കത്തോലിക്കാ സഭയുടെ അള്‍ത്താരകളില്‍ ഇനി വിശുദ്ധ മറിയം ത്രേസ്യയും

വത്തിക്കാന്‍ സിററി: സഭയുടെ അള്‍ത്താരകളില്‍ വിശുദ്ധ മറിയം ത്രേസ്യയും ഔദ്യോഗിക വണക്കത്തിനായി പ്രതിഷ്ഠിക്കപ്പെടുകയാണ്. വത്തിക്കാന്‍ ചത്വരത്തില്‍ വിശ്വാസി സഹസ്രത്തെ സാക്ഷിയാക്കി പരിശുദ്ധ കത്തോലിക്കാ സഭയുടെ തലവനും പത്രോസിന്റെ പിന്‍ഗാമിയുമായ ഫ്രാന്‍സിസ് മാര്‍പാപ്പ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെയും മറ്റ് നാല് വാഴ്ത്തപ്പെട്ടവരെയും ഔദ്യോഗിക പ്രഖ്യാപനത്തോടെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തി.ആത്മീയ നിര്‍വൃതിയുടെ അസുലഭ മുഹൂര്‍ത്തത്തില്‍ പ്രാര്‍ത്ഥനാ നിര്‍ഭരരായ വിശ്വാസ സമൂഹത്തെ സാക്ഷിയാക്കി കര്‍ദ്ദിനാള്‍ ജൊവാന്നി ആന്‍ജലോ ബേച്ചു വിശുദ്ധരുടെ ലഘു ചരിത്രം വായിക്കുകയും മാര്‍പാപ്പക്കു മുമ്പില്‍ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു.

ഔദ്യോഗികമായ വിശുദ്ധ പദവി പ്രഖ്യാപന പ്രാര്‍ത്ഥനയോടെ ഫ്രാന്‍സിസ് പാപ്പ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെയും വാ. കര്‍ദിനാള്‍ ജോണ്‍ ഹെന്‍ട്രി ന്യൂമാന്‍, വാ. ജുസപ്പീന വനീനി, വാ. ദുള്‍ച്ചെ ലോപ്പസ് പോന്റസ്, വാ. മര്‍ഗ്ഗരീത്ത ബേയ്സ് എന്നിവരെയും വിശുദ്ധരായി പ്രഖ്യാപിക്കുകയും ഔദ്യോഗിക ഡിക്രിയില്‍ ഒപ്പു വക്കുകയും ചെയ്തു. തുടര്‍ന്ന് ആരംഭിച്ച ഭക്തിനിര്‍ഭരമായ വി.ബലിയില്‍ ഇംഗ്ലീഷ് – ഇറ്റാലിയന്‍ ഭാഷകളിലെ ആദ്യ വായനകള്‍ക്കു ശേഷം കത്തോലിക്കാ സഭയുടെ ഔദ്യോഗിക ഭാഷയായ ലത്തീനിലും സുവിശേഷ രചന നടന്ന ഗ്രീക്ക് ഭാഷയിലും രണ്ട് ഡീക്കന്മാര്‍ സുവിശേഷ വായന നടത്തി. ഒരുമിച്ച് നടക്കുക, വിളിച്ചപേക്ഷിക്കുക, നന്ദി പ്രകാശിപ്പിക്കുക എന്നിവയാണ് യഥാര്‍ത്ഥ വിശുദ്ധിയിലേക്കുള്ള വഴിത്താരയെന്ന് വി. ബലി സന്ദേശത്തില്‍ പാപ്പ പറഞ്ഞു. ആരേയും ഒഴിവാക്കാതെ എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ജീവിത ശൈലിയാകണം ഇന്നിന്റെതെന്ന് പാപ്പ ആഹ്വാനം ചെയ്തു.

പാപ്പയുടെ വചന സന്ദേശത്തെ തുടര്‍ന്ന് ലത്തീന്‍, ഫ്രഞ്ച്, ജര്‍മ്മന്‍, ചൈനീസ്, പോര്‍ച്ചുഗീസ്, സ്പാനിഷ്, ഇറ്റാലിയന്‍ ഭാഷകളില്‍ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടവര്‍ കാറോസൂസ പ്രാര്‍ത്ഥനകള്‍ നടത്തി.ഫ്രാന്‍സിസ് പാപ്പക്കു മുമ്പില്‍ വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടവരുടെ സന്യാസ സമൂഹങ്ങളിലെ അംഗങ്ങളും വിശുദ്ധരുടെ കുടുംബാഗംങ്ങളും വിശുദ്ധരുടെ മാദ്ധ്യസ്ഥ്യം വഴിയായി അത്ഭുതങ്ങള്‍ നേടിയവരുടെ പ്രതിനിധികളും പ്രത്യേക സമര്‍പ്പണം നടത്തി. ഔദ്യോഗിക നന്ദി പ്രകാശനത്തിനും ത്രികാല ജപപ്രാര്‍ത്ഥനക്കും ശേഷം പരിശുദ്ധ പിതാവ് ഔദ്യോഗികമായ ആശീര്‍വ്വാദം നല്കി. തിരുക്കര്‍മ്മങ്ങള്‍ക്കു ശേഷം ഭക്തജനങ്ങള്‍ക്കിടയിലൂടെ കത്തോലിക്കാസഭയുടെ പരമാധ്യക്ഷനും ആടുകളുടെ മണമുള്ള ഇടയനുമായ ഫ്രാന്‍സിസ് പാപ്പയുടെ അനൗദ്യോഗിക സന്ദര്‍ശനം വിശ്വാസികള്‍ക്ക് അപൂര്‍വ്വ അനുഭവമായിരുന്നു. വിശുദ്ധ മറിയം ത്രേസ്യയുടെ മാതൃരൂപതാ അധ്യക്ഷനായ മാര്‍ പോളി കണ്ണൂക്കാടന്‍, പരിശുദ്ധ പിതാവിനോടൊപ്പം തിരുക്കര്‍മ്മങ്ങളില്‍ സഹകാര്‍മ്മികനായിരുന്നു. സീറോ-മലബാര്‍ സഭയുടെ പരമാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മെത്രാപ്പോലീത്തയും മറ്റ് മെത്രാന്മാരും തിരുക്കര്‍മ്മങ്ങളില്‍ സന്നിഹിതരായിരുന്നു.

സീറോ മലബാര്‍ സഭാംഗങ്ങളായ നിരവധി വൈദികരും സന്യസ്ഥരും ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധി സംഘാംഗങ്ങളായ വിദേശകാര്യ സഹമന്ത്രി ശ്രീ. വി. മുരളീധരനും തൃശൂര്‍ എം.പി ശ്രീ. ടി. എന്‍. പ്രതാപനും റിട്ടയേര്‍ഡ് സുപ്രീം കോടതി ജസ്റ്റിസ് ശ്രീ. കുര്യന്‍ ജോസഫും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ആയിരക്കണക്കിന് മലയാളികളും ഈ പുണ്യ നഗരത്തെ കൈരളി തനിമയാക്കി മാറ്റുകയായിരുന്നു. തിരുകുടുംബ സന്യാസിനി സമൂഹത്തിന്റെ മദര്‍ ജനറാള്‍ റവ. സി. ഉദയാ സി. എച്ച്.എഫ്. കൗണ്‍സിലേഴ്‌സ്, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയേഴസ്, പ്രതിനിധികളായി എത്തിയതിരുകുടുംബ സന്യാസിനികള്‍, വ്യത്യസ്ത സന്യാസ-സന്യാസിനി സമൂഹങ്ങളിലെ ജനറാള്‍മാര്‍, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയേഴ്‌സ്, പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് ഈ ആത്മീയ നഗരത്തെ ഒരു സന്ന്യാസ സാക്ഷ്യമാക്കി മാറ്റി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കര്‍ദ്ദിനാള്‍മാരും മെത്രാന്മാരും വിശ്വാസ സമൂഹവും ഭക്തിയുടെ ഈ ശുഭ മുഹൂര്‍ത്തത്തെ ആത്മീയ ഉത്സവത്തിന്റെ നിര്‍വൃതിയോടെ അനുഭവിക്കുകയായിരുന്നു.തങ്ങളുടെ രാജ്യങ്ങളിലെ വിശുദ്ധരുടെ പേരുകള്‍ മാര്‍പാപ്പ പ്രഖ്യാപിക്കുമ്പോള്‍ അഭിമാനത്തോടെ, ഹര്‍ഷാരവത്തോടെ, വിശുദ്ധരുടെ ഛായാചിത്രങ്ങളും ദേശീയ പതാകകളും ഉയര്‍ത്തി ജനം വിശുദ്ധ നഗരത്തില്‍ പ്രകമ്പനം ഉയര്‍ത്തുകയായിരുന്നു.
ഇന്ന് രാവിലെ 10.30 ന് സെന്റ് അനസ്താസ്യ ബസിലിക്കയില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ പ്രത്യേക കൃതജ്ഞതാബലിയും വിശുദ്ധയുടെ തിരുശേഷിപ്പു വന്ദനവും നടക്കുന്നതാണ്.
ഫാ. ആന്റണി തലച്ചെല്ലൂര്‍
സെക്രട്ടറി,
 സീറോ മലബാര്‍ മീഡിയ കമ്മിഷന്‍

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Realated articles