോയെ എല്‍ സാല്‍വദോറിന്റെ ചരിത്രത്തില്‍ അതുല്യനാക്കി മാറ്റിയത്. ദരിദ്രര്‍ക്കെതിരായ നിലപാടെടുത്ത സര്‍ക്കാരിനെതിരെ അദ്ദേഹം പ്രഭാഷണങ്ങളിലൂടെ തുറന്ന് ആക്രമിച്ചു. എല്‌സാല്‍വദോറിയന്‍ ഭരണകൂടത്തിന് സൈനിക സഹായം നല്‍കിക്കൊണ്ടിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറിന് റൊമേരോ എഴുതി: ‘സൈനിക സഹായം നിര്‍ത്തണം. അത് എന്റെ ജനത്തെ അടിച്ചമര്‍ത്താന്‍ വേണ്ടിയാണ് ഉപയോഗിക്കുന്നത്.’ ബിഷപ്പിന് പക്ഷേ, മറുപടി ലഭിച്ചില്ല.

ജനങ്ങള്‍ അനാഥരായിരുന്നു. അവരുടെ രക്തം തെരുവുകളില്‍ ഒഴുകി. ആരും അവര്‍ക്കൊപ്പം നിലകൊണ്ടില്ല. ഈ കാലസന്ധിയിലാണ് റൊമേരോ ഏകനായി പട നയിച്ചത്. ജനങ്ങള്‍ക്കു വേണ്ടിയുള്ള നിലപാടുകള്‍ അദ്ദേഹത്തെ ഭരണകൂടത്തിനും ഭരണകൂടത്തെ എതിര്‍ക്കാതിരുന്ന ആത്മീയനേതൃത്വത്തിനും അനഭിമതനാക്കിത്തീര്‍ത്തു. യുദ്ധഭൂമിയില്‍ തനിച്ചായ പോരാളിയെ പോലെ റൊമേരോ ആടുകള്‍ക്കായി ജീവനര്‍പ്പിക്കുന്ന ഇടയനെ പോലെ പൊരുതി. മാര്‍ച്ച് 23 ന് അദ്ദേഹം ഏവരും ഭയപ്പെട്ടിരുന്ന കര്‍ഷകജന്മികളുടെ സൈന്യത്തിനെതിരെ ആഞ്ഞടിച്ചു. ‘നിങ്ങള്‍ സ്വന്തം ജനങ്ങളെ കൊല്ലുന്നതെന്തേ? ദൈവഹിതത്തിന് എതിരായ ഒരു കല്‍പനയും അനുസരിക്കാന്‍ നിങ്ങള്‍ക്ക് കടമില്ല. ദൈവനാമത്തില്‍, പീഡിതമായ എന്റെ ജനതയുടെ നാമത്തില്‍ ഞാന്‍ കേണപേക്ഷിക്കുന്നു, ഞാന്‍ ആജ്ഞാപിക്കുന്നു, ഈ നരനായാട്ട് നിര്‍ത്തൂ!’

മരണത്തിനു രണ്ടാഴ്ച മുമ്പ് അദ്ദേഹം പറഞ്ഞു: ഉയിര്‍ത്തെഴുന്നേല്‍പില്ലാത്ത മരണത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ഞാന്‍ മരിച്ചാല്‍, സാല്‍വദോറിലെ ജനതയില്‍ ഞാന്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കും’

ഓസ്‌കര്‍ റൊമേരോയുടെ ചേതനയ്ക്കു മരണമില്ല. ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനൊപ്പം ആ യുഗചൈതന്യം ജീവിക്കുന്നു. അദ്ദേഹം പ്രവചിച്ചതു പോലെ എല്‍ സാല്‍വദോറിന്റെ ജനതയുടെ ഓര്‍മകളില്‍ സിരകളില്‍ അദ്ദേഹം നിരന്തരം ഉയിര്‍ത്തെഴുന്നേറ്റുകൊണ്ടിരിക്കുന്നു. ഇനി മുതല്‍ ലോകമെമ്പാടും പീഡിതരായ ജനങ്ങളിലും അനീതിക്കെതിരെ ഉയരുന്ന ശബ്ദങ്ങളിലും ആ ചൈതന്യം ഉയിര്‍ത്തെഴുന്നേറ്റു കൊണ്ടേയിരിക്കും. അജയ്യമായി, അനശ്വരമായി…..

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles