സ്‌നേഹം ധൂര്‍ത്തടിക്കുന്ന പിതാവിന്റെ കഥ

~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.

കൈത്താക്കാലം രണ്ടാം ഞായര്‍ സുവിശേഷ സന്ദേശം

ആമുഖം

വളരെ പ്രശസ്തമായ ഒരു ഉപമയാണ് ഇന്നത്തെ സുവിശേഷത്തില്‍ നാം വായിക്കുന്നത്. ധൂര്‍ത്തപുത്രന്റെ ഉപമ. ആത്മാര്‍ത്ഥമായ അനുതാപത്തോടെ മടങ്ങി വരുന്ന ധൂര്‍ത്തപുത്രനെ നിരുപാധികമായ സ്‌നേഹത്തോടെയാണ് പിതാവ് സ്വീകരിക്കുന്നത്. പാപം ചെയ്തിട്ട് അനുതപിക്കാന്‍ തയ്യാറാകുന്ന എല്ലാവരുടെയും പ്രതിനിധിയാണ് ധൂര്‍ത്തപൂത്രന്‍.

ബൈബിള്‍ വായന

ലൂക്ക 15. 11 – 32

“അവന്‍ പറഞ്ഞു: ഒരു മനുഷ്യനു രണ്ടു പുത്രന്മാരുണ്ടായിരുന്നു. ഇളയവന്‍ പിതാവിനോട് പറഞ്ഞു: പിതാവേ, സ്വത്തില്‍ എന്റെ ഓഹരി എനിക്കു തരിക. അവന്‍ സ്വത്ത് ഇവര്‍ക്കായി ഭാഗിച്ചു. ഏറെ താമസിയാതെ, ഇളയമകന്‍ എല്ലാം ശേഖരിച്ചുകൊണ്ടു ദൂരദേശത്തേക്കു പോയി, അവിടെ ധൂര്‍ത്തനായി ജീവിച്ച്, സ്വത്തു നശിപ്പിച്ചു കളഞ്ഞു. അവന്‍ എല്ലാം ചെലവഴിച്ചു കഴിഞ്ഞപ്പോള്‍ ആ ദേശത്ത് ഒരു കഠിനക്ഷാമം ഉണ്ടാവുകയും അവന്‍ ഞെരുക്കത്തിലാവുകയും ചെയ്തു. അവന്‍, ആ ദേശത്തെ ഒരു പൗരന്റെ അടുത്ത് അഭയം തേടി.അയാള്‍ അവനെ രന്നികളെ മേയ്ക്കാന്‍ വയലിലേക്കയച്ചു. പന്നി തിന്നിരുന്ന തവിടെങ്കിലുംകൊണ്ട് വയറു നിറയ്ക്കാന്‍ അവന്‍ ആശിച്ചു. പക്ഷേ, ആരും അവന് കൊടുത്തില്ല. അപ്പോള്‍ അവനു സുബോധമുണ്ടായി. അവന്‍ പറഞ്ഞു.: എന്റെ പിതാവിന്റെ എത്രയോ ദാസന്മാര്‍ സുഭിക്ഷമായി ഭക്ഷണം കഴിക്കുന്നു! ഞാനോ ഇവിടെ വിശന്നു മരിക്കുന്നു! ഞാന്‍ എഴുന്നേറ്റ് എന്റെ പിതാവിന്റെ അടുത്തക്കു പോകും. ഞാന്‍ അവനോടു പറയും: പിതാവേ, സ്വര്‍ഗ്ഗത്തിനെതിരായും നിന്റെ മുമ്പിലും ഞാന്‍ പാപം ചെയ്തു. നിന്റെ പുത്രനെന്നു വിളിക്കപ്പെടാന്‍ ഞാന്‍ ഇനി യോഗ്യനല്ല. നിന്റെ ദാസരില്‍ ഒരുവനായി എന്നെ സ്വീകരിക്കണമേ. അവന്‍ എഴുന്നേറ്റ്, പിതാവിന്റെ അടുത്തേക്ക് ചെന്നു. ദൂരെവച്ചുതന്നെ പിതാവ് അവനെ കണ്ടു. അവന്‍ മനസ്സലിഞ്ഞ് ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു ചുംബിച്ചു. മകന്‍ പറഞ്ഞു: പിതാവേ, സ്വര്‍ഗ്ഗത്തിനെതിരായും നിന്റെ മുമ്പിലും ഞാന്‍പാപം ചെയ്തു. നിന്റെ പുത്രനെന്നു വിളിക്കപ്പെടുവാന്‍ ഞാന്‍ ഇനി യോഗ്യനല്ല. പിതാവാകട്ടെ, തന്റെ ദാസരോടുപറഞ്ഞു: ഉടനെ മേല്‍ത്തരം വസ്ത്രം കൊണ്ടുവന്ന് ഇവനെ ധരിപ്പിക്കുനിന്‍. ഇവന്റെ കൈയില്‍ മോതിരവും കാലില്‍ ചെരിപ്പും അണിയിക്കുവിന്‍. കൊഴുത്ത കാളക്കുട്ടിയെ കൊണ്ടുവന്നു കൊല്ലുവിന്‍. നമുക്കു ഭക്ഷിച്ച് ആഹ്‌ളാദിക്കാം. എന്റെ ഈ മകന്‍ മൃതനായിരുന്നു; അവന്‍ ഇതാ വീണ്ടും ജീവിക്കുന്നു. അവന്‍ നഷ്ടപ്പെട്ടിരുന്നു; ഇപ്പോള്‍ വീണ്ടുകിട്ടിയിരിക്കുന്നു. അവര്‍ ആഹ്‌ളാദിക്കാന്‍ തുടങ്ങി.

 അവന്റെ മൂത്ത മകന്‍ വയലിലായിരുന്നു.അവന്‍ തിരിച്ചു വരുമ്പോള്‍ വീടിനടുത്തുവച്ച് സംഗീതത്തിന്റെയും നൃത്തത്തിന്റെയും ശബ്ദം കേട്ടു. അവന്‍ ഒരു വേലക്കാരനെ വിളിച്ച് കാര്യം തിരക്കി. വേലക്കാരന്‍ പറഞ്ഞു: നിന്റെ സഹോദരന്‍ തിരിച്ചുവന്നിരിക്കുന്നു. അവനെ സസുഖം തിരിച്ചുകിട്ടിയതുകൊണ്ട് നിന്റെ പിതാവ് കൊഴുത്ത കാളക്കുട്ടിയെ കൊന്നിരിക്കുന്നു. അവന്‍ കോപിച്ച് അകത്തുകയറാന്‍ വിസമ്മതിച്ചു. പിതാവു പുറത്തു വന്ന് അവനോട് സ്വാന്ത്വനങ്ങള്‍ പറഞ്ഞു. എന്നാല്‍, അവന്‍ പിതാവിനോടു പറഞ്ഞു: നോക്കൂ എത്രവര്‍ഷമായി ഞാന്‍ നിനക്കു ദാസ്യവേലചെയ്യുന്നു. ഒരിക്കലും നിന്റെ കല്പന ഞാന്‍ ലംഘിച്ചിട്ടില്ല. എങ്കിലും, എന്റെ കൂട്ടുകാരോടൊത്ത് ആഹ്‌ളാദിക്കാന്‍ ഒരു ആട്ടിന്‍കുട്ടിയെപ്പോലും നീ എനിക്കു തന്നില്ല. എന്നാല്‍, വേശ്യകളോടു കൂട്ടുചേര്‍ന്ന്, നിന്റെ സ്വത്തെല്ലാം ധൂര്‍ത്തടിച്ച നിന്റെ ഈ മകന്‍ തിരിച്ചു വന്നപ്പോള്‍ അവനു വേണ്ടി നീ കൊഴുത്ത കാളയെ കൊന്നിരിക്കുന്നു. അപ്പോള്‍ പിതാവു പറഞ്ഞു: മകനേ, നീ എപ്പോഴും എന്നോടുകൂടെ ഉണ്ടല്ലോ. എനിക്കിള്ളതെല്ലാം നിന്റേതാണ്. ഇപ്പോള്‍ നമ്മള്‍ ആനന്ദിക്കുകയും ആഹാളാദിക്കുകയും വേണം. എന്തെന്നാല്‍, നിന്റെ ഈ സഹോദരന്‍ മൃതനായിരുന്നു.; അവനിപ്പോള്‍ ജീവുക്കുന്നു. നഷ്ടപ്പെട്ടിരുന്നു; ഇപ്പോള്‍ കണ്ടുകിട്ടിയിരിക്കുന്നു.”

വാശി പിടിച്ച് സ്വത്ത് കൈക്കലാക്കുന്ന പുത്രന്‍

ലൂക്കായുടെ സുവിശേഷത്തില്‍ മാത്രമാണ് ഈ ഉപമ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആത്മീയമായ ഒരു സന്ദേശം കുടികൊള്ളുന്ന കഥകളാണ് ഉപമകള്‍. ഈ ഉപമ മിക്കവാറും പൂര്‍ണമായി തന്നെ അന്യാപദേശ സ്വഭാവമുള്ള ഒന്നാണ്.

അന്യാപദേശ അര്‍ത്ഥത്തില്‍ ഈ കഥയിലെ പിതാവ് ദൈവപിതാവാണ്. മുത്തപുത്രന്‍ ഫരിസേയരെയും നിയമപണ്ഡിതരെയും പ്രതിനിധീകരിക്കുന്നു. ഇളയ മകന്‍ ചുങ്കക്കാരുടെയും പാപികളുടെയും പ്രതിനിധിയാണ്. എല്ലാവരുടെ ദൈവത്തിന്റെ മക്കള്‍ തന്നെയാണ്. എന്നിരുന്നാലും, തങ്ങളാണ് ദൈവത്തിന്റെ അനുസരണയുള്ള മക്കള്‍ എന്ന് ഫരിസേയരും നിയമപണ്ഡിതരും വിശ്വസിച്ചു. ചുങ്കക്കാരും പാപികളും ദൈവത്തിന്റെ വഴി പിഴച്ച മക്കളാണെന്നും അവര്‍ കണക്കാക്കി.

സാധാരണ ഗതിയില്‍ പിതാവ് മരിക്കുമ്പോഴാണ് സ്വത്തുക്കള്‍ മക്കള്‍ക്ക് കൈവരുന്നത്. എന്നാല്‍ അത് ഉടനെ വേണം എന്ന ആവശ്യപ്പെട്ട ഇളയ മകന്‍ പിതാവിന്റെ മരണം ആഗ്രഹിച്ചു എന്നാണ് ഫലത്തില്‍ അര്‍ത്ഥം വരുന്നത്. ഇത് പിതാവിനെ നിന്ദിക്കുന്നതിന് സമമാണ്. പിതാവിന്റെ നേര്‍ക്കുള്ള തന്റെ ഉത്തരവാദിത്വത്തെ കുറിച്ച് അയാള്‍ ചിന്തിക്കുന്നേയില്ല. അവകാശം തന്റെ ജന്മാവകാശമായി അയാള്‍ കരുതി. അയാള്‍ പെരുമാറിയത് ആദിമാതാപിതാക്കളെ പോലെയാണ്.

ഇളയ മകന്‍ വിശുദ്ധ നഗരമായ ജറുസലേം ഉപേക്ഷിച്ച് വിദൂര നഗരങ്ങളായ അന്തിയോക്യ, റോം, അലക്‌സാണ്ഡ്രിയ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോയി. പാപം നിറഞ്ഞ ഒരു വിജാതീയ നഗരത്തിലേക്കാണ്‌
അയാള്‍ പോയത്. അയാള്‍ വിജാതീയ ഉത്സവങ്ങളില്‍ പങ്കെടുത്ത് ഉല്ലസിച്ചു.

ക്ഷാമകാലം, വെളിവിന്റെ കാലം

കടുത്ത ക്ഷാമങ്ങള്‍ അക്കാലത്ത് പതിവായിരുന്നു. ഇളയ മകന്‍ തന്റെ സമ്പാദ്യം മുഴുവന്‍ ധൂര്‍ത്തടിച്ചു. അവസാനം അയാള്‍ ഭവനരഹിതനും സുഹൃത്തുക്കള്‍ ഇല്ലാത്തവനുമായി. അവസാനം അയാള്‍ ഒരു വിജാതീയ ഭവനത്തില്‍ പന്നിയെ നോക്കുന്നവനായി. വിജാതീയര്‍ക്കു വേണ്ടി ജോലി ചെയ്യുന്നതും പന്നികളെ തീറ്റുന്നതും യഹൂദരെ സംബന്ധിച്ച് ന്ിന്ദ്യമായിരുന്നു. വിശപ്പു മാത്രമല്ല, കഠിനദുഖവും അയാളെ വേട്ടയാടി. ഒരിക്കല്‍ രാജകുമാരനെ പോലെ ജീവിച്ചിരുന്ന അയാള്‍ ഇന്ന് അടിമയെ പോലെ ജീവിക്കുന്നു.

പന്നികള്‍ക്കുള്ള ഭക്ഷണം കഴിച്ചു വിശപ്പടക്കാന്‍ ആഗ്രഹിച്ചു എന്ന വചനം അയാള്‍ എത്തപ്പെട്ട അതിദയനീയാവസ്ഥയെ സൂചിപ്പിക്കുന്നു. സുബോധം വന്നപ്പോള്‍, അയാള്‍ ഇങ്ങനെ ചിന്തിക്കുന്നു: ‘എന്റെ പിതാവിന്റെ ദാസന്‍മാര്‍ക്കു പോലും ആവശ്യത്തിന് ഭക്ഷണമുണ്ട്. ഞാനോ, ഇവിടെ വിശന്നു മരിക്കുന്നു.’

അപ്പോള്‍ ധൂര്‍ത്തപുത്രന് സുബോധമുണ്ടായി. അവന്‍ തന്റെ പിതാവിന്റെ ഭവനത്തിലെ മഹത്വപൂര്‍ണമായ അന്തരീക്ഷത്തെ കുറച്ചോര്‍ത്തു. അവന്‍ പശ്ചാത്തപിച്ചു. ഈ പശ്ചാത്താപമാണ് യൂദാസിനും ആദിമാതാപിതാക്കള്‍ക്കും ഇല്ലാതെ പോയത്. ഈ പശ്ചാത്താപമാണ് നിര്‍ണായക സമയങ്ങളില്‍ നമുക്ക് വേണ്ടത്.

തന്റെ പിതാവിങ്കലേക്ക് മടങ്ങാനുള്ള പദ്ധതി ധൂര്‍ത്തപുത്രന്‍ തയ്യാറാക്കുന്നു. ആദ്യത്തെ പടി, അശുദ്ധരായ മൃഗങ്ങളോടൊത്തുള്ള സമ്പര്‍ക്കം ഉപേക്ഷിക്കുക എന്നതാണ്. ഇതാണ് ഒരു പാപി ആദ്യം ചെയ്യേണ്ടത്. ആദ്യം അവന്‍ ചീത്ത കൂട്ടുകെട്ടുകള്‍ ഒഴിവാക്കണം. രണ്ടാമത്തെ പടി, തിടുക്കത്തില്‍ പിതാവിന്റെ പക്കലേക്ക് യാത്രയാവുക എന്നതാണ്. തന്റെ തെറ്റ് ഏറ്റു പറയേണ്ടതെങ്ങനെ എന്ന് അയാള്‍ മനസ്സില്‍ ആലോചിച്ച് ഉറപ്പിക്കുന്നു. തന്റെ അയാഗ്യത പിതാവിന്റെ മുമ്പില്‍ ഏറ്റു പറയാനും തന്നെ ഒരു ദാസനായി സ്വീകരിക്കാന്‍ അപേക്ഷിക്കാനും അയാള്‍ തയ്യാറാകുന്നു.

ധൂര്‍ത്തനായ പിതാവിന്റെ കരുണാര്‍ദ്ര സ്‌നേഹം

എന്നാല്‍ ധൂര്‍ത്തപുത്രന്റെ പ്രതീക്ഷകളെ അതിലംഘിക്കും വിധമായിരുന്നു പിതാവിന്റെ പ്രതികരണം. അദ്ദേഹം അകലെ നിന്നു തന്നെ അവനെ കണ്ട് ഓടി വന്ന്് അവനെ ആശ്ലേഷിക്കുകയും ചുംബിക്കുകയും ചെയ്യുന്നു. ധൂര്‍ത്തപുത്രന്‍ നേരത്തെ മനസ്സില്‍ പറഞ്ഞു തയ്യാറാക്കിയിരുന്ന ഏറ്റുപറച്ചില്‍ ഒന്നും ഉച്ചരിക്കാന്‍ പിതാവ് അവനെ അനുവദിക്കുന്നില്ല. തന്നെ ഒരു ദാസനായി കണ്ടാല്‍ മതി എന്നാണ് അവന്‍ പറയാന്‍ ഉദ്ദേശിച്ചിരുന്നത്്. അതിനനുവിദക്കാതെ പിതാവ് അവനെ മകനായി സ്വീകരിക്കുന്നു. നിരുപാധികമായാണ് പിതാവ് മകനോട് ക്ഷമിക്കുന്നത്. അവന്‍ ആഗ്രഹിച്ചിതിനേക്കാളും ചോദിച്ചതിനേക്കാളും വളരെയേറെ നല്‍കി പിതാവ് അവനെ ധന്യനാക്കുന്നു.

അവനെ ഏറ്റവും മികച്ച മേലങ്കി അണിയിക്കുകയും കൈവിരലില്‍ മോതിരം അണിയിക്കുകയും ചെയ്യുന്നു. മോതിരം പിതാവിന്റെ അധികാരം പങ്കുവയ്ക്കുന്നതിന്റെ അടയാളമാണ്. അവനെ ചെരുപ്പ് അണിയിച്ചു കൊണ്ട് കുടുംബത്തിലേക്ക് സ്വീകരിക്കുന്നു. അതിനു ശേഷം കൊഴുത്ത കാളക്കുട്ടിയെ കൊന്ന് അവന്‍ വന്നതിന്റെ സന്തോഷം ആഘോഷിക്കാന്‍ വിരുന്നൊരുക്കുന്നു. കൊഴുത്ത കാളക്കുട്ടിയെ കൊല്ലുന്നത് വിശിഷ്ടനായ അതിഥി വീട്ടില്‍ വരുമ്പോഴാണ്. മകന്‍ മടങ്ങി വന്നതിലുള്ള പിതാവിന്റെ അതിരറ്റ ആഹ്ലാദമാണ് അദ്ദേഹം പ്രകടിപ്പിക്കുന്നത്.

സന്ദേശം

ഇളയ മകനെ പോലെ മതപരവും സാന്മാര്‍ഗികവുമായ നിയന്ത്രണങ്ങളില്‍ നിന്ന് വിമുക്തരാകാനുള്ള സ്വഭാവിക പ്രവണത നമുക്കുമുണ്ട്. ലൗകിക സന്തോഷം നേടാനുള്ള നമ്മുടെ ശ്രമങ്ങള്‍ അനാരോഗ്യത്തിലും സാമ്പത്തിക പ്രതിസന്ധികളിലും ചെന്നെത്തുന്നു

നമ്മുടെ ലജ്ജാകരമായ അവസ്ഥയില്‍ ആരും നമ്മെ പിന്തുണക്കുകയില്ല. എങ്കിലും നമുക്ക് പിതാവായ ദൈവത്തിലേക്ക് തിരിയാന്‍ സാധിക്കും അവിടുന്ന് യേശുവിനോടൊപ്പം നമ്മെ സ്വാഗതം ചെയ്യും.

ക്ഷമാപൂര്‍ണനായ പിതാവിന്റെ കഥയില്‍ അദ്ദേഹം ആകാംക്ഷയോടെ മകനു വേണ്ടി കാത്തു നില്‍ക്കുന്നതായി നാം വായിക്കുന്നു. അതു പോലെ നമ്മുടെ മടങ്ങി വരവും കാത്ത് ദൈവം കാത്തു നില്‍ക്കുന്നു. അനുതാപമുള്ളവനെ ദൈവം സ്‌നേഹത്തോടെ സ്വീകരിക്കുന്നു

ധൂര്‍തതപുത്രന്റെ ഏറ്റുപറച്ചില്‍ അയാളുടെ ജീവിതം മാറ്റി മറിച്ചു. നമ്മളും കുമ്പസാരിച്ച് ദൈവത്തോട് അനുരഞ്ജനപ്പെടണം.

നമ്മുടെ അയോഗ്യതയെ ഗണിക്കാതെ ദൈവപിതാവ് നമ്മെ സ്‌നേഹത്തോടെ കാത്തു നില്‍ക്കുന്നു. കഥയിലെ മൂത്ത പുത്രനെ പോലെയല്ല, നമ്മുടെ മൂത്ത സഹോദരനായ യേശു. അവിടുന്ന് നമ്മുടെ വരവ് സ്‌നേഹത്തോടെ കാത്തിരിക്കുന്നു. വീണ്ടും നാം ദൈവമക്കളായി തീരാന്‍ എല്ലാ സഹായവും ചെയ്തു തരുന്നു.

പ്രാര്‍ത്ഥന

കാരുണ്യവാനായ പിതാവേ

ധൂര്‍ത്തപുത്രന്റെ ഉപമയിലൂടെ അങ്ങയുടെ വലിയ കരുണയെ കുറിച്ച് ഞങ്ങള്‍ക്കു പറഞ്ഞു തന്ന ദൈവമേ, ഞങ്ങളും പലപ്പോഴും ധൂര്‍ത്തപുത്രനെ പോലെ അങ്ങയുടെ സ്‌നേഹം പരിത്യജിച്ച് അലഞ്ഞിട്ടുണ്ടെന്ന് ഞങ്ങള്‍ ഏറ്റു പറയുന്നു. കര്‍ത്താവേ, ഞങ്ങള്‍ പാപികളാണ്. ഞങ്ങളോട് കരുണയായിരിക്കണമേ. ഞങ്ങളുടെ പാപങ്ങളും കടങ്ങളും ക്ഷമിക്കണമേ. അങ്ങയുടെ കരുണനിറഞ്ഞ സ്‌നേഹത്തിലാശ്രയിച്ചു കൊണ്ട് അങ്ങയുടെ പക്കലേക്ക് എപ്പോഴും മടങ്ങി വരാന്‍ ഞങ്ങള്‍ക്ക് കൃപ ചൊരിയണമേ.

ആമ്മേന്‍


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles