ദൈവം വിരല്‍ തൊടുന്ന കത്തുകള്‍

ഒരു കത്തിന്റെ വില തീവ്രമായ ഒറ്റപ്പെടല്‍ അനുഭവിക്കുന്നവനേ അറിയൂ. തനിക്കു കത്തെഴുതാന്‍ ആരെങ്കിലുമുണ്ടെന്ന് സ്വയം വിശ്വസിപ്പിച്ച് ആശ്വസിക്കാന്‍ വേണ്ടി സ്വന്തം മേല്‍വിലാസത്തില്‍ കത്തെഴുതി അയച്ചിരുന്നവരെ കുറിച്ചു കേട്ടിട്ടുണ്ട്. മാര്‍കേസിന്റെ നോ വണ്‍ റൈറ്റ്‌സ് ടു കേണല്‍ എന്ന നോവല്ലെയുടെ പേരു കേള്‍ക്കുമ്പോള്‍ ഉണരുന്ന തീവ്രമായ പരിത്യക്തതയുടെ ഹിമസ്പര്‍ശം ആരുടെയൊക്കെയോ ഭയാനകമായ ഏകാന്തതയുടെ ആഴത്തെ ഓര്‍മിപ്പിക്കുന്നു. ഫേസ്ബുക്കില്‍ ഒരു നിലവിളി കുറിച്ചിട്ട് ഒരു മറുപടിക്കായി കാത്തിരിക്കുന്നവരുടെ നെഞ്ചിലെ മഹാശൂന്യതകള്‍ ഓര്‍ക്കുമ്പോള്‍ ഉള്ളം പൊള്ളുന്നു! ആരറിയുന്നു, ഏതു മഹാവിഷാദത്തിന്റെ തുരുത്തില്‍ ഒറ്റപ്പെട്ടു നില്‍ക്കയാണയാളെന്ന്! ആര്‍്‌ക്കൊക്കെയോ വേണ്ടി മറുപടി കുറിക്കുന്നതത്ര ചെറിയ കാര്യമല്ല, തീര്‍ച്ച!

മുറിവേറ്റ ഇത്തരം മൗനങ്ങള്‍ കനത്തു കിടക്കുന്ന ഈ ഭൂമിയില്‍ ക്ലൗസ് ഹാരോ സംവിധാനം ചെയ്ത ലെറ്റേഴ്‌സ് ടു ഫാദര്‍ ജേക്കബ് പ്രസക്തമാകുന്നു. ഒരു വൃക്ഷച്ചുവട്ടിലിരുന്ന് തനിക്കു വരുന്ന കത്തുകള്‍ക്കു മറുപടി പറഞ്ഞെഴുതിക്കുന്ന യാക്കോബച്ചന്റെ ചിത്രം ഹൃദയസ്പര്‍ശിയായൊരു ഓട്ടോഗ്രാഫ് കുറിമാനം പോലെ ഓര്‍മയില്‍ മായാതെ കിടക്കുന്നു. ആ വാക്കുകള്‍ നെഞ്ചിനുള്ളിലെ ഏകാകിയോടാണ് പറയുന്നതെന്ന് തോന്നുകയും ഉള്ളില്‍ ആര്‍ദ്രതയുടെ ഒരു ഉറവ കനിയുകയും ചെയ്തു! കണ്ണുകള്‍ക്കു കാഴ്ച നഷ്ടപ്പെട്ട, വൃദ്ധനും നിരാലംബനുമായ ഒരു വൈദികന്‍ എങ്ങനെയാണ് സ്വയം ഭൂമിക്ക് അനുഗ്രഹമായി മാറുക എന്നതിന്റെ നേര്‍ക്കാഴ്ചയാണ് ലെറ്റേഴ്‌സ് ടു ഫാദര്‍ ജേക്കബ്. തിരുക്കര്‍മങ്ങളെല്ലാം അനേകനാളുകളായി മുടങ്ങിക്കിടക്കുന്ന, പരിത്യക്തമായ ഒരു പള്ളിക്കു സമീപം സ്ഥിതി ചെയ്യുന്ന പഴകി ഒറ്റപ്പെട്ട ഒരു വൈദിക ഭവനത്തിലാണ് വയോധികനായ ഫാദര്‍ ജേക്കബ്ബിന്റെ വാസം. ഒരു റൊട്ടി അല്പാല്പമായി മുറിച്ചു കഴിച്ചു ജീവിതം നിലനിര്‍ത്തുന്ന ഫാദര്‍ ജേക്കബിന്റെ ജീവിതത്തിന്റെ പ്രധാന ചര്യ തനിക്കു വരുന്ന കത്തുകള്‍ വായിച്ച് അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും സമാശ്വസകരമായ മറുപടികള്‍ നല്‍കുകയുമാണ്. കത്തെഴുതിക്കൊടുക്കാന്‍ ആളില്ലാതാകുന്ന ഒരവസരത്തില്‍ അദ്ദേഹത്തെ സഹായിക്കാന്‍ ലൈല സ്റ്റീന്‍ എന്ന മാപ്പു ലഭിച്ച ജീവപര്യന്ത തടവുകാരി നിയുക്തയാവുകയാണ്. ക്രൂരനായ സഹോദരീഭര്‍ത്താവിനെ കുത്തിക്കൊന്ന കുറ്റത്തിന് ശിക്ഷ അനുഭവച്ചു പോന്ന ബലിഷ്ഠകായയായ ലൈലയുടെ മനസ്സു മുഴുവന്‍ വെറുപ്പാണ്. ഈ ലോകത്തില്‍ ആര്‍ദ്രാമയതില്‍ നിന്നെല്ലാം പുറംതിരിഞ്ഞ് സ്വയം തീര്‍ത്ത മനസ്സിന്റെ തുരുത്തില്‍ ഏകയായി കഴിയുകയാണവള്‍. മറ്റൊരു വഴിയില്ലാത്തതിനാല്‍, മനസ്സില്ലാ മനസ്സോടെ അവള്‍ അച്ചന്റെ കത്തെഴുത്തുകാരിയാകുന്നു. തങ്ങളുടെ സ്വകാര്യസങ്കടങ്ങളും പ്രാര്‍ത്ഥനാ നിയോഗങ്ങളും അച്ചനെ എഴുതിയറിയിക്കുന്നവയാണ് കത്തുകളില്‍ ഭൂരിഭാഗവും. കൃത്യമായ ബൈബിള്‍ വചനം ഉദ്ധരിച്ച് അച്ചന്‍ പറഞ്ഞു കൊടുക്കുന്ന മറുപടികള്‍ ലൈല പകര്‍ത്തിയെഴുതുന്നു.

നിത്യേന ഫാദര്‍ ജേക്കബിനുള്ള കത്തുകളുമായി സൈക്കിളില്‍ എത്തുന്ന പോസ്റ്റുമാന്‍ വൈകാതെ ലൈലയുടെ ശത്രുവാകുന്നു, കത്തെഴുത്ത് അവള്‍ക്കു ബോറടിച്ചു തുടങ്ങി എന്നതു തന്നെ കാരണം. ക്രമേണ വരുന്ന കത്തുകളെല്ലാം ഒളിപ്പിച്ചു വച്ച്, ലൈല കത്തുകള്‍ വന്നില്ല എന്നു അച്ചനോട് കളവ് പറയുന്നു. ഒരു വേള പോസ്റ്റുമാനെ അവള്‍ ഭയപ്പെടുത്തി ഓടിക്കുകയും ചെയ്യുന്നു. കത്തുകളില്ലാതാകുമ്പോള്‍ ജേക്കബ്ബച്ചന്റെ നിലനില്പു തന്നെ ഒരു സമസ്യയായിത്തീരുന്നു. എവിടെയോ ഉള്ള വേദനിക്കുന്ന ജനങ്ങള്‍ക്കു സമാശ്വാസമാകുന്നതിലായിരുന്നു, അച്ചന്‍ സായൂജ്യമടഞ്ഞിരുന്നത്. അതായിരുന്നു, അദ്ദേഹത്തിന്റെ ജീവശക്തി. ജീവിതം നിഷ്ഫലമായി മാറുന്നുവോ എന്ന വിചാരം അച്ചനെ ക്ഷീണിതനും ദുഖിതനും ആക്കുന്നു. മറുപടികള്‍ അയക്കാതായപ്പോള്‍ അച്ചനു കത്തുകള്‍ വരാതായി. വിഷാദമൂകമായ രാപകലുകള്‍ കഴിഞ്ഞുപോകുന്നു. കത്തുകള്‍ക്കു പകരം രണ്ടു മാസികകള്‍ മാത്രം തപാലിലെത്തിയ ഒരു ദിവസം ലൈല മനസ്സലിവു തോന്നി കത്തുകള്‍ വായിക്കാനെന്ന മട്ടില്‍ അച്ചനെ വിളിച്ചിരുത്തുന്നു. ഒരു കത്ത് അവള്‍ ഭാവനയില്‍ സൃഷ്ടിച്ചു വായിക്കുന്നു. രണ്ടാമത്തെ കത്തു വായിക്കാനാവശ്യപ്പെടുമ്പോള്‍ ലൈല പറയുന്നത് സ്വന്തം കഥയാണ്. ചെറുപ്പകാലത്ത് തനിക്കു വേണ്ടി അമ്മയുടെ ശിക്ഷകള്‍ ഏറ്റുവാങ്ങിയിരുന്ന സഹോദരിയുടെ കഥ. പിന്നീട് ഭര്‍ത്താവിന്റെ പീഡനങ്ങളേറ്റു വാങ്ങി ജീവിച്ച ആ സഹോദരിയുടെ ദുര്യോഗം കണ്ടു സഹിക്കവയ്യാതെ അയാളെ കുത്തിക്കൊന്ന കഥ. സഹോദരിയെ അനാഥയാക്കിയതിലുള്ള കുറ്റബോധം കൊണ്ട് ലൈല ആദ്യമായി തേങ്ങിക്കരയുന്നു. അവള്‍ക്ക് തന്നോടു ക്ഷമിക്കാനും പഴയതു പോലെ തന്നെ സ്‌നേഹിക്കാനും കഴിയില്ലെന്നാണ് ലൈല വിശ്വസിക്കുന്നത്. അതിനു ജേക്കബ്ബച്ചന്‍ പറഞ്ഞ മറുപടി അവളെ വിസ്മയിപ്പിക്കുകയും വിമലീകരിക്കുകയും ചെയ്യുന്നു. ലൈല ജയിലിലായ നാള്‍മുതല്‍ അവളുടെ സഹോദരി, ലൈലയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അപേക്ഷിച്ചു കൊണ്ട് തനിക്കു നിരന്തരം കത്തെഴുതുമായിരുന്നുത്രേ. അവളുടെ അപേക്ഷ പ്രകാരമാണ് ജയിലധികാരികളോട് അപേക്ഷിച്ച് ലൈലയുടെ ശിക്ഷ ഇളവു നേടിയതും അവളെ കത്തെഴുത്തുകാരിയായി കൂടെ കൂട്ടിയതും. സഹോദരി അവളോട് എന്നേ ക്ഷമിച്ചു കഴിഞ്ഞുവെന്നും ഇപ്പോഴും സ്‌നേഹിക്കുന്നുവെന്നും അറിയുമ്പോള്‍ ലൈല പൊട്ടിക്കരയുന്നു. അവളുടെ കഠിനഹൃദയം ആര്‍ദ്രമാകുന്നു. മിഴികള്‍ പെയ്തു തോര്‍ന്നപ്പോള്‍, അച്ചനെ അന്വേഷിച്ച് അദ്ദേഹത്തിന്റെ മുറിയിലെത്തുന്ന ലൈല കാണുന്നത് ഒരു ബലി പോലെ ചേതനയറ്റു കിടക്കുന്ന ജേക്കബ്ബച്ചന്റെ ശരീരമാണ്!വൃദ്ധരും രോഗികളും മനുഷ്യരുടെ മുന്നില്‍ പ്രശംസാര്‍ഹവുമായ എന്തെങ്കിലും ചെയ്യാന്‍ കഴിയാത്തവരുമായ സമര്‍പ്പിതരെ കൊണ്ട് എന്തു ഗുണം എന്ന ചോദ്യത്തിന് ഉത്തരം കൂടിയാണ് ഈ മനോഹര ചലച്ചിത്രം. അകലങ്ങളിലെവിടെയോ വേദനിക്കുന്ന ആര്‍ക്കൊക്കെയോ വേണ്ടി ഹൃദയപൂര്‍വം കുറിച്ചിടുന്ന വാക്കുകള്‍ ദൈവസന്നിധിയില്‍ വിലയുള്ള സുകൃതമാണെന്നു കൂടി ഈ ചിത്രം ഓര്‍മപ്പെടുത്തുന്നു.

അഭിലാഷ് ഫ്രേസര്‍

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles