കൈത്താക്കാലം മൂന്നാം ഞായര്‍ സുവിശേഷ സന്ദേശം

ഫാ. അബ്രഹാം മുത്തോലത്ത്

യേശു ചെയ്ത അസാധാരണമായ ഒരു അത്ഭുതമാണ് ഈ സുവിശേഷ ഭാഗത്തില്‍ വിവരിക്കുന്നത്. ജന്മനാ അന്ധനായ ഒരുവനെ അതു വരെ ആരും സുഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. എന്നാല്‍ യേശു അങ്ങനെയൊരാള്‍ക്ക് സൗഖ്യം നല്‍കി ദൈവമഹത്വം പ്രഖ്യാപിക്കുന്നു. പക്ഷേ ഫരിസേയര്‍ക്ക് യേശുവിന്റെ പ്രവര്‍ത്തി ഇഷ്ടമാകുന്നില്ല. സാബത്ത് ദിവസമാണ് യേശു സൗഖ്യം നല്‍കിയത് എന്ന് അവര്‍ കുറ്റപ്പെടുത്തുന്നു. ജന്മനാ അന്ധനായ മനുഷ്യന്‍ ഭൗതിക കാഴ്ചയിലേക്ക് മാത്രമല്ല, ക്രമേണ ആത്മീയ വെളിച്ചത്തിലേക്കും യേശുവിനാല്‍ നിയക്കപ്പെടുന്നു.

 

ബൈബിള്‍ വായന

യോഹ 9 . 1 – 12

അവന്‍ കടന്നു പോകുമ്പോള്‍ ജന്മനാ അന്ധനായ ഒരുവനെ കണ്ടു. ശിഷ്യന്മാര്‍ യേശുവിനോട് ചോദിച്ചു. ഇവന്‍ അന്ധനായി ജനിച്ചത് ആരുടെ പാപം നിമിത്തമാണ്. ഇവന്റെയോ ഇവന്റെ മാതാപിതാക്കളുടെയോ? യേശു മറുപടി പറഞ്ഞു. ഇവന്റെയോ ഇവന്റെ മാതാപിതാക്കളുടെയോ പാപം നിമി്ത്തമല്ല, ദൈവത്തിന്റെ പ്രവൃത്തികള്‍ ഇവനില്‍ പ്രകടമാകേണ്ടതിനാണ്. എന്നെ അയച്ചവന്റെ പ്രവര്‍ത്തികള്‍ പകലായിരിക്കുവോളം നാം ചെയ്യേണ്ടിയിരിക്കുന്നു.ലോകത്തിലായിരിക്കുമ്പോള്‍ ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്. ഇത് പറഞ്ഞിട്ട് അവന്‍ നിലത്തു തുപ്പി. തുപ്പല്‍ കൊണ്ട് ചെളിയുണ്ടാക്കി. അവന്റെ കണ്ണുകളില്‍ പൂശിയിട്ടു പറഞ്ഞു. നീ പോയി സീലോഹ കുളത്തില്‍ കഴുകുക. അവന്‍ പോയി കഴുകി, കാഴ്ചയുള്ളവനായി തിരിച്ചു വന്നു…

യേശു ദേവാലയത്തില്‍ നിന്നും പുറത്തു വന്ന സമയത്താണ് ഈ സംഭവം ഉണ്ടായത്. ദൈവശാസ്ത്രപരമായ തര്‍ക്കങ്ങളുടെ പേരില്‍ യഹൂദര്‍ യേശുവിനെ എറിയാന്‍ കല്ലുകളെടുത്തു. അതിനാല്‍ യേശു ജന്ക്കൂട്ടത്തില്‍ നിന്നും അകന്നു പോയി. ബൈബിളില്‍ യേശു അന്ധന്മാരെ സുഖപ്പെടുത്തുന്ന ആറ് സംഭവങ്ങളുണ്ടെങ്കിലും ഇത് മാത്രമാണ് ജന്മനാ മുടന്തനായൊരാളെ സുഖപ്പെടുത്തുന്നത്. മറ്റുള്ളവരെല്ലാം ജനിച്ചതിന് ശേഷം പല കാരണങ്ങളാല്‍ അന്ധന്മാരായവരായിരുന്നു.

ഇവന്‍ അന്ധനായി ജനിച്ചത് ആരുടെ പാപം നിമിത്തമാണ്, ഇവന്റെയോ ഇവന്റെ മാതാപിതാക്കളുടെയോ എന്ന് ശിഷ്യന്മാര്‍ ചോദിക്കുന്നുണ്ട്.പരമ്പരാഗതമായി രോഗങ്ങള്‍ പാപങ്ങളുടെ ഫലമാണെന്ന വിശ്വാസം നിലനിന്നിരുന്നു. ചില അവസരങ്ങളില്‍ മേല്‍ പാപം ചെയ്യരുത് എന്നു പറഞ്ഞു കൊണ്ട് യേശു ചിലരെ സൗഖ്യപ്പെടുത്തുന്നതും നാം വായിക്കുന്നു (യോഹ 5. 14).

എന്നാല്‍ ഈ സന്ദര്‍ഭത്തില്‍ യേശു പറയുന്ന മറുപടി ശ്രദ്ധേയമാണ്. ഇവന്‍ അന്ധനായി ജനിച്ചത് ഇവന്റെയോ ഇവന്റെ മാതാപിതാക്കളുടെയോ പാപം നിമി്ത്തമല്ല, ദൈവത്തിന്റെ മഹത്വം പ്രകടമാകേണ്ടതിനാണ്. ജോബിന്റെ അനുഭവം യേശുവിന്റെ വാക്കുകള്‍ക്ക് ഒരു ഉദാഹരണമാണ്.

നിലത്തു തുപ്പി, തുപ്പലു കൊണ്ട് ചെളി ഉണ്ടാക്കിയിട്ടാണ് യേശു അന്ധനെ സുഖപ്പെടുത്തുന്നത്. ബധിരനും മൂകനുമായ ഒരു രോഗിയെയും യേശു ഇപ്രകാരം സുഖപ്പെടുത്തുന്നുണ്ട്. പുരാതന കാലത്ത് തുപ്പലിനും മണ്ണിനും രോഗസംഹാര ശക്തിയുണ്ടെന്ന് ആളുകള്‍ വിശ്വസിച്ചിരുന്നു. ലാസറിനെ ഒരൊറ്റ വാക്കിനാല്‍ ഉയിര്‍പ്പിച്ച യേശുവിന് ഇതിന്റെ ആവശ്യമില്ലായിരുന്നു. എങ്കിലും മാനുഷിക മാര്‍ഗങ്ങള്‍ ഉപയോഗിച്ചും സുഖപ്പെടുത്താം എന്ന് യേശു നമുക്ക് കാണിച്ചു തരികയായിരുന്നു.

സീലോഹ എന്നാല്‍ അയക്കപ്പെട്ടവന്‍ എന്നാണ് അര്‍ത്ഥം. പിതാവ് ലോകത്തിലേക്കയച്ച യേശു അന്ധനെ സീലോഹ കുളത്തിലേക്ക് അയക്കുന്നു. ഏലീഷ പ്രവാചകന്‍ നാമാനെ ജോര്‍ദാന്‍ നദിയിലേക്ക് അയക്കുന്നതിനെ കുറിച്ച് നാം വായിക്കുന്നു. (2 രാജാ 5. 10). നാം ദൈവാനുഗ്രഹം ആഗ്രഹിക്കുമ്പോള്‍ ദൈവകല്പന അനുസരിക്കണം.

ജലം ചികിത്സയുടെ ഒരു ഭാഗമായി കണക്കാക്കപ്പെടുന്നു. കൂടാരത്തിരുനാളിന് അള്‍്ത്താരയില്‍ ഒഴിക്കാനുള്ള വെള്ളം സീലോഹയില്‍ നിന്നാണ് പ്രദക്ഷിണമായി കൊണ്ടു പോയിരുന്നത്. ദേവാലയത്തില്‍ ബലി കഴിക്കാനുള്ള ആടുകളെ കഴുകാനും ഈ കുളത്തിലെ വെള്ളം ഉപയോഗിച്ചിരുന്നു. സീലോഹയില്‍ പോയി കഴുകി കാഴ്ച നേടി അന്ധന്‍ മടങ്ങി വന്നപ്പോഴെക്കും യേശു പോയിക്കഴിഞ്ഞിരുന്നു.

അന്ധന്‍ തനിക്ക് യേശുവില്‍ നിന്ന് ലഭിച്ച വലിയ അനുഗ്രത്തെ കുറിച്ച് സാക്ഷ്യം നല്‍കിയെങ്കിലും ഫരിസേയര്‍ അത് വിശ്വസിക്കാന്‍ തയ്യാറായില്ല. യേശു സാബത്ത് ലംഘിച്ചു എന്ന് അവര്‍ ആരോപിച്ചു. പാപിയൊരു മനുഷ്യന് അതു വരെ കേള്‍ക്കാത്ത വിധത്തിലുള്ള ഒരു അത്ഭുതം എങ്ങനെ പ്രവര്‍ത്തിക്കാന്‍ സാധിച്ചു എന്ന് അവര്‍ ചോദിച്ചു. അവര്‍ വീണ്ടും വീണ്ടും കണ്ണുകള്‍ തുറക്കപ്പെട്ട അന്ധനായ മനുഷ്യനെ ചോദ്യം ചെയ്തു. അയാള്‍ ആദ്യം യേശുവിനെ കുറിച്ച് ആ മനുഷ്യന്‍ എന്നു പറഞ്ഞെങ്കിലും വീണ്ടും ചോദ്യം ചെയ്തപ്പോള്‍ ഒരു പ്രവാചകന്‍ എന്റെ കണ്ണുകള്‍ തുറന്നു എന്നാണ് പറയുന്നത്. അയാള്‍ക്കുണ്ടാകുന്ന ആന്തരിക വെളിച്ചത്തിന്റെ സൂചനയാണിത്. എന്നാല്‍ ഫരിസേയര്‍ ശ്രമിച്ചത് യേശു ചെയ്ത അത്ഭുതം ഒരു കെട്ടു കഥയാണന്ന് വരുത്തി തീര്‍ക്കുകയായിരുന്നു. ആ അത്ഭുതം സത്യമാണെങ്കില്‍ യേശു ദൈവത്തില്‍ നിന്നാണെന്ന് അവര്‍ അംഗീകരിക്കണം. അതിന് അവര്‍ ഒരുക്കമല്ലായിരുന്നു.

അതിന് ശേഷം ഫരിസേയര്‍ ജന്മനാ അന്ധനായവന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യുന്നു. തങ്ങളുടെ മകന്‍ അന്ധനായാണ് ജനിച്ചത് എന്ന് അവര്‍ സാക്ഷ്യം നല്‍കുന്നു. എന്നാല്‍ ഇപ്പോള്‍ അവന്‍ എങ്ങനെ കാണുന്നു എന്ന് തങ്ങള്‍ക്ക് അറിയില്ല എന്നും അവര്‍ പറയുന്നു. അവര്‍ ഇങ്ങനെ പറഞ്ഞത് അവര്‍ക്ക് യഹൂദരെ ഭയമുണ്ടായിരുന്നതു കൊണ്ടാണെന്ന് സുവിശേഷകന്‍ പറയുന്നു. മാതാപിതാക്കളെ ചോദ്യം ചെയ്ത് തൃപ്തി വരാതെ ഫരിസേയര്‍ വീണ്ടും അന്ധനെ വിളിച്ചു ചോദ്യം ചെയ്യുന്നു. അത്ഭുതം നടന്നുവെന്നത് നിഷേധിക്കാന്‍ അവര്‍ അയാളെ നിര്‍ബന്ധിക്കുന്നു. എന്നാല്‍ യേശു അത്ഭുതം ചെയ്തു എന്ന് അയാള്‍ ആവര്‍ത്തിക്കുമ്പോള്‍ നീ ആ മനുഷ്യന്റെ ശിഷ്യനാണ് മോശയുടെ ശിഷ്യനല്ല എന്നു പറഞ്ഞ് അവര്‍ അയാളെ പരിഹസിക്കുന്നു.

പഴയ നിയമത്തില്‍ അന്ധന് കാഴ്ച ലഭിക്കുന്ന ഒരേയൊരു അത്ഭുതം തോബിത്തിന്റെതാണ്. എന്നാല്‍ തോബിത്ത് ജന്മനാ അന്ധനായിരുന്നില്ല. അതിനാലാണ് ജന്മനാ കാഴ്ചയില്ലാതിരുന്ന ഒരാളുടെ സൗഖ്യം ഇത്ര പ്രാധാന്യം അര്‍ഹിക്കുന്നത്. ദൈവം കൂടെയില്ല എങ്കില്‍ ഒരാള്‍ക്കും ഇത്തരം ഒരു അത്ഭുതം ചെയ്യാന്‍ സാധിക്കുകയില്ല എന്ന് കാഴ്ച ലഭിച്ച അന്ധന്‍ വാദിക്കുന്നു. അതില്‍ കോപിച്ച് ഫരിസേയര്‍ ആ മനുഷ്യനെ ദേവാലയത്തില്‍ നിന്ന് പുറത്താക്കി.

അയാള്‍ പുറത്താക്കപ്പെട്ടു എന്ന് കേട്ടപ്പോള്‍ യേശു ഒരു ചോദ്യം ചോദിക്കുന്നുണ്ട്; നിങ്ങള്‍ മനുഷ്യപുത്രനില്‍ വിശ്വസിക്കുന്നുണ്ടോ? തന്നില്‍ വിശ്വസിക്കുന്നുവെന്ന് പ്രഖ്യാപിച്ചതിനാലാണ് അന്ധന്‍ പുറത്താക്കപ്പെട്ടത് എന്ന് യേശു അറിയുന്നു. യേശുവിന്റെ ചോദ്യത്തിന് ചുറ്റും നിന്നവര്‍ ഞങ്ങള്‍ അവനില്‍ വിശ്വസിക്കേണ്ടതിന് അവന്‍ ആരാണ് എന്നു ചോദിക്കുന്നു. ദാനിയേല്‍ പ്രവാചകന്റെ പുസ്തകത്തില്‍ മനുഷ്യപുത്രന്‍ ആരാണ് എന്നതിനെ കുറിച്ച പരാമര്‍ശമുണ്ട്്. (ദാനി 7). നിങ്ങള്‍ അവനെ കണ്ടു കഴിഞ്ഞു, നിങ്ങളോട് സംസാരിക്കുന്ന ഞാന്‍ തന്നെയാണ് അവന്‍ എന്ന് യേശു വ്യക്തമായി പറയുന്നു. യേശുവിലുള്ള വിശ്വാസം അന്ധനായിരുന്ന മനുഷ്യന്‍ ഏറ്റു പറയുന്നതോടെയാണ് ഈ സുവിശേഷ ഭാഗം പൂര്‍ണമാകുന്നത്.

സന്ദേശം

പലപ്പോഴും നമ്മുടെ കാഴ്ചയെ പ്രതി നാം ദൈവത്തിന് നന്ദി പറയാറില്ല. ദൈവമഹത്വം കാണാനും മറ്റുള്ളവര്‍ക്ക് സേവനം ചെയ്ത് ദൈവത്തെ ആരാധിക്കാനുമാണ് നമുക്ക് കണ്ണുകള്‍. അത് ദുരുപയോഗിക്കരുത്.

പാപങ്ങള്‍ മൂലം രോഗങ്ങള്‍ സംഭവിക്കാമെങ്കിലും എല്ലാ രോഗങ്ങളും ആപത്തുകളും ഒരാളുടെ പാപം മൂലമല്ല. രോഗികളോടും ആപത്തില്‍ പെട്ടവരോടും കരുണയുള്ളവരായിരിക്കണം.

യേശുവിനെതിരെ ഫരിസേയര്‍ തിരിഞ്ഞത് അന്ധനായ മനുഷ്യന്റെ വിശ്വാസം വര്‍്ദ്ധിക്കാനാണ് ഇടവരുത്തിയത്. അതു പോലെ, ദുരനുഭവങ്ങള്‍ നല്ല ഫലം ഉളവാക്കും.

യഹൂദരെ ഭയന്ന് അന്ധന്റെ മാതാപിതാക്കള്‍ എങ്ങും തൊടാതെ സംസാരിക്കുന്നു. നമ്മളും പലപ്പോഴും അങ്ങനെ പെരുമാറാറുണ്ട്.

രോഗങ്ങളും ദുരനുഭവങ്ങളും ജീവിതത്തിലുണ്ടാകുമ്പോള്‍ അത് നിഷേധമാത്മക അര്‍ത്ഥത്തില്‍ കാണേണ്ടതില്ല. ദൈവത്തിന്റെ വലിയ പദ്ധതി നമുക്ക് ഭാവിയില്‍ വലിയ നന്മ കൊണ്ടു വന്നേക്കാം.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Realated articles