മറിയം നമ്മുടെ അഭിഭാഷക

~ ഫാ. ജോസ് ഉപ്പാണി ~

 

പരിശുദ്ധ മറിയം നമ്മുടെ അമ്മയായിരിക്കുന്നതിന്റെ മറ്റൊരു അനിവാര്യഫലമാണ് അവള്‍ നമ്മുടെ എല്ലാവരുടെയും അഭിഭാഷകയാകുന്നു എന്നത്. രക്ഷാകരകര്‍മ്മത്തിലുള്ള അതുല്യമായ സഹകരണം വഴി രക്ഷിക്കപ്പെട്ടവരുടെ അമ്മയായിത്തീര്‍ന്ന മറിയം രക്ഷാകര കര്‍മ്മത്തിന്റെ ഫലങ്ങളുടെ വിതരണക്കാരിയുമായി എന്ന് നാം ധ്യാനിക്കുകയുണ്ടായി. ഈ രണ്ടു സ്ഥാനങ്ങളോട് അവിഭാജ്യമാംവിധം ഒന്നിച്ചുനില്‍ക്കുന്ന അവളുടെ സ്ഥാനമാണ് അവള്‍ നമ്മുടെ അഭിഭാഷകയുമാണ് എന്നത്. മാതാവിന്റെ അഭിഭാഷകയുടെ റോള്‍ എന്നത് ക്രിസ്തുരാജന്റെ സ്വര്‍ഗസിംഹാസനം മുമ്പാകെ മനുഷ്യകുലം മുഴുവന്റെയും സര്‍വ്വ ആവശ്യങ്ങള്‍ക്കുവേണ്ടി അവള്‍ അപേക്ഷ സമര്‍പ്പിക്കുന്നു എന്നതാണ്. എല്ലാവര്‍ക്കും വേണ്ടി അവള്‍ മാധ്യസ്ഥം പറയുന്നു. എല്ലാവരുടേയും എല്ലാ പ്രാര്‍ത്ഥനാ നിയോഗങ്ങളും അവള്‍ സമര്‍പ്പിച്ചു അവര്‍ക്കുവേണ്ടി തന്റെ മകനോട് വക്കാലത്ത് പറയുന്നു.

അഭിഭാഷക (Advocate) എന്ന വാക്ക് വന്നിരിക്കുന്നത് മറ്റൊരാള്‍ക്ക് വേണ്ടി പറയുന്ന ദൗത്യത്തിന് ലത്തീന്‍ഭാഷയിലുപയോഗിക്കുന്ന ‘അഡ്‌വൊക്കാരെ’ എന്ന ക്രിയാ പദത്തില്‍ നിന്നാണ്. ഇതുതന്നെയാണ് നമ്മുടെ അമ്മ എന്ന നിലക്കു മറിയത്തിന്റെ റോള്‍. തന്റെ തിരുക്കുമാരന്റെ പക്കല്‍ പരി. മറിയം മനുഷ്യവര്‍ഗം മുഴുവനും വേണ്ടി സംസാരിക്കുന്നു. അഭിഭാഷക എന്ന അഭിധാനം രണ്ടാം നൂറ്റാണ്ടുമുതല്‍ സഭയില്‍ നിലവിലുണ്ടായിരുന്നു. വിശുദ്ധ ഇരണേവൂസ് മറിയത്തെ ഹവ്വായ്ക്കു വേണ്ടിയുള്ള അഭിഭാഷക എന്നു വിളിച്ചിട്ടുണ്ട്.

പഴയനിയമപാരമ്പര്യത്തിലെ അമ്മരാജ്ഞിയില്‍ പരിശുദ്ധ മറിയത്തിന്റെ അഭിഭാഷകസ്ഥാനം നിഴലിച്ചിട്ടുണ്ട്. ദാവീദിന്റെ സാമ്രാജ്യത്തിലുണ്ടായിരുന്ന ഒരു പതിവായിരുന്നു രാജാക്കന്മാര്‍ അവരുടെ അമ്മമാരെ അവരുടെ സിംഹാസനത്തിനടുത്ത് രാജ്ഞിയായി അവരോധിച്ചിരുത്തുക എന്നത്. രാജ്യം മുഴുവനിലെയും ജനങ്ങള്‍ അവരുടെ ആവശ്യങ്ങളുമായി നേരിട്ടു രാജാവിനെയല്ല സമീപിച്ചിരുന്നത്. പ്രസ്തുത, അമ്മ രാജ്ഞിയെയാണ്. അവളാണ് രാജാവിനോട് ജനത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നത്.

പുതിയനിയമത്തില്‍ ക്രിസ്തുരാജനിലൂടെ ദൈവരാജ്യം സാര്‍വ്വത്രികമായി സ്ഥാപിതമായി. സ്വാഭാവികമായി, അതോടപ്പം തന്നെ അമ്മ രാജ്ഞി പദവും സ്ഥാപിക്കപ്പെട്ടു. അവളാണ് ഇനിമുതല്‍ ഭൂലോകരാജാവായ, രാജാക്കന്മാരുടെ രാജാവായ ക്രിസ്തുരാജന്റെ പക്കല്‍ പ്രജകള്‍ക്കുവേണ്ടി വാദിക്കുന്നത്. ഇക്കാരണത്താലാണ് എലിസബത്ത് ‘എന്റെ കര്‍ത്താവിന്റെ അമ്മ’ എന്ന് മറിയത്തെപ്പറ്റി പറയുന്നത്. പുരാതന സെമിറ്റിക് കോടതിഭാഷയില്‍ രാജാവിന്റെ അമ്മയായ അമ്മരാജ്ഞിയെ എന്റെ കര്‍ത്താവിന്റെ അമ്മ എന്നാണ് വിളിച്ചിരുന്നത്.

കാനായിലെ വിവാഹവിരുന്നിനിടയില്‍ പരിശുദ്ധ മറിയം ചെയ്ത പ്രവൃത്തി ഇതുതന്നെയായിരുന്നു. ജനത്തിന്റെ ആവശ്യങ്ങള്‍ രാജാവായ തന്റെ മകന്റെ മുമ്പില്‍ ഉണര്‍ത്തുന്ന അഭിഭാഷക. പിതാവ് നിശ്ചയിച്ച സമയമായില്ല എന്ന് സൂചിപ്പിച്ച ശേഷം പിന്നെന്തുകൊണ്ട് യേശു മറിയത്തിന്റെ അപേക്ഷ സ്വീകരിച്ച് അന്ന് വെള്ളം വീഞ്ഞാക്കിമാറ്റി എന്നത് മനസിലാക്കാന്‍ വിഷമമുള്ള ഒരു രഹസ്യമായി നില്‍ക്കുകയാണ്.

നമ്മുടെ ഓരോരുത്തരുടെയും അഭിഭാഷകയാണ് പരിശുദ്ധ മറിയം എന്നാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നത് (തിരുസഭ 62) സര്‍വ്വശക്തനും രാജാധിരാജനുമായ യേശുവിന്റെ മുമ്പില്‍ സദാ നമുക്കുവേണ്ടി സന്നിഹിതയാകുന്ന ഇത്ര കാര്യക്ഷമതയുള്ള ഒരു അഡ്വക്കേറ്റ് ഉണ്ടായിട്ട് അവളെ ആശ്രയിക്കാതിരിക്കുക എത്ര മൗഢ്യം. ഈ അമ്മയുടെ സഹായം തേടാതിരിക്കുന്നത് ദൈവത്തിന്റെ രക്ഷാകര പദ്ധതിയെത്തന്നെ മാനിക്കാതിരിക്കലാണ്.

ആദ്യ നൂറ്റാണ്ടുകളിലെ മതപീഢനകാലത്ത് ക്രിസ്ത്യാനികള്‍ ചൊല്ലിയിരുന്ന ഒരു പുരാതനപ്രാര്‍ത്ഥനയില്‍ മറിയത്തെ അഭിഭാഷകയായി ഏറ്റുപറയുന്ന ഭാഗമുണ്ട് ‘ദൈവമാതാവേ, അഭയത്തിനായി ഞങ്ങള്‍ നിന്റെ പക്കല്‍ ഓടിയെത്തിയിരിക്കുന്നു. ഞങ്ങളുടെ ആവശ്യങ്ങള്‍ നീ തള്ളിക്കളയരുതേ. മഹത്വപൂര്‍ണ്ണമായ പരിശുദ്ധ കന്യകേ എല്ലാ അപകടങ്ങളില്‍നിന്നും ഞങ്ങളെ രക്ഷിക്കണമേ.’ മധ്യശതകത്തില്‍ രൂപം കൊണ്ട ‘പരിശുദ്ധ രാജ്ഞി’ എന്ന പ്രാര്‍ത്ഥനയിലും മറിയത്തെ അഭിഭാഷകയായി വണങ്ങുന്നുണ്ട്. ‘പരിശുദ്ധരാജ്ഞി’, കരുണയുടെ മാതാവേ, ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തി, ഹവ്വായുടെ പുറംതള്ളപ്പെട്ട മക്കളായ ഞങ്ങള്‍ അങ്ങേപ്പക്കല്‍ നിലവിളിക്കുന്നു. കണ്ണുനീരിന്റെ ഈ താഴ്‌വരയില്‍ നിന്നും വിങ്ങിക്കരഞ്ഞ് അങ്ങേപ്പക്കല്‍ ഞങ്ങള്‍ നെടുവീര്‍പ്പിടുന്നു’.

ഈ സ്ഥിതിക്ക് പരിശുദ്ധ കന്യയ്ക്ക് സമ്പൂര്‍ണ്ണ സമര്‍പ്പണം നടത്തുക എത്രയോ പ്രസക്തമായ കാര്യമാണ്. നമുക്കുവേണ്ടി യേശുവിന്റെ പക്കല്‍ അഭിഭാഷകയുടെ ദൗത്യം നിര്‍വഹിക്കാന്‍ അവള്‍ക്ക് അതുവഴി സ്വാതന്ത്ര്യം ലഭിക്കുകയാണ്. പരിശുദ്ധ മറിയത്തിനു നമ്മെത്തന്നെ സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കുന്നതോടെ, വലിയ ഉത്തരവാദിത്വത്തോടെ അവള്‍ നമ്മുടെ അഭിഭാഷകയായി പ്രവര്‍ത്തിക്കും. അതായത് നമ്മുടെ ശ്രദ്ധയില്‍ പെടാത്തതും അതേസമയം നമ്മുടെ ആത്യന്തിക നന്മയ്ക്ക് ആവശ്യവുമായ എല്ലാ കാര്യങ്ങളും ഒന്നും വിട്ടുപോകാതെ അതിസൂക്ഷ്മതയോടെ ഈ പ്രഗദ്ഭവക്കീല്‍ കൈകാര്യം ചെയ്യും. നാം ഒരിക്കല്‍ അവളെ നമ്മുടെ അഭിഭാഷകയാക്കിയാല്‍ നാം പറയാതെ തന്നെ നമുക്കജ്ഞാതമായതും നമുക്കെതിരായി വരുന്നതുമായ സര്‍വ്വ കേസുകളും അവള്‍ അതിവിദഗ്ധമായി കൈകാര്യം ചെയ്യും. ആകയാല്‍ അര്‍ത്ഥവത്തായ രീതിയില്‍തന്നെ വരാന്‍ പോകുന്ന നമ്മുടെ സമ്പൂര്‍ണ്ണ സമര്‍പ്പണത്തിനായി പ്രാര്‍ത്ഥിച്ചൊരുങ്ങാം.

പ്രാര്‍ത്ഥന
പരിശുദ്ധ അമ്മേ, എന്റെ അഭിഭാഷകയായി ഞാനിന്നു നിന്നെ സ്വീകരിക്കുന്നു. നിനക്കു സമ്പൂര്‍ണ്ണ സമര്‍പ്പണം ചെയ്യാന്‍ എന്നെ ഒരുക്കണമെ. എന്റെ ബലഹീനതയില്‍ എന്നെ സഹായിക്കണമെ. എനിക്കാവശ്യമായ എല്ലാ കൃപകളും എനിക്ക് അജ്ഞാതമായവപോലും നിന്റെ തിരുക്കുമാരനോട് എനിക്കുവേണ്ടി ചോദിക്കണമെ. എന്റെ കുറവുകള്‍ നീ നികത്തണമെ. ആമ്മേന്‍.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Realated articles