തിരുഹൃദയത്തിരുനാള്‍ വചന വിചിന്തനം

~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.

കത്തോലിക്കാ സഭയിലെ അതിപ്രശസ്തമായ തിരുനാളാണ് തിരുഹൃദയത്തിരുനാള്‍. അപ്പസ്‌തോലന്മാരുടെ കാലം തൊട്ടേ തിരുഹൃദയ ഭക്തി നിലനിന്നിരുന്നെങ്കിലും 1673 ല്‍ വി. മാര്‍ഗരറ്റ് മേരി അലക്കോക്കിന് യേശു പ്രത്യക്ഷപ്പെട്ട് ആവശ്യപ്പെട്ടതിന് ശേഷമാണ് ആഗോള സഭ തിരുഹൃദയത്തിരുനാള്‍ പൊതുവായി ആഘോഷിക്കാന്‍ ആരംഭിച്ചത്.

ബൈബിള്‍ വായന

യോഹന്നാന്‍: 19. 30-37

എല്ലാം പൂര്‍ത്തിയായിരിക്കുന്നു എന്നു പറഞ്ഞു കൊണ്ട് അവന്‍ തല ചായ്ച്ച് ആത്മാവിനെ സമര്‍പ്പിച്ചു. അത് സാബത്തിനുളള ഒരുക്കത്തിന്റെ ദിവസമായിരുന്നു. സാബത്തില്‍ ശരീരങ്ങള്‍ കുരിശില്‍ കിടക്കാതിരിക്കാന്‍ വേണ്ടി അവരുടെ കാലുകള്‍ തകര്‍ക്കാനും അവരെ നീക്കം ചെയ്യാനും യൂഹദര്‍ പീലാത്തോസിനോട് ആവശ്യപ്പെട്ടു. അതിനാല്‍ പടയാളികള്‍ വന്ന് അവനോടൊപ്പം ക്രൂശിക്കപ്പെട്ടിരുന്ന രണ്ടു പേരുടെയും കാലുകള്‍ തകര്‍ത്തു. അവര്‍ യേശുവിനെ സമീപിച്ചപ്പോള്‍ അവന്‍ മരിച്ചു കഴിഞ്ഞു എന്ന് കാണുകയാല്‍ അവന്റെ കാലുകള്‍ തകര്‍ത്തില്ല. എന്നാല്‍ പടയാളികളില്‍ ഒരുവന്‍ അവന്റെ പാര്‍ശ്വത്തില്‍ കുന്തം കൊണ്ട് കുത്തി. ഉടനെ അതില്‍നിന്ന് രക്തവും വെള്ളവും പുറപ്പെട്ടു. അത് കണ്ടയാള്‍ തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അവന്റെ സാക്ഷ്യം സത്യവുമാണ്. നിങ്ങളും വിശ്വസിക്കേണ്ടതിന് താന്‍ സത്യമാണ് പറയുന്നത് എന്ന് അവന്‍ അറിയുകയും ചെയ്യുന്നു. അവന്റെ അസ്ഥികളില്‍ ഒന്നു പോലും തകര്‍ക്കപ്പെടുകയില്ല എന്ന തിരുവെഴുത്ത് പൂര്‍ത്തിയാകാന്‍ വേണ്ടിയാണ് ഇത് സംഭവിച്ചത്. മറ്റൊരു തിരുവെഴുത്തു പറയുന്നു: തങ്ങള്‍ കുത്തി മുറിവേല്‍പിച്ചവനെ അവര്‍ നോക്കി നില്‍ക്കും.

ചരിത്രപശ്ചാത്തലം

ഹൃദയം ഒരു വ്യക്തിയുടെ സ്‌നേഹം, അനുഭൂതികള്‍, കരുണ, ധാരണ, വികാരങ്ങള്‍ എന്നിവയെ എല്ലാം സൂചിപ്പിക്കുന്നു. യേശുവില്‍ വെളിപ്പെട്ട ത്യാഗാത്മകമായ ദൈവസ്‌നേഹത്തോടുളള മനുഷ്യരുടെ പ്രതികരണമാണ് തിരുഹൃദയഭക്തി. ദൈവം ഇസ്രായേലുമായി ഒരു ഉടമ്പടി സ്ഥാപിക്കുകയും തന്റെ ആദ്യജാതനായി ഇസ്രായേലിനെ കണക്കാക്കുകയും ചെയ്തു.

യോഹന്നാന്റെ സുവിശേഷത്തില്‍ ദൈവത്തിന്റെ മഹാസ്‌നേഹത്തെ കുറിച്ച് പറയുന്നുണ്ട്: എന്തെന്നാല്‍ അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിന് വേണ്ടി തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു. (യോഹ. 3. 16)

ചരിത്രത്തില്‍ ഏറ്റവും ആദ്യമായി അറിയപ്പെട്ട തിരുഹൃദയഭക്തി 11 ാം നൂറ്റാണ്ടില്‍ വി. ബെര്‍ണാഡിന്റെതാണ്. 12 ാം നൂറ്റാണ്ടിലെ വി. ജെര്‍ത്രൂദും വി. മെച്ചില്‍ഡും തിരുഹൃദയദര്‍ശനങ്ങള്‍ സ്വന്തമാക്കിയവരായിരുന്നു. എന്നാല്‍ തിരുഹൃദയഭക്തി ലോകം മുഴുവന്‍ പ്രസിദ്ധമാക്കിയത് വി. മാര്‍ഗരറ്റ് മേരി അലക്കോക്കിന്റെ ദര്‍ശനങ്ങളെ തുടര്‍ന്നാണ്. 1670 ല്‍ ഫ്രാന്‍സില്‍ വ്യാപിച്ച തിരുഹൃദയഭക്തി 1899 ജൂണ്‍ 11 ന് ലിയോ പതിമൂന്നാമന്‍ പാപ്പാ ആഗോള സഭയുടെ തിരുനാളാക്കി ഉയര്‍ത്തി.

തിരുഹൃദയത്തിന്റെ പ്രതീകാത്മക അര്‍ത്ഥം

തനിക്ക് ലഭിച്ച ദര്‍ശനങ്ങള്‍ അനുസരിച്ച് വി. മാര്‍ഗരറ്റ് മേരി അലക്കോക്ക് തിരുഹൃദയരൂപം രൂപകല്പന ചെയ്തു. അതാണ് നാം ഇന്ന് തിരുഹൃദയരൂപത്തില്‍ കാണുന്നത്. യേശുവിന്റെ നെഞ്ചിന് പുറത്താണ് തിരുഹൃദയം. അതില്‍ നിന്ന് ദിവ്യവെളിച്ചം പ്രസരിക്കുന്നുണ്ട്. തിരുഹൃദയം മുറിഞ്ഞു രക്തം ഒലിക്കുകയും മുള്‍ക്കിരീടത്താല്‍ വരിഞ്ഞു മുറക്കപ്പെടുകയും ചെയ്യുന്നു. യേശുവിന്റെ മുറിവേറ്റ കരങ്ങള്‍ തന്റെ ഹൃദയത്തിന്റെ നേര്‍ക്ക് ചൂണ്ടുന്നു.

യേശു ക്രിസ്തുവിന്റെ ഭൗതിക ഹൃദയത്തെയും സ്വയം ബലി നല്‍കുന്ന അവിടുത്തെ സ്‌നേഹത്തെയുമാണ് തിരുഹൃദയം സൂചിപ്പിക്കുന്നത്.

മുറിഞ്ഞ ഹൃദയം നമുക്കായി കുരിശില്‍ മുറിഞ്ഞ് അവസാനത്തുള്ളി രക്തം വരെ ചിന്തിയ അവിടുത്തെ ഹൃദയത്തിന്റെ പ്രതീകമാണ്.

മുള്‍മുടി യേശുവിന്റെ പീഡകളുടെ നേരത്ത് അവിടുന്ന് അണിഞ്ഞ മുള്‍ക്കിരീടത്തിന്റെ പ്രതീകമാണ്.

തിരുഹൃദയത്തിന്റെ മുകളിലുള്ള കുരിശ് നമുക്കു വേണ്ടി രക്ഷ നേടിത്തന്ന, സ്വര്‍ഗത്തെയും ഭൂമിയെയും ബന്ധിപ്പിക്കുന്ന ഗോവണിയായ വി. കുരിശിനെ പ്രതീകവല്‍ക്കരിക്കുന്നു.

യേശുവിന്റെ കത്തിജ്വലിക്കുന്ന സ്‌നേഹത്തിന്റെ പ്രതീകമാണ് തിരുഹൃദയത്തിലെ തീജ്വാലകള്‍.

തിരുഹൃദയത്തെ പൊതിയുന്ന പ്രകാശം ലോകത്തിന്റെ അന്ധകാരത്തില്‍ പ്രകാശിക്കുന്ന വെളിച്ചമാണ്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles