കര്‍ഷക സംഗമം അവരുടെ കണ്ണീരൊപ്പാന്‍ ഉപകരിക്കപ്പെടട്ടെ എന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

കൊച്ചി: കണ്ണൂരിൽ  നടക്കുന്ന കർഷക മഹാസംഗമത്തിനും കർഷക റാലിക്കും ആശംസ നേർന്ന് സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.

അതിജീവനത്തിനായി തെരുവിൽ ഇറങ്ങേണ്ടിവന്ന കർഷകസമൂഹത്തിന്റെ കണ്ണീരൊപ്പാനും അവരുടെ പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം ഉണ്ടാക്കാനും കേന്ദ്ര, സംസ്ഥാന സർക്കാരുകളെ പ്രേരിപ്പിക്കാൻ ഈ മഹാസംഗമം വഴിയൊരുക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

ജാതി-മത-രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി കർഷക സമൂഹത്തിന്റെ നീറുന്ന വിഷയങ്ങൾ പൊതുസമൂഹത്തിൽ തുറന്നുകാട്ടുന്നതിനു മുൻ കൈയെടുത്ത തലശേരി അതിരൂപതയെഅദ്ദേഹം അഭിനന്ദിച്ചു. എല്ലാ വിഭാഗങ്ങളെയും പ്രസ്ഥാനങ്ങളെയും കർഷകരക്ഷ എന്ന ഏക വിഷയത്തിൽ ഏകോപിപ്പിക്കാൻ മുൻകൈയെടുത്തവരുടെയും അതിനോടു നന്നായി പ്രതികരിച്ചു സഹകരിച്ചവരുടെയും നടപടി ശ്ലാഘനീയമാണ്.

നാടിനെ തീറ്റിപ്പോറ്റുകയും വ്യവസായങ്ങൾക്കും കയറ്റുമതിക്കും വേണ്ട ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്ന കർഷക സമൂഹം ഇന്നു പ്രതിസന്ധിയിലാണ്. ഭാവി മാത്രമല്ല ഇന്നത്തെ നിലനില്പ് പോലും അവരുടെ മുന്പിൽ ചോദ്യചിഹ്നമാണ്. ഉത്പന്നങ്ങൾക്കു ന്യായവില പോലും ലഭിക്കാതെ കർഷകർ വലയുന്പോൾ അമിത വിലയ്ക്ക് അതേ ഉത്പന്നം വാങ്ങാൻ ഉപയോക്താക്കൾ നിർബന്ധിതരാകുന്നു. കർഷകർ ഉത്പാദിപ്പിക്കുന്ന അസംസ്കൃത പദാർഥങ്ങൾക്കു വില നാൾതോറും കുറയുന്പോൾ അവ ഉപയോഗിച്ചുണ്ടാക്കുന്ന സാധനങ്ങൾക്കു ദിവസവും വില കയറുന്നു.

ഈയൊരു വിഷമസന്ധിയിലാണു കർഷകസമൂഹം തങ്ങളുടെ ആവലാതികൾ പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ ഈ മഹാസംഗമവും റാലിയും നടത്തുന്നത്.

മാനുഷികമായ എല്ലാറ്റിന്റെയും അനുരണനം സഭയിൽ ഉണ്ടാകേണ്ടതുണ്ട്. അതുകൊണ്ടാണ് കർഷക സമൂഹത്തിന്റെ ഈ വിഷമസന്ധിയിൽ അവർക്കൊപ്പം ഇറങ്ങാൻ സഭാനേതൃത്വം തയാറായിരിക്കുന്നത്. കർഷക സമൂഹത്തിന്റെ വിഷമതകൾ അധികൃത ശ്രദ്ധയിൽ കൊണ്ടുവന്നു പരിഹാരമുണ്ടാക്കാൻ പരിശ്രമിക്കുന്ന എല്ലാവരെയും അഭിനന്ദിക്കുന്നു.

ഈ വലിയ തുടക്കം ഉത്തര കേരളത്തിൽ മാത്രമല്ല, രാജ്യത്തെങ്ങും കർഷകർക്കു പ്രയോജനകരമായ നടപടികൾ ഉണ്ടാകാൻ പ്രേരകമാകട്ടെയെന്നും മാർ ആലഞ്ചേരി ആശംസിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles