യേശുവാണ് പരിശുദ്ധാത്മാവ് കൊണ്ടു സ്‌നാനം നല്‍കുന്നവന്‍ (SUNDAY HOMILY)

~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.

എപ്പിഫനി മൂന്നാം ഞായര്‍ സുവിശേഷ സന്ദേശം

സ്‌നാപക യോഹന്നാന്‍ യേശുവിനെ അവതരിപ്പിക്കുന്നത് കുഞ്ഞാട് എന്ന പ്രതീകം ഉപയോഗിച്ചാണ്. നിരവധി ബിബ്ലിക്കല്‍ അര്‍ത്ഥതലങ്ങളുള്ള വാക്കാണ് അത്. മോശയെ പോലെ ഒരു വിമോചകനായോ ദാവീദിനെ പോലെ ഒരു പോരാട്ടവീരനായി അവതരിപ്പിക്കുന്നതിന് പകരം യേശുവിനെ ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന കുഞ്ഞാടായിട്ടാണ് അവതരിപ്പിക്കുന്നത്. ഈ ലോകം നിലവില്‍ വരുന്നതിനു മുമ്പേ ദൈവത്തില്‍ നിന്നു വന്ന ഈ കുഞ്ഞാട് ഉണ്ടായിരുന്നു. പരിശുദ്ധാത്മാവിന്റെ എഴുന്നള്ളി വരവും ആവാസവുമെല്ലാം യേശു തന്നെയാണ് മിശിഹാ എന്നതിന് തെളിവായി മാറുന്നു.

ഇന്നത്തെ സുവിശേഷ വായന
(യോഹ. 1. 29 – 34)

“അടുത്ത ദിവസം യേശു തന്റെ അടുത്തേക്കു വരുന്നതു കണ്ട് അവന്‍ പറഞ്ഞു: ഇതാ, ലോകത്തിന്റെ പാപം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്.30 എന്റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ വലിയവനാണെന്നു ഞാന്‍ പറഞ്ഞത് ഇവനെപ്പറ്റിയാണ്. കാരണം, എനിക്കുമുമ്പുതന്നെ ഇവനുണ്ടായിരുന്നു.31 ഞാനും ഇവനെ അറിഞ്ഞിരുന്നില്ല. എന്നാല്‍, ഇവനെ ഇസ്രായേലിനു വെളി പ്പെടുത്താന്‍വേണ്ടിയാണ് ഞാന്‍ വന്നു ജലത്താല്‍ സ്‌നാനം നല്‍കുന്നത്.32 ആത്മാവ് പ്രാവിനെപ്പോലെ സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവന്ന് അവന്റെ മേല്‍ ആവസിക്കുന്നത് താന്‍ കണ്ടു എന്നു യോഹന്നാന്‍ സാക്ഷ്യപ്പെടുത്തി.33 ഞാന്‍ അവനെ അറിഞ്ഞിരുന്നില്ല. എന്നാല്‍, ജലംകൊണ്ടു സ്‌നാനം നല്‍കാന്‍ എന്നെ അയച്ചവന്‍ എന്നോടു പറഞ്ഞിരുന്നു: ആത്മാവ് ഇറങ്ങിവന്ന് ആരുടെമേല്‍ ആ വസിക്കുന്നത് നീ കാണുന്നുവോ, അവനാണു പരിശുദ്ധാത്മാവുകൊണ്ടു സ്‌നാനം നല്‍കുന്നവന്‍.34 ഞാന്‍ അതു കാണുകയും ഇവന്‍ ദൈവപുത്രനാണ് എന്നു സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു.”

വിചിന്തനം

ആദ്യത്തെ ദിവസം യേശുവിന് സ്‌നാപക യോഹന്നാന്‍ സാക്ഷ്യം നല്‍കുന്നത് ഞാന്‍ മിശിഹാ അല്ല, മരുഭൂമിയില്‍ വിളിച്ചു പറയുന്നവന്റെ ശബ്ദാണ് എന്നു പറഞ്ഞുകൊണ്ടാണ്. എന്നാല്‍ രണ്ടാം ദിവസം തന്റെ നേര്‍ക്ക് യേശു നടന്നു വരുന്നത് കണ്ടപ്പോള്‍ യോഹന്നാന്‍ വിളിച്ചു പറയുന്നു: ഇതാ ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്!

ജ്ഞാനസ്‌നാനത്തിനു ശേഷം പിശാചിനാല്‍ പരീക്ഷിക്കപ്പെട്ട് യേശു മരുഭൂമിയില്‍ 40 ദിവസം വസിച്ചു. അതിനു ശേഷമാണ് സ്‌നാപകന്റെ പക്കലേക്ക് വരുന്നതും സ്‌നാപകന്‍ യേശുവിന് സാക്ഷ്യം നല്‍കുന്നതും.

ദൈവത്തിന്റെ കുഞ്ഞാട്

ഈ വാക്കിന് നിരവധി അര്‍ത്ഥ തലങ്ങളുണ്ട്.

1. പെസഹാ കുഞ്ഞാട് എന്ന് ഈ വാക്കിന് അര്‍ത്ഥമുണ്ട്. ഈജിപ്തില്‍ നിന്നുള്ള പുറപ്പാടു വേളയില്‍ ഇസ്രായേലിനെ രക്ഷിച്ചത് കുഞ്ഞാടിന്റെ രക്തമായിരുന്നു. (പുറ. 12. 1-13). ന്യൂനമറ്റ പെസഹാ കുഞ്ഞാട് പാപമില്ലാത്ത യേശുവിന്റെ പ്രതീകമാണ്. കട്ടിളപ്പടിമേല്‍ പുരട്ടിയ രക്തം കുരിശിലെ യേശുവിന്റെ ര്ക്തത്തിന്റെ അടയാളമാണ്. അടിമത്വത്തില്‍ നിന്നുള്ള രക്ഷയുടെ അടയാളമായി പെസഹാ കുഞ്ഞാട് നിന്നപ്പോള്‍ യേശു പാപത്തിന്റെയും സാത്താന്റെയും അടിമത്തത്തില്‍ നിന്ന് മനുഷ്യര്‍ക്ക് രക്ഷയായി.

2. ദൈവം മോറിയാ മലയില്‍ വച്ച് നല്‍കിയ ആടിന്റെ പ്രതീകവുമാണ് ഈ കുഞ്ഞാട്. എവിടെ കുഞ്ഞാട് എന്ന ഇസഹാക്കിന്റെ ചോദ്യത്തിനുള്ള മറുപടിയാണ് ‘ഇതാ ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്’ എന്ന സ്‌നാപക യോഹന്നാന്റെ വചസ്സ്.

3. മൂന്നാമതായി ജറുസലേം ദേവാലയത്തിലെ ബലിക്കുഞ്ഞാടിന്റെ പ്രതീകമാകുന്നു യേശു. ജനങ്ങളുടെ പാപങ്ങള്‍ക്കു പരിഹാരമാണ് ഈ ബലിക്കുഞ്ഞാട്. പെസഹാദിനത്തില്‍ ഈ കുഞ്ഞാടിനെയാണ് ബലി അര്‍പ്പിക്കുന്നത്.

4. പാപ പരിഹാര ബലിയായി കൊല്ലപ്പെടുന്ന കുഞ്ഞാടിനെ കുറിച്ച് ഏശയ്യായും ജെറെമിയായും പ്രവചിക്കുന്നുണ്ട്. (ജെറ. 11. 19) (ഏശയ്യ 53. 7).

5. എന്നാല്‍ അവസാനം നാം കാണുന്നത് പീഡിതനായ കുഞ്ഞാടിന് പകരം വിജയശ്രീലാളിതനായ വെളിപാടിലെ കുഞ്ഞാടിനെയാണ്. അവന്‍ തിന്മയെ ഇല്ലാതാക്കും. (വെളി. 5 – 7).

ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്നവന്‍

മൃഗയാഗങ്ങള്‍ക്കോ പാപിയായ മനുഷ്യനോ മനുഷ്യന്റെ ഉത്ഭവ പാപം നീക്കാന്‍ ശക്തിയുണ്ടായിരുന്നില്ല. അതിനാല്‍ ദൈവം തന്നെ ഒരേ സമയം ദൈവവും മനുഷ്യനുമായി അവതരിച്ചു. ലോകത്തിന്റെ പാപങ്ങള്‍ നീക്കാന്‍ ശക്തിയുള്ള ഒരേയൊരു വ്യക്തി യേശു ക്രിസ്തുവാണ്.

ഞാനവനെ അറിഞ്ഞിരുന്നില്ല എന്ന് യോഹന്നാന്‍ പറയുന്നതിന്റെ അര്‍ത്ഥം എന്താണ്? വാസ്തവത്തില്‍ യേശുവും യോഹന്നാനും ബന്ധുക്കളാണ്. ഹേറോദേസ് കുഞ്ഞുങ്ങളെ കൊല്ലാന്‍ കല്പന പുറപ്പെടുവിച്ച കാലത്ത് സ്‌നാപകനെയും കൊണ്ട് അവന്റെ മാതാപിതാക്കള്‍ മരുഭൂമിയിലേക്ക് പലായനം ചെയ്തു എന്ന് അഭിപ്രായപ്പെടുന്ന ചില പണ്ഡിതന്മാരുണ്ട്. അങ്ങനെയാണ് യോഹന്നാന്‍ എസ്സീനികളുടെ ഇടയില്‍ എത്തിയത്.

ഞാന്‍ അവനെ അറിഞ്ഞിരുന്നില്ല എന്ന് പറയുന്നതിന്റെ അര്‍ത്ഥം ഇതാണ്. യേശു എന്ന ബന്ധുവിനെ അയാള്‍ അറിഞ്ഞിരുന്നു. എന്നാല്‍ യേശു മിശിഹാ ആണെന്ന് അയാള്‍ തിരിച്ചറിയുന്നത് പരിശുദ്ധാത്മാവ് യേശുവിന്റെ മേല്‍ എഴുന്നള്ളി വരികയും ആ സമയത്ത് ത്രിതൈ്വക ദൈവത്തിന്റെ ദര്‍ശനം അയാള്‍ക്ക് ലഭിക്കുകയും ചെയ്തപ്പോഴാണ്.

പരിശുദ്ധാത്മാവ് വരുന്നത് യോഹന്നാന്‍ മാത്രമാണ് കണ്ടത്. പ്രാവിന്റെ രൂപത്തിലാണ് പരിശുദ്ധാത്മാവ് എഴുന്നള്ളി വന്നത്. ആകാശത്ത് പറന്നു നടക്കുന്ന യഥാര്‍ത്ഥ പ്രാവായിരുന്നില്ല അത്. മറിച്ച് അരൂപിയായ പരിശുദ്ധാത്മാവ് യോഹന്നാന് ദൃശ്യമാകും വിധത്തില്‍ പ്രാവിന്റെ രൂപം സ്വീകരിച്ചതാണ്.

യേശു മിശിഹാ ആണെന്ന് യോഹന്നാന്‍ തിരിച്ചറിയുന്നത് തന്റെ മാതാപിതാക്കളില്‍ നിന്ന് ലഭിച്ച വിവരപ്രകാരമല്ല, ജ്ഞാനസ്‌നാന സമയത്തുണ്ടായ ദൈവിക ദര്‍ശനപ്രകാരമാണ്.

ആത്മാവ് അവന്റെ മേല്‍ വന്ന് ആവസിച്ചു എന്ന് യോഹന്നാന്‍ പറയുന്നുണ്ട്. യേശുവില്‍ വന്നിറങ്ങിയ പരിശുദ്ധാത്മാവ് എന്നേക്കുമായി അവിടുന്നില്‍ വാസമാക്കി. യേശു എവിടെയെല്ലാം സന്നിഹിതനായിരുന്നോ അവിടെയെല്ലാം പരിശുദ്ധ ത്രിത്വത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. അതിനാലാണ് യേശു പറയുന്നത് ‘എന്നെ കാണുന്നവന്‍ എന്ന അയച്ചവനെ കാണുന്നു’ (യോഹ. 12. 45).

ഓരോ ക്രൈസ്തവനും ജ്ഞാനസ്‌നാന വേളയില്‍ ആത്മാവിന്റെ വാസസ്ഥലങ്ങളാകാനുള്ള കൃപ ലഭിക്കുന്നുണ്ട്. യോഹന്നാന്റെ ജ്ഞാനസ്‌നാനത്തിന് രണ്ട് സൂചനകളുണ്ട്. ശരീരത്തിന്റെ ശുദ്ധീകരണവും കൂടുതല്‍ മെച്ചമായ ഒരു ജീവിതത്തിനായുള്ള ആത്മാര്‍പ്പണവും. യേശുവിന്റെ ജ്ഞാനസ്‌നാനം പരിശുദ്ധാത്മാവിന്റെ കൃപകള്‍ നമുക്കു നേടിത്തരികയും പാപപ്പൊറുതി നല്‍ക്കുകയും ചെയ്യുന്നു.

ഞാന്‍ കാണുകയും ഇവന്‍ ദൈവപുത്രനാണെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു എന്ന യോഹന്നാന്റെ വാക്യം വളരെ പ്രസക്തമാണ്. യേശു കാഴ്ചയിലും പ്രകൃതിയിലും മനുഷ്യനെ പോലെ കാണപ്പെട്ടു എങ്കിലും അവിടന്ന് ദൈവത്തിന്റെ ഏകജാതനാണെന്ന് യോഹന്നാന്‍ മനസ്സിലാക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യന്നു. ‘നീ എന്റെ പുത്രനാണ്. ഇന്ന് ഞാന്‍ നിനക്ക് ജന്മമേകി’ (സങ്കീര്‍. 2. 7).

സന്ദേശം

ക്രിസ്തുവിനെ പ്രഘോഷിക്കുന്നവര്‍ തങ്ങളുടെ വ്യക്തിപ്രഭാവം കാണിക്കാന്‍ വേണ്ടി പലപ്പോഴും ക്രിസ്തുവിനെ മറച്ചു കളയുന്നുണ്ടോ എന്ന് പരിശോധിക്കണം. സുവിശേഷപ്രഘോഷണം ചിലപ്പോഴെങ്കിലും വചന പ്രഘോഷകരുടെ കഴിവുകള്‍ കാണിക്കാനും കൈയടി നേടാനുമുള്ള ഉപാധിയായി മാറുന്നുണ്ട്. സുവിശേഷം പ്രഘോഷിക്കുമ്പോള്‍ ഹീറോ ആകേണ്ടത് ഞാനല്ല, യേശുവാണ്. അത് മറക്കരുത്. ഇക്കാര്യത്തില്‍ സ്‌നാപക യോഹന്നാനാണ് നമ്മുടെ മാതൃക. തന്നിലേക്കല്ല, ക്രിസ്തുവിലേക്കാണ് അദ്ദേഹം ജനങ്ങളെ ആകര്‍ഷിക്കുന്നത്. നമുക്ക് അദ്ദേഹത്തിന്റെ ആ മനോഭവാത്തെ മാതൃകയാക്കാം.

നമുക്ക് വേണ്ടു ദൈവത്തിന്റെ കുഞ്ഞാടായി മാറി എളിമയുടെ ഉത്തമ മാതൃകയായ യേശു മറ്റുള്ളവരെ സഹായിക്കുന്നതിനും അവര്‍ക്ക് ശുശ്രൂഷ ചെയ്യുന്നതിലനും നമുക്ക് മാതൃകയാകട്ടെ. നമുക്ക് വേണ്ടി സ്വയം സമര്‍പ്പിച്ചു കൊണ്ട് യേശു വിജയം നേടി.

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിലാണ് നാം ജ്ഞാനസ്‌നാനം സ്വീകരിച്ചിരിക്കുന്നത്. അതു വഴി നാം ദൈവത്തിന്റെ ആലയങ്ങളായി മാറിയിരിക്കുന്നു. പിതാവായ ദൈവം സൃഷ്ടിക്കുകയും പുത്രന്‍ രക്ഷിക്കുയും പരിശുദ്ധാത്മാവ് വസിക്കുകയും ചെയ്യുന്ന നമ്മുടെ ശരീരമാകുന്ന ദേവാലയം നാം പരിപാവനായി സൂക്ഷിക്കുകയും ശരീരത്തെയും ആത്മാവിനെയും ആദരിക്കുകയും വേണം.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles