മരിയഭക്തി ആധുനിക കാലഘട്ടത്തിന്റെ അനിവാര്യഘടകം

~ കെ.ടി.പൈലി ~

 

ഇന്ന് മനുഷ്യര്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരവും പ്രതിവിധിയും പരി. കന്യാമറിയത്തിന്റെ മാതൃത്വത്തിലുള്ള വിശ്വാസവും ഭക്തിവണക്കങ്ങളുമാണ്. കാരണം ആദിമസഭ അനുഭവിച്ച സഭാരൂപീകരണത്തിന്റെ ഈറ്റുനോവ് അതേരൂപത്തില്‍ അല്ലെങ്കിലും സുഖലോലുപതയുടേയും ആസക്തികളുടേയും ലോകത്തില്‍ അനശ്ചിതത്വത്തിലാകുന്ന മനുഷ്യര്‍ക്കു അഭയവും ആശ്രയവുമാണ്. ഒരുകത്തോലിക്കാസഭാവിശ്വാസിക്ക് നിലനില്പിന് ഇന്ന് അവശ്യം ഒഴിവാക്കാനാവാത്ത ആ ഘടകങ്ങളാണ് വിശുദ്ധ കുര്‍ബാനയും മരിയഭക്തിയും. അനുദിനം ദിവ്യബലിയില്‍ പങ്കുചേരുകയും ജപമാല ഭക്തിപൂര്‍വ്വം ചൊല്ലുകയും ചെയ്യുന്ന ഒരാള്‍ ഒരിക്കലും വിശ്വാസത്തില്‍ നിന്ന് അകന്നുപോകില്ല. മാത്രമല്ല ലോകത്തിന്റെ പാപകരമായ എല്ലാ പ്രലോഭനങ്ങളെയും അതിജീവിക്കാനുള്ള ശക്തി ലഭിക്കുകയും ചെയ്യും.

ക്രിസ്തുവിന്റെ രക്ഷാകരചരിത്രത്തിന്റെ പിന്‍തുടര്‍ച്ചയാണ് ദിവ്യബലിയും മരിയഭക്തിയും. കാരണം ക്രിസ്തുരഹസ്യവും സഭാരഹസ്യവുമായി മറിയം അത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു. അപ്പസ്‌തോലന്‍മാരുടെ പ്രേഷിതപ്രവര്‍ത്തനത്തിന് കൂട്ടായ്മയും ശക്തിയും പകര്‍ന്നുകൊടുക്കുകവഴി ആദിമസഭാസമൂഹത്തിന് മറിയം ശക്തമായ നേതൃത്വം നല്കിയിരുന്നതായി കാണാം. പന്തക്കുസ്താദിനത്തില്‍ ശിഷ്യന്‍മാരെല്ലാവരും ഏകമനസ്സോടെ യേശുവിന്റെ അമ്മയായ മറിയത്തോടും മറ്റു സ്ത്രീകളോടും അവന്റെ സഹോദരരോടുമൊപ്പം പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്നു (അപ്പ: 1/14). യഥാര്‍ത്ഥത്തില്‍ ഈ സഭയുടെ ഉത്ഭവം തന്നെ ഈ കൂട്ടായ്മയില്‍ നിന്നുമാണ്. ഇതിനു നേതൃത്വം നല്കിയത് പരി. മറിയമായിരുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ദേവാലയങ്ങള്‍ ഉള്ളത് പരി. മറിയത്തിന്റെ നാമധേയത്തിലാണ് എന്നതുതന്നെ സഭാചരിത്രത്തില്‍ പരി. മറിയത്തിനുള്ള സ്ഥാനം വ്യക്തമാക്കുന്നു.

പല കാലഘട്ടങ്ങളിലായി മറിയത്തെ സംബന്ധിച്ച് അനേകം വിശ്വാസസത്യങ്ങള്‍ സഭ ആധികാരികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റവും ആധികാരിക പ്രബോധനമായ ”രക്ഷകന്റെ അമ്മ” എന്ന ചാക്രികലേഖനം വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പുറപ്പെടുവിക്കുകയുണ്ടായി. സഭ എപ്പോഴെങ്കിലും പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ടോ അപ്പോഴെല്ലാം മാതാവിലുള്ള വിശ്വാസവും മാധ്യസ്ഥവുമാണ് ആശ്രയം. കാരണം അവള്‍ രക്ഷാകരചരിത്രത്തില്‍ സുപ്രധാന കണ്ണി തന്നെയാണ്. ദൈവതിരുവിഷ്ടത്തിനു പൂര്‍ണ്ണമായി കീഴടങ്ങുകവഴി തിരുസുതന്റെ ദൗത്യത്തിനുവേണ്ടി പൂര്‍ണ്ണമായി സഹകരിക്കുകയും സമര്‍പ്പിക്കുകയും ചെയ്തു. കുരിശിന്‍ ചുവട്ടില്‍ നില്ക്കുന്ന മറിയം താന്‍ എത്രമാത്രം രക്ഷാകരദൗത്യത്തില്‍ സഹകരിച്ചു എന്നതിനു തെളിവാണ്. പുത്രന്റെ എല്ലാ വേദനകളും ഏറ്റുവാങ്ങിനില്‍ക്കുന്ന വ്യാകുലയായ അമ്മയാണ് ആത്മാക്കളുടെ രക്ഷയ്ക്ക് പുത്രന്റെ കൂടെ നിന്ന് ധൈര്യം പകര്‍ന്നത്. അങ്ങനെ ക്രിസ്തുരഹസ്യത്തിന്റെ അതുല്യസാക്ഷിയായ മറിയം ഇന്നും സഭാമക്കളുടെ അമ്മയാണ്. അപകടങ്ങളും പ്രതിസന്ധികളും നിറഞ്ഞ ജീവിതയാത്രയില്‍ അവള്‍ മാതൃസഹജമായ വാത്സല്യത്തോടെ അഭയവും സംരക്ഷണവും നല്കുന്നു. മാത്രമല്ല കാനായിലെ കല്യാണവിരുന്നില്‍ അവന്‍ പറയുന്നതുപോലെ ചെയ്യുവിന്‍” എന്ന പ്രബോധനത്താല്‍ ക്രിസ്തുവിന്റെ കല്പനകള്‍ അനുസരിക്കുവാന്‍ നമുക്ക് പ്രചോദനമരുളുകയും ചെയ്യുന്നു. അതുകൊണ്ടാണ് പരി. കന്യകാമറിയത്തിലുള്ള വണക്കവും വി. കുര്‍ബാനയിലുള്ള ആരാധനയും ഒരു ക്രൈസ്തവനെ സംബന്ധിച്ച് ഒഴിച്ചുകൂടാനാവാത്ത അവശ്യഘടകമായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Realated articles