സംഘര്‍ഷച്ചുഴിയില്‍ ഏകയായ്…

~ ഫാ. ഷാജി തുമ്പേച്ചിറയില്‍  ~

 

പെട്ടെന്ന് ഉള്ളിലൊരു കടലിളകി. ഉള്ളില്‍ രാജാക്കന്മാരുടെ പുസ്തകം നിവര്‍ന്നു വരുന്നു… ഏലിയായെപ്പോലെ അവളും കണ്ടു. ഒരു കൊച്ചു മേഘം ഉയരുന്നു. മനുഷ്യകരത്തോളം പോന്ന ഒരു ചെറു മേഘം. പെട്ടെന്ന് അത് മാനം മുട്ടെ വളര്‍ന്നു മറിയത്തിന്റെ മനസില്‍ തുകല്‍ച്ചുരുളുകള്‍ വിടരുകയാണ്. രാജാക്കന്മാരുടെ പുസ്തകത്തിന്റേതു തന്നെ. അതില്‍നിന്നും പെറുക്കി പെറുക്കി മറിയം വായിക്കുകയാണ്. ‘പെട്ടെന്ന് ആകാശം മേഘാവൃതമായി. കറുത്തിരുണ്ടു. കാറ്റു വീശി…’ ഉള്ളു കിതയ്ക്കുകയാണ്. ഏലിയായ്ക്ക് ആ മേഘം ആശ്വാസമായിരുന്നു – വരള്‍ച്ച തീരുന്നതിന്റെ ശുഭസൂചന. മറിയത്തിനു തിരിച്ചാണ്. പരിഭ്രമം വളരുകയാണ്. പെയ്തിറങ്ങിയ മീറത്തുള്ളികളെ കാറ്റുണക്കിയിരിക്കുന്നു.  ഇപ്പോള്‍ ലില്ലികളുമില്ല. മനസിന്റെ അസ്വസ്ഥത സീനായ് മലയേക്കാള്‍ ഉയരത്തില്‍ നില്‍ക്കുന്നു – അതു മാത്രം അവള്‍ക്കറിയാം. അതുകൊണ്ട് ഗബ്രിയേല്‍ പറഞ്ഞ വചനം കേട്ട് അവള്‍ അസ്വസ്ഥയായി. ലൂക്ക എഴുതുന്നതങ്ങനെ തന്നെയാണ്.

അതിനവളെ കുറ്റപ്പെടുത്താന്‍ കഴിയില്ല. കാരണം അവളുമൊരു സ്ത്രീയാണ്. യാഹ്‌വേ നീ എന്നെ ഒരു വിജാതീയനോ സത്രീയോ ആയി സൃഷ്ടിക്കാഞ്ഞതിന് ഞാന്‍ നിനക്കു നന്ദി പറയുന്നു എന്നു പ്രാര്‍ത്ഥിച്ചു തഴകിയ പരീശന്മാരുടേയും സദൂച്യരുടേയും ഇടയ്ക്ക് വസിക്കുന്ന കേവലം ഒറ്റപ്പെട്ട ഒരു പെണ്ണ്. ഒട്ടും അനന്യത ആരും കല്‍പിച്ചുകൊടുക്കാത്ത ഒരു അബല വ്യക്തിത്വം. പെണ്ണിന് എന്തെങ്കിലും വില ഉണ്ടെങ്കില്‍ത്തന്നെ അത് ഭര്‍ത്താവിന്റെ ഉടമസ്ഥതയില്‍പ്പെടുന്ന ഒരു വസ്തു എന്ന നിലയില്‍ മാത്രം. പുരുഷനുവേണ്ടി നൈവേദ്യം പോലെ നീക്കിവയ്ക്കപ്പെട്ടവള്‍- പെണ്ണ്. അവനുവേണ്ടി പിണം പോലെ മാറിനില്‍ക്കേണ്ടവള്‍ പെണ്ണ്. വിലയൊട്ടും വച്ചിട്ടില്ലെങ്കിലും വ്യഭിചാരത്തിലെങ്ങാനും പിടിക്കപ്പെട്ടാല്‍ കേട്ടുകേള്‍വിയില്ലാത്ത ശിക്ഷകളാണ്. പട്ടണത്തിനു പുറത്താക്കി പടി അടച്ചു പിണ്ഡം വയ്ക്കും. പിന്നെ മരുഭൂമിയില്‍ അതുവരെ വെറുതെ കിടന്ന കല്ലുകള്‍ക്ക് ആഘോഷമാണ്. ആ കല്ലുകള്‍ മാത്രമാണ് ആ പെണ്ണിന്റെ ഓഹരി. എല്ലാരുംകൂടി കല്ലെറിഞ്ഞ് അവളെ കൊല്ലും. ഒരു കോവര്‍കഴുതയോടുപോലും ആരും ഇങ്ങനെ ചെയ്യില്ല. മരണമുഖം കണ്ട ഒരു കോവര്‍കഴുതയുടേതിനേക്കാള്‍ ദൈന്യത പെട്ടെന്ന് മേരി തന്റെ ഉള്ളിലറിഞ്ഞു.

മരുഭൂമിയില്‍നിന്നു വീശിയടിക്കുന്ന പൊടിക്കാറ്റില്‍ ചോരമണം. ഗാഗുല്‍ത്തായുടെ താഴ്‌വാരത്ത് ശവംനാറിപ്പൂക്കള്‍ ആര്‍ക്കുന്നു. കടന്നുപോയ കൂടാരത്തിരുന്നാളിന്റെ ഓര്‍മ്മ ഒരു ചുടുകാറ്റുപോലെ അവളെ പൊള്ളിച്ചു. നസ്രത്തിലും ഉണ്ടായി അതുപോലൊന്ന്; വ്യഭിചാരത്തില്‍ ഒരു പെണ്ണ് പിടിക്കപ്പെട്ടു പോലും. പരീശന്മാര്‍ ശരിക്കും ആ വാര്‍ത്ത ആഘോഷിക്കുകയായിരുന്നു. അതു പറഞ്ഞ് ചിരിക്കുമ്പോള്‍ ഭ്രാന്തമായ ഒരു തിളക്കം അവരുടെ കണ്ണുകള്‍ക്കുണ്ടായിരുന്നു. സ്വകാര്യമായ ചില താളഭംഗങ്ങളെ മറയ്ക്കാന്‍ അവര്‍ ഇടയ്ക്കിടയ്ക്ക് വേദഗ്രന്ഥങ്ങളില്‍ കൈത്തലംകൊണ്ട് തട്ടുന്നുണ്ടായിരുന്നു. സിനഗോഗില്‍ ആളുകളെ കാണിക്കാന്‍ വേണ്ടി മാത്രം തുറന്നിരുന്ന ചുരുളുകളില്‍ നിന്ന് അപ്പോഴെല്ലാം മേഘം പോലെ പൊടി ഉയര്‍ന്നിരുന്നു. ഔഫേര്‍ പൊന്ന് അളന്ന് അവരുടെ മടിയിലിട്ടാല്‍ പോലും ഇത്ര സന്തോഷം അവര്‍ക്ക് ഉണ്ടാകുമായിരുന്നില്ല. വ്യഭിചാരത്തില്‍ ഒരാള്‍ പിടിക്കപ്പെട്ടുവത്രെ. എത്ര വിചിത്രമായിരിക്കുന്നു. വ്യഭിചാരത്തില്‍ പിടിക്കപ്പെട്ടാല്‍ തന്നെ പിടിക്കപ്പെടുന്നത് ഒരാളാണോ? വ്യഭിചരിക്കപ്പെട്ടവളുടെ നെറ്റിയില്‍ ജീവിതാന്ത്യം എഴുതിച്ചേര്‍ത്ത ഒരു ലെവിയാഥന്‍! അവനെവിടെപ്പോയി? രണ്ടു ചെറിയ നാണയത്തുട്ടുകള്‍ കാട്ടി മരുഭൂമിയേക്കാള്‍ ചുട്ടുപൊള്ളുന്ന അവളുടെ ജീവിതത്തില്‍ കുരുക്കെറിഞ്ഞ ഏതോ ഒരു ലെവിയാഥന്‍! ചുടുമണ്ണില്‍ വീണ മഴത്തുള്ളി പോലെ അയാള്‍ അപ്രത്യക്ഷനായോ? അതോ ഇരുളിന്റെ മലഞ്ചെരുവുകള്‍ അയാളെ മറച്ചോ? വചനച്ചുരുള്‍ നിവര്‍ത്തിവച്ച് അതിന്റെ മുമ്പിലിരുന്നുപോലും മനുഷ്യനെ വീഴ്ത്താനുള്ള കുരുക്കു നെയ്തവരും ഇപ്പോള്‍ കാണാമറയത്താണ്. ഒന്നോര്‍ക്കുന്നു… പിടിക്കപ്പെട്ട ആ പെണ്ണിന്റെ മുഖം. മരുഭൂമിയില്‍ ജലപ്രളയം വരുത്താന്‍ കഴിയുംവിധം അവളുടെ മിഴികള്‍ നിറഞ്ഞിരുന്നു. ഒരു കാര്യമുറപ്പാണ്. മരണമോര്‍ത്തല്ല ആ മിഴികളിരമ്പിയത്. പെട്ടെന്ന് ഭാവം മാറുന്ന തിബേരിയൂസ് കടല്‍പോലെ തന്റെ മുമ്പില്‍ തരം പോലെ രൂപം മാറിയ മനസുകളുടെ മാലിന്യം വീണുനീറിയുമല്ല അവള്‍ കരഞ്ഞത്. പുഴുവിനുപോലുമുണ്ടൊരു അസ്ഥിത്വബോധം. അതിലും മഹത്തരമായതൊന്ന് മനുഷ്യനുണ്ട്- ആത്മബോധം. അതു പകരുന്ന ദിവ്യമായൊരു ആത്മാഭിമാനം. മുള്‍ച്ചെടികൊണ്ട് ചോര വാര്‍ന്ന മുറിവുകള്‍ വീണ്ടും വരഞ്ഞുകീറുംപോലെ, അവരെല്ലാം ചേര്‍ന്ന്് അവളുടെ അഭിമാനം വരഞ്ഞുകീറിക്കളഞ്ഞു. അതുകൊണ്ടാണവള്‍ പിടച്ചത്.

മറിയമെല്ലാമോര്‍ക്കുന്നുണ്ട്. പറിച്ചുകീറപ്പെട്ട അഭിമാനത്തിന്റെ ആ ഉടുവസ്ത്രവുമായി അവള്‍ തന്റെ മുമ്പില്‍ മിഴിനീറി നിന്നത്. ഒടുവില്‍ കണ്ടപ്പോള്‍ നസ്രത്തിലെ നീര്‍ച്ചോലയ്ക്കരുകില്‍ വച്ച് മനസ്സിലെന്തോ കത്തുന്നു, മേരി നീയല്‍പം വെള്ളം കോരിയൊഴിക്കുമോയെന്നു മൊഴിഞ്ഞ അവളുടെ വാക്കിന്റെ അപാരത. അകം ചെമന്ന മൂന്നാലു വിശിഷ്ടമായ അത്തിപ്പഴങ്ങള്‍ കയ്യില്‍ വച്ചുകൊടുത്തപ്പോള്‍ ഒരു തുണ്ടുപോലും രുചിക്കാതെ വീട്ടിലേക്കോടിയ അവളുടെ വിയര്‍പ്പു കാറ്റിന്റെ ഗന്ധം. കുനിഞ്ഞപ്പോള്‍ അരുവിയിലേക്കു വീണ അവളുടെ കണ്ണുനീര്‍ത്തുള്ളികള്‍. പിന്നെക്കണ്ടതോ ദൂരെ ഗ്രാമത്തിന് പുറത്ത് കഴുകന്മാര്‍ കൊത്തിവലിക്കുന്ന ഒരു അനാഥ ജഡം. എല്ലുകള്‍ക്കുവേണ്ടി കാട്ടുനായ്ക്കളുടെ യുദ്ധം. അരുവിയില്‍ പിടിവിട്ട് ഒഴുകുന്ന ചോരക്കറയുള്ള ഒരു കുടം. പിന്നെ കൂടാരത്തിരുന്നാളിന് മോശയുടെ നിയമത്തെപ്രതി നന്ദി പറഞ്ഞുപാടിയ പരീശന്മാരുടെ പരുക്കന്‍ പാട്ട്. അവരുടെ മുഖത്ത് അവര്‍ നിര്‍വഹിച്ച നീതിയുടെ നിറവ്. അതെ, കഴിഞ്ഞ കൂടാരത്തിരുനാള്‍ മറക്കാന്‍ കഴിയുന്നില്ല.

ഇപ്പോള്‍ അവളുടെ സ്ഥാനത്ത് മേരി നില്‍ക്കുന്നു… തനിക്കുനേരെ അതേ വിധി ഇഴഞ്ഞുവരുന്നതായി മേരിക്കു തോന്നി. വിവാഹനിശ്ചയം കഴിഞ്ഞതേയുള്ളൂ. വിനയാന്വിതനായ ജോസഫിന്റെ മുഖവും ഒരുപാട് ഓര്‍മ്മിച്ചെടുക്കാന്‍ കഴിയുന്നില്ല. ഒരു കാര്യം ഓര്‍ക്കാന്‍ പറ്റുന്നുണ്ട്. ജോസഫിന്റെ കണ്ണുകളില്‍ ലില്ലിപ്പൂക്കളുണ്ടായിരുന്നു. അല്ലെങ്കില്‍ ലില്ലിപ്പൂക്കളില്‍ ഒരു കറുത്ത തേനീച്ച ഇരിക്കുന്നതുപോലെയായിരുന്നു ആ കണ്ണുകള്‍. വിവാഹം നിശ്ചയം കഴിഞ്ഞതേയുള്ളൂ. ഒരുപാടൊന്നും ഓര്‍മ്മിച്ചെടുക്കാനില്ല. ലില്ലിപ്പൂക്കളെ തൊട്ടൊഴുകുന്ന കാറ്റുപോലെ ജോസഫ് മെല്ലെ പറഞ്ഞത് ഓര്‍ക്കുന്നു. ‘മേരീ നീതിമാനാണ് യാഹ്‌വേ… അതിന്റെ നീതിയാണ് എനിക്കു മേലങ്കി.’

നീതി എന്ന വാക്ക് ജോസഫ് ഉരുവിട്ടപ്പോള്‍ അതൊരു വെള്ളരിപ്രാവുപോലെ അത്രമേല്‍ അരുമയായി അവന്റെ ചുണ്ടിന്റെ ചില്ലയില്‍ നന്നായി ചേര്‍ന്നിരിക്കുന്നത് അവള്‍ ശ്രദ്ധിച്ചു. നീതിമാന്‍ എന്ന വാക്കു പറഞ്ഞപ്പോള്‍ ആ ചുണ്ടുകള്‍ക്ക് ഏതോ സ്വര്‍ഗീയ ഭംഗി വന്നിരുന്നു. ദൈവാലയത്തോട് ചേര്‍ന്നു വളരുന്ന നാളുകളില്‍ താനും പ്രാര്‍ത്ഥിച്ചിരുതൊേന്നയുള്ളു. യാഹ്‌വേ നിന്റെ കരുതലാണെന്റെ കൂടാരം. ദുഷ്ടന്റെ കൂടാരത്തില്‍ രാപ്പാര്‍ക്കുന്നതിനേക്കാള്‍ ദൈവഭവനത്തിന്റെ വാതില്‍പ്പടി ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു. നിന്റെ ചെങ്കോലെന്നെ നടത്തണം. ഞാന്‍ കുഞ്ഞാടായി കൂടെവരാം നിന്റെ മേച്ചില്‍പ്പുറങ്ങളില്‍ ഞാന്‍ മേയണം. മറ്റൊരു നീര്‍ച്ചോലയും എനിക്കുവേണ്ട. ഇപ്പോള്‍ തോന്നുന്നു ജോസഫിന് യാഹ്‌വേയുടെ മുഖമാണെന്ന്. ആ കൈയിലെ ഊന്നുവടി യാഹ്‌വേയുടെ ചെങ്കോലാണെന്ന്. വിവാഹത്തിന്റെ വിദൂരമായ മുന്നൊരുക്കങ്ങള്‍ രണ്ടുവീട്ടിലും നടക്കുന്നുണ്ട്. നിശ്ചയം കഴിഞ്ഞ് ഏതാനം മാസങ്ങള്‍ എങ്കിലും കഴിയുമ്പോഴാണ് യഥാര്‍ത്ഥ വിവാഹം. ഭാര്യഭര്‍തൃസഹവാസം അപ്പോള്‍മാത്രം. സഹവസിക്കുമ്പോള്‍ മുമ്പുണ്ടാകുന്ന ഗര്‍ഭധാരണം. നിശ്ചയം കഴിഞ്ഞപ്പോഴേ പെണ്ണു പിഴച്ചെന്ന് അയല്‍ക്കാര്‍ പെണ്ണുങ്ങള്‍ അടക്കം പറയും. പിന്നെ പരീശന്മാര്‍ അറിയും.

കഴിഞ്ഞ കൂടാരത്തിരുനാള്‍ വീണ്ടും ഓര്‍മ്മയിലെത്തുന്നു. അരുവിയിലൊഴുകിപ്പോയ ചോരക്കറയുള്ള കുടം. വലിച്ചുകീറപ്പെട്ട തന്റെ അയല്‍ക്കാരിയുടെ സ്മരണ തലയ്ക്കു മുകളിലൂടെ കഴുകനേപ്പോലെ പറന്നുപോയി. അതിനേക്കാള്‍ ഭീതികരമായ ഒന്നുണ്ട്. ജോസഫിന്റെ കണ്ണുകളില്‍ വാടിക്കരിയുന്ന ലില്ലിപ്പൂക്കള്‍. കണ്ണീരുവീണു നനയുന്ന നീതിയുടെ മേലങ്കി. കയ്യില്‍നിന്നിളകി പിടിവിട്ട് ജോര്‍ദ്ദാനില്‍ വീണു താഴുന്ന അവന്റെ കയ്യിലെ ഊന്നുവടി. ജോസഫ് വിധിക്കില്ലായിരിക്കും. പക്ഷേ, വഞ്ചിച്ചവളായി ആ സന്നിധിയില്‍ ഒരു നിമിഷം നില്‍ക്കേണ്ടിവന്നാല്‍ അതു മരണമാണ്. ലോകത്തിലേക്കുംവച്ച് ഏറ്റവും ഭീകരമായ മരണം. കാട്ടുപാതകള്‍ പോലെ കൂടിക്കുഴഞ്ഞ് വ്യക്തമല്ലാതെ ദൈവത്തിന്റെ തിരുവഴികള്‍ മറിയത്തിന്റെ മുമ്പില്‍ കിടക്കുന്നു… കെട്ടുപിണഞ്ഞു കുരുങ്ങിയ കയറുപോലെ….

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles