കര്‍ദിനാള്‍ ന്യൂമാന്റെ ജീവിതം 3

~ അഭിലാഷ് ഫ്രേസര്‍ ~

 

കാര്‍മേഘങ്ങളും പ്രകാശരേണുക്കളും

ഇംഗ്ലണ്ട് മുഴുവന്‍ പ്രശസ്തിയാര്‍ജിച്ച അതിസ്വാധീനമുള്ള ഒരാള്‍ കത്തോലിക്കനായി ഇംഗ്ലണ്ടില്‍ ജീവിക്കുക അത്ര എളുപ്പമായിരുന്നില്ല. കടുത്ത പ്രൊട്ടസ്റ്റന്റ് വികാരം പടര്‍ന്നു കയറിയ കാലഘട്ടത്തില്‍ ന്യൂമാന് നിരവധി ആരോപണങ്ങളും എതിര്‍പ്പുകളും നേരിടേണ്ടതായി വന്നു. അപകീര്‍ത്തിപരമായ ലഘുലേഖകള്‍ പ്രസിദ്ധീകരിച്ചു എന്ന് ആരോപിച്ച് ന്യൂമാനെതിരെ കോടതി നടപടികള്‍ ആരംഭിച്ചു. കുറ്റവാളിയെന്നു മുദ്രകുത്തി ന്യൂമാന് നൂറ് പൗണ്ട് പിഴ ശിക്ഷ വിധിച്ചു.

1854-ല്‍ ഐറിഷ് ബിഷപ്പുമാരുടെ അഭ്യര്‍ത്ഥന പ്രകാരം ന്യൂമാന്‍ ഡബ്ലിനിലെത്തുകയും ‘കാത്തലിക് യൂണിവേഴ്‌സിറ്റി ഓഫ് ഐര്‍ലണ്ട്’ സ്ഥാപിക്കുകയും ചെയ്തു. ഇന്നത് ‘യൂണിവേഴ്‌സിറ്റി കോളജ്, ഡബ്ലിന്‍’ എന്നറിയപ്പെടുന്നു. ഇക്കാലത്തുതന്നെയാണ് അദ്ദേഹം ‘ലിറ്റററി ആന്റ് ഹിസ്റ്റോറിക്കല്‍ സൊസൈറ്റി’ സ്ഥാപിച്ചത്. നാലുവര്‍ഷത്തെ സേവനത്തിനുശേഷം ന്യൂമാന്‍ ഐര്‍ലണ്ടില്‍ നിന്നു മടങ്ങിപ്പോന്നു. ഐര്‍ലണ്ട് വാസത്തിന്റെ ഏറ്റവും അമൂല്യമായ സമ്പത്താണ് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ സമാഹരിച്ചു പ്രസിദ്ധീകരിച്ച ‘ദ ഐഡിയ ഓഫ് എ യൂണിവേഴ്‌സിറ്റി’ എന്ന മഹദ്ഗ്രന്ഥം. വിദ്യാഭ്യാസ വിദഗ്ധര്‍ക്ക് ബൗദ്ധികമായൊരു വെളിപാടിന്റെ പ്രകാശം പകരുന്ന ഈ പുസ്തകം ഒരു മാസ്റ്റര്‍പീസായി ഗണിക്കപ്പെടുന്നു.

1858-ല്‍ ന്യൂമാന്‍ ഓക്‌സ്‌ഫോര്‍ഡില്‍ കത്തോലിക്കരെ ഉദ്ദേശിച്ച് ഓറട്ടറിയുടെ ഒരു ശാഖ വിഭാവനം ചെയ്തു. കര്‍ദ്ദിനാള്‍ മാനിങ്ങും മറ്റും എതിര്‍ത്തതിനാല്‍ ആ പദ്ധതി ഉപേക്ഷിക്കപ്പെട്ടു. 1860-കളില്‍ കത്തോലിക്കര്‍ ഓക്‌സ്‌ഫോര്‍ഡില്‍ പഠിക്കാന്‍ ആരംഭിച്ചതുമുതല്‍ അവിടെ ഒരു കത്തോലിക്കാ ക്ലബ് രൂപീകൃതമായി. ഓക്‌സ്‌ഫോര്‍ഡില്‍ കത്തോലിക്കാ സഭയ്ക്കായി ന്യൂമാന്റെ സേവനങ്ങള്‍ക്കുള്ള ബഹുമാനാര്‍ത്ഥം 1888-ല്‍ ആ ക്ലബ് ‘ഓക്‌സ് ഫോ ര്‍ഡ് യൂണിവേഴ്‌സിറ്റി ന്യൂമാന്‍ സൊസൈറ്റി’ എന്നു പുനര്‍ നാമകരണം ചെയ്തു. ന്യൂമാന്റെ സ്വപ്നമായിരുന്ന ഓക്‌സ് ഫോ ര്‍ഡ് ഓറട്ടറി പിറന്നത് പിന്നെയും 100 വര്‍ഷങ്ങള്‍ക്കു ശേഷമാണ്, 1993-ല്‍. 1859-ല്‍ ന്യൂമാന്‍ ബിര്‍മിംഗ്ഹാം ഓറട്ടറി സ്ഥാപിച്ചു.

ന്യൂമാന്റെ ആത്മകഥ

‘അപ്പോളജിയ പ്രോ വിത്താ സുവാ’ എന്ന പേരില്‍ ലോകപ്രസിദ്ധമായ ന്യൂമാന്റെ ആത്മകഥ സെന്റ് അഗസ്റ്റിന്റെ ‘കണ്‍ഫെഷന്‍സിനു’ സമാനമായി പിറവി കൊണ്ടതാണ്. ന്യൂമാന്റെ ചിന്താപരമായ നീക്കങ്ങളും കത്തോലിക്കാ സഭയിലേക്കുള്ള പ്രവേശനവും ഇംഗ്ലണ്ടിലെ ബുദ്ധിജീവി സമൂഹം സംശയത്തോടെയും വിമര്‍ശനാത്മകവുമായാണ് വീക്ഷിച്ചിരുന്നത്. സമൂഹത്തിനു മുന്‍പിലും ലോകത്തിനു മുന്‍പി ലും തന്റെ നിലപാടുകള്‍ വ്യക്തമാക്കേണ്ടത് ആവശ്യമായി വന്നു. കത്തോലിക്കാ സഭയിലേക്കു തന്നെ നയിച്ച ഘടകങ്ങളും ബോ ധ്യങ്ങളും വ്യക്തമാക്കുന്ന ഈ ആത്മകഥ ശൈലിയുടെ ലാളി ത്യംകൊണ്ടും ചിന്തയുടെ ഗഹനതകൊണ്ടും ആത്മകഥാചരിത്രത്തിലെ അനുപമ ഗോപുരമായി നിലകൊള്ളുന്നു.

1862 മുതല്‍ ആത്മകഥയ്ക്കുള്ള ഒരുക്കം ന്യൂമാന്‍ ആരംഭിച്ചിരുന്നു. 1864-ല്‍ അതിന് തക്കതായ ഒരവസരം കൈവന്നു. ചാള്‍സ് കിം ഗ്ഡ്‌ലി എന്ന ആംഗ്ലിക്കന്‍ പ ണ്ഡിതന്‍ 1864 ജനുവരിയില്‍ എ ഴുതിയ ഒരു പരാമര്‍ശമാണ് അ തിനു തുടക്കമിട്ടത്. ”റോമന്‍ പു രോഹിതവൃന്ദത്തെ സംബന്ധിച്ച് സത്യം ഒരു അവശ്യപുണ്യം ആ കേണ്ടതില്ല എന്ന് ഫാദര്‍ ന്യൂമാന്‍ അറിയിക്കുന്നു” എന്നായിരുന്നു ആ പരാമര്‍ശം.

ഈ ആരോപണത്തിന് കരുത്തുറ്റ ഒരു മറുപടി നല്‍കാന്‍ ന്യൂമാന്റെ നിയമോപദേശകനായ എഡ്‌വേര്‍ഡ് ലൗത്ത് ബാഡ്‌ലീ അദ്ദേഹത്തെ പ്രേരിപ്പിച്ചു. തുടക്കത്തിലെ ചില വാദപ്രതിവാദങ്ങള്‍ക്കുശേഷം ന്യൂമാന്‍ ‘ ങൃ. ഗശിഴഹെല്യ മിറ ഉൃ. ചലംാമി : മ ഇീൃൃലുെീിറലിരല ീി വേല ൂൗലേെശീി ംവലവേലൃ ഉൃ. ചലംാമി ലേമരവല െവേമ േൃtuവേ ശ െിീ ്ശൃൗേല’ എന്ന പേരില്‍ ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചു. ”ആക്ഷേപഹാസ്യത്തിന്റെ തീവ്രതയുടെ കാര്യത്തില്‍ ഇതിനെ വെല്ലുന്ന മറ്റൊന്നും ഇംഗ്ലീഷ് ഭാഷയിലുണ്ടായിട്ടില്ല” എന്ന് ഈ ലഘുലേഖ പിന്നീട് വാഴ്ത്തപ്പെട്ടു.
ഇതിനെത്തുടര്‍ന്നാണ് ‘അപ്പോളജിയ പ്രോ വിത്താ സുവാ’യുടെ പിറവി. അത് ബാഡ്‌ലിയുടെ പ്രോത്സാഹനത്തിന്റെ ഫലമായിരുന്നു. ലഘുലേഖകളുടെ പരമ്പരകൂടി ഉള്‍പ്പെടുത്തി 1865-ല്‍ ന്യൂമാന്‍ തന്റെ ആത്മകഥ പ്രകാശനം ചെയ്തു.
1870-ല്‍ മറ്റൊരു ചിന്താഗോപുരമായ ‘ഗ്രാമര്‍ ഓഫ് അസെന്റ് ‘ പ്രസിദ്ധീകരിക്കപ്പെട്ടു. മതവിശ്വാസത്തിന്റെ വ്യാകരണങ്ങള്‍ യുക്തിസഹമായി പ്രതിപാദിക്കുന്ന ഈ ഗ്രന്ഥത്തിലെ വാദമുഖങ്ങള്‍ കത്തോലിക്കാ ദൈവശാസ്ത്രജ്ഞരുടെ പൊതുരീതിയില്‍ നിന്നു വിഭിന്നമാണ്.

കര്‍ദ്ദിനാള്‍ ന്യൂമാന്‍

1878-ല്‍ ഓക്‌സ്‌ഫോര്‍ഡിലെ ന്യൂമാന്റെ പഴയ കോളജ് അദ്ദേഹത്തെ ഓണററി ഫെലോ ആയി തിരഞ്ഞെടുക്കുകയും മുപ്പത്തിരണ്ടു വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹം വീണ്ടും ഓക് സ്‌ഫോര്‍ഡ് സന്ദര്‍ശിക്കുകയും ചെയ്തു. ആ ദിവസം തന്നെ ഒന്‍പതാം പീയൂസ് മാര്‍പാപ്പ കാലം ചെയ്തു. തുടര്‍ന്ന് സ്ഥാനമേറ്റ ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ ന്യൂമാനോട് ഏറെ ആദരവ് കാണിച്ചു. ന്യൂമാനെ കര്‍ദ്ദിനാള്‍ പദവിയിലേക്കുയര്‍ത്തണമെന്ന് നോര്‍ഫോക്കിലെ ഡ്യൂക്ക് ഉള്‍പ്പെടെയുള്ള അനേകം സമുന്നതരായ കത്തോലിക്കരില്‍നിന്ന് മാര്‍പാപ്പയുടെ പക്കല്‍ നിവേദനമെത്തി. 1879 ഫെബ്രുവരിയില്‍ ന്യൂമാനെ കര്‍ദ്ദിനാളായി ഉയര്‍ത്തിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനമുണ്ടായി. ഇംഗ്ലണ്ട് ഈ പ്രഖ്യാപനം ഹര്‍ഷാരവങ്ങളോടെ എതിരേറ്റു. രണ്ടു കാരണങ്ങളാല്‍ ആ പ്രഖ്യാപനം അനന്യമായി. ഒരു സാധാരണ വൈദികനും റോംനിവാസി അല്ലാത്തവനുമായ ഒരാള്‍ കര്‍ദ്ദിനാള്‍ പദവിയിലേക്കുയര്‍ത്തപ്പെടുന്നത് അപൂര്‍വമായൊരു കാര്യമായിരുന്നു. മെയ് 12-ന് ന്യൂമാന്‍ കര്‍ദ്ദിനാള്‍ പട്ടം സ്വീകരിച്ചു. ”ഹൃദയം ഹൃദയത്തോടു സംസാരിക്കുന്നു” എന്നായിരുന്നു തദവസരത്തില്‍ ന്യൂമാന്‍ സ്വീകരിച്ച മുദ്രാവാക്യം.

നിഴലുകളില്‍ നിന്നും പ്രതീകങ്ങളില്‍ നിന്നും സത്യത്തിലേക്ക്

ഒരു രോഗബാധയെത്തുടര്‍ന്ന് കര്‍ദ്ദിനാള്‍ ന്യൂമാന്‍ ഇംഗ്ലണ്ടില്‍ മടങ്ങിയെത്തി. മരണംവരെ എഡ്ജ്ബാസ്റ്റണിലെ ഓറട്ടറിയില്‍ അദ്ദേഹം ഏകാകിയായി ജീവിച്ചു. ഇടയ്ക്കിടയ്ക്ക് സെന്റ് പോ ള്‍സിലെ ഡീനായ പഴയ സുഹൃത്ത് ആര്‍.ഡബ്ല്യു.ചര്‍ച്ചിനെ സ ന്ദര്‍ശിക്കാന്‍ അദ്ദേഹം ലണ്ടനില്‍ പോയിരുന്നു. 1886 മുതല്‍ ന്യൂമാന്റെ ആരോഗ്യം ക്ഷയിച്ചു തുടങ്ങി. അദ്ദേഹം അവസാനമായി വി.കുര്‍ബാനയര്‍പ്പിച്ചത് 1889-ലെ ക്രിസ്മസ് ദിനത്തിലാണ്. 1890 ഓഗസ്റ്റ് ന്യുമോണിയ ബാധിച്ച് ബിര്‍മിംഗ്ഹാം ഓറട്ടറിയില്‍ വച്ച് കര്‍ദ്ദിനാള്‍ ന്യൂമാന്‍ ‘നിഴലുകളുടെയും പ്രതീകങ്ങളുടെയും ലോകത്തുനിന്ന് സത്യത്തെ മുഖാമുഖം ദര്‍ശിക്കുന്ന’ പിതൃഭൂമിയിലേക്ക് യാത്രയായി.
അദ്ദേഹത്തിന്റെ അന്ത്യദിനങ്ങളെയും നിര്യാണത്തെയുംകുറിച്ച് 1890 ഓഗസ്റ്റ് 12-ന് പ്രസിദ്ധീകരിച്ച ‘ടൈംസ് ഓഫ് ലണ്ടന്‍’ പത്രത്തിന്റെ പതിപ്പില്‍ കൊടുത്തിരുന്ന വിവരണം ഇപ്രകാരമാണ്:

”മൂന്നു ദിവസത്തോളം നീണ്ടുനിന്ന രോഗബാധയെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം എഡ്ജ്ബാസ്റ്റന്‍ ഓറട്ടറിയില്‍ വച്ച്,   തൊണ്ണൂറാമത്തെ വയസില്‍ കര്‍ദ്ദിനാള്‍ ന്യൂമാന്‍ നിര്യാതനായി. കുറേ വര്‍ഷങ്ങളായി വാര്‍ദ്ധക്യസഹജമായ ബലഹീനതകള്‍ പ്രകടിപ്പിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ ബുദ്ധിക്കും മനസ്സിനും യാതൊരുവിധ ക്ഷയവും സംഭവിച്ചിരുന്നില്ല. ഓറട്ടറി ദേവാലയത്തില്‍ അദ്ദേഹം അവസാനമായി പ്രസംഗിച്ചത് മൂന്നു വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു ഈസ്റ്റര്‍ ദിനത്തിലാണ്. എങ്കിലും 1889 ജനുവരി ഒന്നിന് മാര്‍പാപ്പയുടെ പൗരോഹിത്യ ജൂബിലിയെക്കുറിച്ച് അദ്ദേഹം ചില പരാമര്‍ശങ്ങള്‍ നടത്തുകയുണ്ടായി. അന്നുമുതല്‍ പള്ളിയില്‍ പ്രവേശിക്കുമ്പോഴും മടങ്ങുമ്പോഴും രണ്ടു വൈദികരുടെ സഹായം വേണ്ടിവന്നിരുന്ന വിധത്തില്‍ അദ്ദേഹം ക്ഷീണിതനായിരുന്നു…

കഴിഞ്ഞ ശനിയാഴ്ച രാത്രി കര്‍ദ്ദിനാളിനെ അതിശക്തമായ വിറയല്‍ ബാധിച്ചു. തുടര്‍ന്ന് പനി രൂക്ഷമാവുകയും ന്യുമോണിയയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുകയും ചെയ്തു. ടെലിഗ്രാമടിച്ചതനുസരിച്ച് ഡോ.ബ്ലണ്ട് ബ്ലാക്ക്പൂളില്‍ നിന്നെത്തുകയും ചികിത്സ ആരംഭിക്കുകയും ചെയ്തു. പകല്‍സമയത്ത്, തന്റെ മോശമായ അവസ്ഥ വകവയ്ക്കാതെ കര്‍ദ്ദിനാള്‍ ചിലരോട് സംസാരിക്കുകയും സെക്രട്ടറി ഫാ.നെവില്ലെയോട് ബ്രവിയറി (കാനോന നമസ്‌കാരം) വായിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ഇന്നലെ പുലര്‍ച്ചെ അദ്ദേഹത്തിന് ബോധം നഷ്ടപ്പെട്ടു. യാന്ത്രികമായി തന്റെ സെക്രട്ടറിയുടെ പേരായ ‘വില്യം’ എന്നു വിളിക്കുന്നതു കേള്‍ക്കാമായിരുന്നെങ്കിലും ബോധത്തിന്റെ യാതൊരു ലക്ഷണവും കാണിക്കുകയോ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയോ ചെയ്തില്ല. കര്‍ദ്ദിനാള്‍ ന്യൂമാന്റെ അന്ത്യവിനാഴികകളാണ് കടന്നുപോകുന്നതെന്ന് ഓറട്ടറിയിലെ വൈദികരെ ഡോക്ടര്‍ അറിയിച്ചു. റവ.ഓസ്റ്റിന്‍ മില്‍സ് ഓറട്ടറി അംഗങ്ങളുടെ സാന്നിധ്യത്തില്‍ ന്യൂമാന് അന്ത്യകൂദാശ നല്‍കി. കര്‍ദ്ദിനാള്‍ തികച്ചും അബോധാവസ്ഥയിലായിരുന്നതിനാല്‍ തിരുപ്പാഥേയം നല്‍കിയില്ല. എങ്കിലും അദ്ദേഹം ശനിയാഴ്ച ദിവ്യകാരുണ്യം സ്വീകരിച്ചിരുന്നു.

ലണ്ടനിലെ ഓറട്ടറിയിലേക്കും ബിഷപ് ഇന്‍സ്‌ലിക്കും കര്‍ദ്ദിനാളിന്റെ നില അറിയിച്ചുകൊണ്ട് കമ്പിയടിച്ചിരുന്നു. ബിഷപ് ഉച്ചതിരിഞ്ഞ് കര്‍ദ്ദിനാളിനെ സന്ദര്‍ശിക്കുകയും കുറച്ചുസമയം അദ്ദേഹത്തോടൊത്ത് ചെലവഴിച്ചശേഷം ഓറട്ടറി വൈദികരുടെ സാന്നിധ്യത്തില്‍ ന്യൂമാന്റെ ”ആത്മാവിനെ സമര്‍പ്പിച്ചു പ്രാര്‍ത്ഥന” നടത്തുകയും ചെയ്തു. സന്ധ്യയ്ക്ക് എട്ടുമണിക്ക് ഒരു അപ്പോയിന്റ്‌മെന്റ് ഉണ്ടായിരുന്നെങ്കിലും കര്‍ദ്ദിനാള്‍ മരിക്കുകയാണെന്നു കണ്ട ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ മരണസമയമായ 8.45 വരെ കൂട്ടിരുന്നു. സന്യാസസഭാ വൈദികരുടെ സാന്നിധ്യത്തില്‍ അദ്ദേഹം അന്ത്യശ്വാസം വലിച്ചു. വേദനയില്ലാതെയാണ് ആ മരണം എന്നു അനുമാനിക്കാനുള്ള എല്ലാ കാരണങ്ങളുമുണ്ട് താനും.

എട്ടു ദിവസങ്ങള്‍ക്കുശേഷം ബിര്‍മിംഗ്ഹാമിലെ റെ ഡ്‌നാള്‍ ഹില്ലിലെ സെമിത്തേരിയില്‍ ന്യൂമാന്‍ അടക്കം ചെയ്യപ്പെട്ടു. തന്റെ ചിരകാല സുഹൃത്തായിരുന്ന അം ബ്രോസ് സെന്റ് ജോണിനൊപ്പം അദ്ദേഹം മരണത്തിലും ശവക്കല്ലറ പങ്കിട്ടു. അദ്ദേഹത്തിന്റെ കുഴിമാടത്തിനുമേല്‍ അദ്ദേഹം തന്നെ തിരഞ്ഞെടുത്തിരുന്ന സ്മാരകക്കുറിപ്പ് ആലേഖനം ചെയ്തിട്ടുണ്ട്. അതിപ്രകാരമാണ്:
നിഴലുകളില്‍ നിന്നും പ്രതീകങ്ങളില്‍ നിന്നും സത്യത്തിലേക്ക്…

 

(അവസാനിച്ചു)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles