മറിയത്തിന്റെ സ്‌തോത്രഗീതം വരാനിരിക്കുന്ന ദൈവരാജ്യത്തിന്റെ ഉണര്‍ത്തുപാട്ട്്‌

~ കെ.ടി.പൈലി  ~

 

വപുത്രനായ യേശുവിനെ ഉദരത്തില്‍ ഗര്‍ഭം ധരിക്കാന്‍ സമ്മതിച്ച മറിയത്തിന്റെ ദൈവരാജ്യപ്രഘോഷണത്തിന്റെ ഉണര്‍ത്തുപാട്ടാണ് അവള്‍ പാടിയ സ്‌തോത്രഗീതം. മറിയം എല്ലാം മറന്നുപാടുന്നു. ‘എന്റെ ആത്മാവ് കര്‍ത്താവിനെ മഹത്വപ്പെടുത്തുന്നു എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു’ (ലൂക്കാ 1.46-47). മറിയത്തിന്റെ ആത്മജ്ഞാനത്തിന്റെയും ഹൃദയശുദ്ധിയുടേയും പ്രതിഫലനമാണ് ഈ ഏറ്റുപറച്ചില്‍. മറിയത്തിന്റെ എളിമയാണ് അവളെ ദൈവത്തിനു പ്രിയമുള്ളവളാക്കിയത്. അവിടുന്ന്് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. (ലൂക്കാ 1.48). അഹങ്കാരത്തിന്റെ കൊമ്പൊടിക്കുന്ന ദൈവത്തിന്റെ ശക്തമായ കരം ശക്തന്മാരെ തകര്‍ക്കുന്നു എന്ന സത്യവും ഇവിടെ വിളംബരം ചെയ്യുന്നു.

ശക്തന്മാരെ സിംഹാസനത്തില്‍ നിന്നും മറിച്ചിട്ടു; എളിയവരെ ഉയര്‍ത്തി. (ലൂക്കാ 1.52). ദൈവത്തിന്റെ ശക്തി പ്രഭാവത്തിനു മുമ്പില്‍ എത്ര ശക്തനായവനും മുട്ടുമടക്കും എന്ന സത്യം മറിയം വെളിപ്പെടുത്തുന്നു. ഇതാണ് ദൈവരാജ്യത്തിന്റെ ഉദയത്തിനുമുമ്പുള്ള ഉണര്‍ത്തുപാട്ട്.
പ്രഭാഷകന്റെ പുസ്തകത്തില്‍ ഈ സത്യം തുറന്നു കാട്ടുന്ന വരികളാണ്: അഹങ്കാരം തുടങ്ങുമ്പോള്‍ കര്‍ത്താവില്‍ നിന്നകലുന്നു. ഹൃദയം അവന്റെ സ്രഷ്ടാവിനെ പരിത്യജിക്കുന്നു. അഹങ്കാരത്തോടൊപ്പം പാപവും മുളയെടുക്കുന്നു; അതിനോട് ഒട്ടിനില്‍ക്കുന്നവന്‍ മ്ലേഛത വമിക്കും. അതിനാല്‍ കര്‍ത്താവ് അപൂര്‍വമായ പീഡകളയച്ച് അവനെ നിശേഷം നശിപ്പിക്കുന്നു. കര്‍ത്താവ് പ്രബലന്മാരെ സിംഹാസനത്തില്‍ നിന്നും താഴെയിറക്കി വിനീതരെ ഉയര്‍ത്തുന്നു (പ്രഭാ. 10.12-14). മറിയം ഏറ്റുപറഞ്ഞതും ഈ വചനഭാഗം തന്നെയാണ്.

ദാനിയേലിന്റെ പുസ്തകത്തില്‍ ഇതിനു സമാനമായ ഒരു സംഭവം വിവരിക്കുന്നുണ്ട്. ബാബിലോണ്‍ രാജാവായ നബുക്കദ്‌നേസര്‍ രാജാവ് അഹങ്കാരത്താല്‍ മദോന്മത്തനായി പറയുന്നു: ‘എന്റെ രാജകീയ മഹത്വത്തിനു വേണ്ടി, രാജമന്ദിരമായി എന്റെ മഹാപ്രഭാവത്താല്‍ നിര്‍മ്മിച്ചതല്ലേ മഹത്തായ ഈ ബാബിലോണ്‍. ഈ വാക്കുകള്‍ രാജാവിന്റെ വായില്‍നിന്നും വീഴുംമുമ്പേ സ്വര്‍ഗത്തില്‍നിന്നു ഒരു സ്വരം ശ്രവിച്ചു. നബുക്കദ്‌നേസര്‍ രാജാവേ, നിന്നോടാണു പറയുന്നത്. രാജ്യം നിന്നില്‍ നിന്നു വേര്‍പെട്ടിരിക്കുന്നു. നീ മനുഷ്യരുടെ ഇടയില്‍നിന്നു ഓടിക്കപ്പെടുകയും നിന്റെ വാസം വന്യമൃഗങ്ങളോടൊത്ത് ആയിരിക്കുകയും ചെയ്യും. കാളയേപ്പോലെ നീ പുല്ലു തിന്നും. മനുഷ്യരുടെ രാജ്യം ഭരിക്കുന്നത് അത്യുന്നതനാണെന്നും താന്‍ ഇച്ഛിക്കുന്നവന് അവിടുന്ന് അതു നല്‍കുമെന്നും നീ അറിയുന്നതുവരെ ഏഴു സംവത്സരം കടന്നുപോകും. അക്ഷരം പ്രതി ഈ വചനം പൂര്‍ത്തിയാക്കപ്പെട്ടു. (ദാനിയേല്‍ 4.29-33).

ഹേറോദേസിനു സംഭവിച്ച ദുരന്തവും ഇങ്ങനെ വിവരിക്കുന്നു. ഒരു നിശ്ചിത ദിവസം ഹേറോദേസ് രാജകീയ വസ്ത്രങ്ങള്‍ ധരിച്ച് സിംഹാസനത്തില്‍ ഉപവിഷ്ടനായി, അവരോടു പരസ്യമായി സംസാരിച്ചു. ജനക്കൂട്ടം വിളിച്ചു പറഞ്ഞു. ഇത് ഒരു ദേവന്റെ സ്വരമാണ്, മനുഷ്യന്റേതല്ല. പെട്ടെന്ന് കര്‍ത്താവിന്റെ ഒരു ദൂതന്‍ അവനെ അടിച്ചുവീഴ്ത്തി. എന്തെന്നാല്‍ ദൈവത്തിന് അവന് മഹത്വം നല്‍കിയില്ല. പുഴുക്കിരയായി അവന്‍ അന്ത്യശ്വാസം വലിച്ചു (അപ്പ.പ്രവ. 12. 21-23).

മറിയം ഏറ്റുപാടിയതും ഈ സത്യം തന്നെയാണ്. ‘ഹൃദയവിചാരത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിച്ചു. ശക്തന്മാരെ സിംഹാസനത്തില്‍നിന്നും മറിച്ചിട്ടു. എളിയവരെ ഉയര്‍ത്തി’ വരാനിരിക്കുന്ന ദൈവരാജ്യത്തിന്റെ ഉണര്‍ത്തുപാട്ടായി ഈ സ്‌തോത്രഗീതം വിരാജിക്കുന്നു. ഇസ്രയേലിന്റെ വിമോചകനായി ഒരു രാജാവു വരാനിരിക്കുന്നു എന്നും അവന്‍ ദാവീദിന്റെ പുത്രനായി വാഴ്ത്തപ്പെടുമെന്നും യഹൂദര്‍ക്കിടയില്‍ ഒരു വിശ്വാസമുണ്ടായിരുന്നു. അങ്ങനെ രാജാവാകുവാന്‍ ഒരു രാജ്ഞിയുടെ മകനായി രാജകൊട്ടാരത്തിലല്ലേ ജനിക്കേണ്ടത്? എന്നാല്‍ കേവലം ഒരു സാധാരണ യഹൂദ കന്യകയായ മറിയത്തിനാണ് ദൈവകുമാരന്റെ അമ്മ എന്ന ബഹുമതി ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Realated articles