മേരിയെന്ന വാഗ്ദത്ത പേടകം

~ ബോബി ജോസ് കപ്പൂച്ചിന്‍ ~

 

ഓരോ കുഞ്ഞും നരഭോജിയാണെന്ന മട്ടില്‍ ഓ. വി. വിജയന്റെ നിരീക്ഷണം ഉണ്ട്. കാരണം അമ്മയെ തിന്ന കുഞ്ഞുങ്ങള്‍ ആണ് നമ്മള്‍. ഒരിക്കല്‍ അകത്തിരുന്നും, പിന്നെ പുറത്തിരുന്നും നമ്മള്‍ അത് ചെയ്തു. ഒറ്റ കോശത്തില്‍ നിന്നാരംഭിച്ച ഒരു ഉല്പത്തി കാഴ്ചയായും കേള്‍വിയായും ചിന്തയായും ബുദ്ധിയായും രൂപപ്പെട്ടത് അകത്തിരുന്ന് അവളെ ഭക്ഷിച്ചത് കൊണ്ടാണ്. നിലവിളിയോടെ പുറത്തു വന്നിട്ടും അമ്മയെ തന്നെ തിന്നു നമ്മള്‍. എന്താണ് മുലപ്പാല്‍? അമ്മയുടെ രക്തം തന്നെയാണത്. മുപ്പതു വയസു കഴിഞ്ഞു തുടങ്ങിയവര്‍ അവരുടെ അമ്മമാരെ ഒന്നോര്‍മിച്ചു നോക്കുക. പരമാവധി രണ്ട് വര്‍ഷങ്ങ ള്‍ക്കിടയില്‍ ഓരോ കുഞ്ഞിനു പിറവി കൊടുത്തിരുന്ന കുറെയധികം മക്കളുടെ അമ്മമാര്‍. ചോര നീരാക്കിയെന്നൊക്കെ പറയുന്നത് അക്ഷരാര്‍ത്ഥത്തില്‍ ആ അമ്മമാരാണ്. കുഞ്ഞിന്റെ ഭക്ഷണമാണ് അം : അങ്ങനെ അമ്മയുണ്ടായിയെന്ന്.

അകത്തിരുന്നും പുറത്തിരുന്നും ക്രിസ്തു ഭക്ഷിച്ച ഒരമ്മയ്ക്കുള്ള വാഴ്ത്തു മറ്റൊരു സ്ത്രീയില്‍ നിന്നാണ് കിട്ടിയത്. അവന്‍ അവരെ പഠിപ്പിക്കുകയായിരുന്നു. അവന്റെ അമൃത മൊഴികളുടെ ലാവണ്യത്തില്‍ അവരുടെ മിഴികളും, ധ്യാനത്തില്‍ അവരുടെ ഹൃദയവും നിറയുന്നുണ്ടായിരുന്നു. ചുരുളുകള്‍ ഭക്ഷിച്ച എസെക്കിയെലിനെ പോലെ ആയിരുന്നു അവര്‍.’ ഇത് മധുരിക്കുന്നുവല്ലോ ‘..അവന്റെ ലാവണ്യ മൊഴികളില്‍ മിഴി പൂട്ടി, ഹര്‍ഷം ചെറിയ പ്രാണനില്‍ പുതു വീഞ്ഞ് പോലെ പതഞ്ഞു ഒഴുകിയപ്പോള്‍ അവളിങ്ങനെ വിളിച്ചു പറഞ്ഞു: ‘ നിന്നെ മുലയൂട്ടിയ മാറും നിന്നെ വഹിച്ച ഉദരവും എത്ര അനുഗ്രഹീതം” . മേരിക്കും മകനും ഇത്രയും മനോഹരമായൊരു വാഴ്‌വു മറ്റൊരിടത്ത് നിന്നും ലഭിച്ചിട്ടുണ്ടാവില്ല. അത്രയും ഗുരുത്വമുള്ള ഒരു മരിയന്‍ പ്രണാമം മുന്‍പോ പിമ്പോ ഈ ഭൂതലത്തിന് മീതെ മുഴങ്ങിയിട്ടില്ല. അവന്റെ പിറവിക്കു മുന്‍പ് സമാനമായൊരു സ്വരം മേരിയില്‍ മുഴങ്ങിയിരുന്നു.

ആ നിമിഷം മുപ്പതു വയസുള്ള ചെറുപ്പക്കാരന്‍ കുഞ്ഞായി. സ്മൃതിയില്‍ പാല്‍ മണം.. വിനയാന്വിതനായി മിഴിയടച്ചു ക്രിസ്തു പറഞ്ഞു; ദൈവ വചനം കേള്‍ക്കുകയും പാലിക്കുകയും ചെയ്യുന്നവരും അത് പോലെ തന്നെ അനുഗ്രഹീതരാണ്”. അങ്ങനെ ഒരു സാധു സ്ത്രീയുടെ അഭിവാദ്യത്തെ ക്രിസ്തു പ്രതിവന്ദിച്ചു. അതും മേരിക്കുള്ള വാഴ്‌വു തന്നെ. ദൈവവചനം പാലിക്കാനായി ഇതു പോലെ വില കൊടുത്തിട്ടുള്ള ആരുണ്ട്?
ഒരു ജപമാലയിലൂടെ വിരല്‍ നീങ്ങി തുടങ്ങുമ്പോള്‍ കുറഞ്ഞത് അമ്പതു പ്രാവശ്യം എങ്കിലും പേരറിയാത്ത ആ ഗ്രാമീണ സ്ത്രീയുടെ വാഴ്ത്തിന്റെ പ്രതി ധ്വനികളാണ് സംഭവിക്കുന്നത്. നന്മ നിറഞ്ഞ മറിയമേ സ്വസ്തി, കര്‍ത്താവു അങ്ങയോടു കൂടെ. സ്ത്രീകളില്‍ അങ്ങ് അനുഗ്രഹീതയാകുന്നു. അങ്ങയുടെ ഉദരത്തില്‍ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു. മേരിയെന്ന നിര്‍മ്മല വൃക്ഷത്തില്‍ നിന്നാണ് ക്രിസ്തുവെന്ന സുഗന്ധവും മധുരമുള്ള ഫലം രൂപപ്പെട്ടത്. ഫലത്തില്‍ നിന്ന് വൃക്ഷത്തെ തിരിച്ചറിയാമെന്നവന്‍ അരുള്‍ ചെയ്തപ്പോള്‍ അവന്റെ കേള്‍വിക്കാരുടെ മിഴികള്‍ ഒരു മരിയ സ്മൃതിയില്‍ സജലങ്ങള്‍ ആയിട്ടുണ്ടാവണം.

മേരിക്കുള്ള സാമാന്യം ദീര്‍ഘമായ ആ സ്‌തോത്ര മാലികയില്‍ വാഗ്ദത്തപേടകമേ എന്നൊരു വിശേഷണം ഉണ്ട് അവള്‍ക്ക്. ആ വാഗ്ദത്ത പേടകം താന്‍ കണ്ടുവെന്നു യോഹന്നാന്‍ പറയുമ്പോള്‍ അവന്റെ കാലത്തിന്റെ വിസ്മയവും നടുക്കവും ഊഹിച്ചെടുക്കാവുന്നതെയുള്ളൂ. വെളിപാടിന്റെ പുസ്തകത്തില്‍ പതിനൊന്നാം അധ്യായത്തിലെ ഒടുവിലത്തെ വരിയാണിത്. അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ ദൈവത്തിന്റെ ആലയം തുറക്കപ്പെട്ടു. അതിലവിടത്തെ വാഗ്ദാന പേടകം കാണായി. മിന്നല്‍ പിണരുകളും ഘോഷങ്ങളും ഇടി മിന്നലുകളും ഭൂകമ്പവും വലിയ കന്മഴയുമുണ്ടായി. അടുത്ത അധ്യായം തുടങ്ങുന്നതാവട്ടെ സ്വര്‍ഗ്ഗത്തില്‍ ഒരു സ്ത്രീയെ കണ്ടു എന്നു പറഞ്ഞു കൊണ്ടാണ്. എന്താണ് വാഗ്ദത്ത പേടകം? അത്രമേല്‍ ഒന്നും ഭൂമിയില്‍ അലങ്കരിക്കപ്പെട്ടിട്ടില്ല. അകത്തും പുറത്തും സ്വര്‍ണ്ണം പൊതിഞ്ഞു അതിനുള്ളില്‍ മൂന്നു വിശേഷപ്പെട്ട അടയാളങ്ങള്‍ പ്രതിഷ്ഠിച്ചു. കല്പനകളുടെ കല്‍ ഫലകങ്ങള്‍, ആകാശം പൊഴിച്ച മന്ന, അഹറോന്‍ ഉപയോഗിച്ച പൂവിട്ട വടി, മൂന്നിലും ക്രിസ്തുവിന്റെ പ്രകാശമുള്ള നിഴല്‍ വീണിട്ടുണ്ട്, കാരണം ക്രിസ്തുവാണ് പുതിയ നിയമം. ഞാന്‍ നിങ്ങള്‍ക്ക് ഒരേ ഒരു കല്പന തരുന്നു.സ്‌നേഹം. കല്‍പാളികളില്‍ അല്ല ഹൃദയത്തില്‍ ആണവന്‍ അത് കോറിയിടാന്‍ പോകുന്നത്. പുതിയ മന്നയും അവന്‍ തന്നെ. ആ മന്ന കഴിച്ചവരൊക്കെ മരിച്ചു പോയി. ഈ മന്ന ഭക്ഷിക്കുന്നവന്‍ ജീവിക്കും. അഹറോന്‍ ലേവ്യ ഗോത്രത്തില്‍ നിന്നാണ്. പുരോഹിതന്‍ എന്നര്‍ത്ഥം. ആചാരങ്ങളിലൂടെയല്ല സമര്‍പ്പണത്തിലൂടെയാണ് അവനതു ചെയ്യുക. അവനെയാണ് ഹൃദയത്തിലും ഉദരത്തിലും മേരി കരുതി വച്ചത്. അങ്ങനെ ആണവര്‍ പുതിയ നിയമത്തിന്റെ വാഗ്ദാന പേടകമായത്.

വാഗ്ദത്ത പേടകവുമായി മേരിയെ ബന്ധിപ്പിക്കുന്ന പ്രകാശം ലൂക്കായുടെ സുവിശേഷത്തില്‍ നിന്നാണ് നമുക്ക് ലഭിക്കുക. പേടകത്തിന് മീതെ ദൈവ മഹത്വത്തിന്റെ മേഘം പൊതിഞ്ഞു നിന്നുവെന്നും പഴയ നിയമ സൂചനയോട് ചേര്‍ന്ന് വായിക്കണം. അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കുമെന്ന പുതിയ നിയമത്തിലെ ദേവദൂത്. നിര്‍മ്മലയായ ഒരു സ്ത്രീയോടൊപ്പം ആ അദൃശ്യ മേഘം അവസാനത്തോളം കൂട്ട് പോയി. ആ മേഘത്തിലായിരുന്നത് കൊണ്ടാവണം ഇത്ര മേല്‍ ചിതറിയിട്ടും അസാധാരണമായ ഒരു അലിവു അവളു ടെ ഹൃദയത്തോട് ചേര്‍ന്ന് നടന്നത്. അത് കൊണ്ടാണ് കൊല്ലപ്പെട്ട മകന് മടി തട്ടൊരുക്കി ഇരിക്കുന്ന അമ്മയുടെ ശില്‍പം കൊത്തി തീരുമ്പോള്‍ വ്യാകുലമെന്നല്ല, കരുണയെന്നു ആഞ്ചലോ പേരിട്ടത്.

വാഗ്ദത്ത പേടകത്തിന്റെ നാള്‍വഴി ഏതാണ്ട് ഇങ്ങനെയാണ്-മോശയ്ക്കു ശേഷം വാഗ്ദത്ത ഭൂമിയിലേക്ക് പ്രവേശിച്ച ജോഷ്വ സിലോഹില്‍ അത് സ്ഥാപിച്ചു. ഇരുനൂറു വര്‍ഷത്തോളം അത് അവിടെ ഉണ്ടായിരുന്നു. യുദ്ധ ഭൂമിയിലേക്ക് കൊണ്ട് പോയ പേടകം ഫിലിസ്ത്യര്‍ കവര്‍ന്നെടുത്തു. അത് ആവശ്യത്തിലേറെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. അങ്ങനെ അത് തിരികെ കൊടുക്കുവാന്‍ അവര്‍ തീരുമാനിച്ചു. ദാവീദാണ് അത് സ്വീകരിക്കാന്‍ എത്തുന്നത്. മൂന്നു മാസക്കാലം അത് അവിടെ ഉണ്ടായിരുന്നു.

ഇവിടെയാണ് ചില മനോഹരമായ സാദൃശ്യങ്ങള്‍. എലിസബത്ത് പാര്‍ത്ത ഇടത്തിനും വാഗ്ദത്ത പേടകം സൂക്ഷിച്ച ഇടത്തിനും ഇടയില്‍ വളരെ ചെറിയ ദൂരമേയുള്ളൂ. വാഗ്ദത്ത പേടകം കണ്ടപ്പോള്‍ ദാവീദ് ഭയത്തോടെ ചോദിച്ചത് എലിസബത്ത് എന്ന ജ്ഞാനവൃദ്ധ ആദരവില്‍ ആവര്‍ത്തിക്കുന്നുണ്ട്. കര്‍ത്താവിന്റെ അമ്മ എന്നെ തേടി വരാന്‍ എനിക്കെങ്ങനെ ഭാഗ്യമുണ്ടായി എന്ന അര്‍ത്ഥത്തില്‍ ദാവീദ് പേടകത്തിന്റെ മുന്‍പില്‍ ആനന്ദ ഭരിതനായി നൃത്തം ചവിട്ടുന്നുണ്ട്. മേരിയുടെ സാമീപ്യത്തില്‍ ഉള്ളിലെ കൊച്ചു യോഹന്നാനും ചെയ്യുന്നത് അത് തന്നെ. വാഗ്ദത്ത പേടകത്തിന്റെ മുന്‍പില്‍ എങ്ങനെയാണ് മനുഷ്യര്‍ക്ക് നൃത്തം ചവിട്ടാനും പാട്ടുപാടാനും കഴിയാതെ ഇരിക്കുക .മൂന്നു മാസക്കാലം എലിസബത്തിനോടൊപ്പം മേരിയും ഉണ്ടായിരുന്നു. അബു ഘോഷില്‍ വാഗ്ദത്ത പേടകവും അപ്രകാരം തന്നെ. ആയിടം അങ്ങനെ ആശീര്‍വദിക്കപ്പെട്ടുവെന്ന് പഴയ നിയമം സാക്ഷ്യപ്പെടുത്തുന്നു. അങ്ങനെ പഴയ നിയമത്തിന്റെ വാഗ്ദത്ത പേടകം പുതിയ നിയമത്തിലെ മേരിയുടെ പ്രകാശമുള്ള നിഴലായി.

ദൈവമേ, ഞങ്ങള്‍ക്ക് ഇടം നല്‍കിയ ഉദരങ്ങളും വാഗ്ദത്ത പേടകങ്ങള്‍ ആകുന്നു. ഞങ്ങള്‍ പതുക്കെ ക്രിസ്തുവായി മാറുമ്പോള്‍. അപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് ആരോ വിളിച്ചു പറയുന്നു. നിന്നെ വഹിച്ച ഉദരവും നിന്നെ ഊട്ടിയ മാറും എത്ര അനുഗ്രഹീതം !

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Realated articles