സ്വര്‍ഗം ലക്ഷ്യമാക്കി ജീവിച്ച അമ്മ

പരിശുദ്ധ മാതാവ് എങ്ങനെയാണ് ഈ ഭൂമിയിലെ കഷ്ടപ്പാടുകള്‍ ഇത്ര മാത്രം സൗമ്യതയോടും മൗനത്തോടും കൂടെ സഹിച്ചത്? കുരിശിന്‍ ചുവട്ടില്‍ നാം നിലവിളിക്കുകയോ അലമുറയിടുകയോ ചെയ്യുന്ന പരിശുദ്ധ അമ്മയെ അല്ല നാം കാണുന്നത്. മറിച്ച്, എല്ലാം ഹൃദയത്തിലടക്കി വച്ച് നിശബ്ദയായി സഹിക്കുന്ന അമ്മയെയാണ് നാം കാണുന്നത്. എന്താണ് ഈ സൗമ്യതയുടെ രഹസ്യം?

എല്ലാവരും കഷ്ടതകള്‍ വരുമ്പോള്‍ എല്ലാം അവസാനിച്ചു എന്ന് പറഞ്ഞു നിരാശയില്‍ നിപതിക്കുമ്പോള്‍ പരിശുദ്ധ അമ്മ ജീവിതത്തിന്റെ മറുപുറം കാണുന്നു. എല്ലാ സഹനദുരിതങ്ങളിലും ദൈവപിതാവിന്റെ ഹിതം കാണുന്നു. ഇതാ കര്‍ത്താവിന്റെ ദാസി എന്നരുള്‍ച്ചെയ്ത് എല്ലാം ദൈവത്തിന് സമര്‍പ്പിച്ചവളാണ് അമ്മ. അമ്മയുടെ ജീവിതം മുഴുവന്‍ സ്വര്‍ഗം ലക്ഷ്യമാക്കിയുള്ള ഒരു യാത്ര ആയിരുന്നു. അതിനാലാണ് എല്ലാ സഹനങ്ങള്‍ക്കും അപ്പുറം സ്വര്‍ഗം കാണാനും ദൈവത്തിന്റെ തിരുഹിതത്തിന് കീഴ്‌വഴങ്ങാനും അമ്മയ്ക്ക് സാധിച്ചത്.

പരിശുദ്ധ അമ്മയുടെ സ്വര്‍ഗാരോപണത്തിരുനാള്‍ ആഘോഷിക്കുന്ന മാസമാണ് ആഗസ്റ്റ് മാസം. പരിശുദ്ധ അമ്മ ജീവിതത്തില്‍ ദാരിദ്ര്യവും കഷ്ടപ്പാടുമാണ് അനുഭവിച്ചത്. പുത്രനായ യേശു ഉണ്ണിയായിരുന്നപ്പോള്‍ തുടങ്ങിയ കഷ്ടതകള്‍ അവിടുന്ന് വളര്‍ന്നപ്പോള്‍ പതിന്മടങ്ങായി. അവസാനം അവിടുത്തെ ദാരുണമരണവും കാണേണ്ടി വന്നു. അപ്പോഴെല്ലാം സമചിത്തത വെടിയാതിരിക്കാന്‍ അമ്മയെ സഹായിച്ചത് സ്വര്‍ഗത്തെ കുറിച്ചുള്ള ദര്‍ശനമാണ്. എല്ലാം അവസാനിച്ചിട്ടില്ല, മരണത്തെ ജയിച്ച് ദൈവം പ്രകാശിക്കും എന്ന ഉത്തമ ബോധ്യം. അതായിരുന്ന അമ്മയുടെ വിശ്വാസത്തിന്റെ ശക്തി.

മനുഷ്യരായ നമ്മള്‍ ഈ ലോകജീവിതത്തില്‍ കടന്നു പോകേണ്ട സഹനങ്ങളുണ്ട്. പരീക്ഷകളുണ്ട്. അത്തരം ഘട്ടങ്ങളില്‍ നാം പരിശുദ്ധ അമ്മയുടെ മനോഭാവം സ്വന്തമാക്കണം. സ്വര്‍ഗം ലക്ഷ്യമാക്കി ജീവിച്ചാല്‍, യേശു പറയുന്നതു പോലെ നമ്മുടെ നിക്ഷേപം സ്വര്‍ഗത്തില്‍ അര്‍പ്പിച്ച് മുന്നോട്ടു നീങ്ങിയാല്‍ നമുക്ക് എല്ലാ വെല്ലുവിളികളെയും സമചിത്തതയോടെ നേരിടാന്‍ സാധിക്കും. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം നമുക്കു തുണയായി എപ്പോഴും നമ്മോടു കൂടെ ഉണ്ടായിരിക്കട്ടെ.

 

യേശുവില്‍ സ്നേഹപൂര്‍വ്വം,

ബ്രദര്‍ ഡൊമിനിക് പി.ഡി.
ഫിലാഡല്‍ഫിയ,
ചീഫ് എഡിറ്റര്‍.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Realated articles