നാം നിത്യജീവന്റെ അവകാശികള്‍!

കത്തോലിക്കാ സഭയിലെ ഏറ്റവും പ്രധാനപ്പെട്ട തിരുനാളാണ് ഈസ്റ്റര്‍. ഈശോ തന്റെ ജനനവും സഹനവും കുരിശിലെ ബലിയും വഴി മനുഷ്യാവതാര ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം ആ പ്രയത്‌നങ്ങളുടെയെല്ലാം ഫലം കൊയ്യുന്ന സുദിനമാണ് ഉയിര്‍പ്പ്. കുരിശ് അവസാനമല്ല. അവസാനമായിരുന്നെങ്കില്‍ നമ്മുടെ വിശ്വാസം വ്യര്‍ത്ഥമാണെന്ന് വി. പൗലോസ് തന്നെ പറയുന്നുണ്ട്. കുരിശിന് അര്‍ത്ഥം ലഭിക്കുന്നത് യേശു മരണത്തെ ജയിച്ച് ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോഴാണ്.

തന്റെ സഹനത്തെയും മരണത്തെയും കുറിച്ച് ശിഷ്യന്മാര്‍ക്ക് വിശദീകരിച്ചു കൊടുത്ത സന്ദര്‍ഭത്തില്‍ യേശു യോനായുടെ അടയാളവുമായി അതിനെ താരതമ്യപ്പെടുത്തുന്നുണ്ട്. മൂന്നു ദിവസം മത്സ്യത്തിന്റെ ഉള്ളില്‍ കിടന്നതിനു ശേഷം മൂന്നാം നാള്‍ മോചിതനായ പ്രവാചകനാണ് യോന. മരണത്തിന്റെ മൂന്നാം നാള്‍ താന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് യേശു സൂചന നല്‍കുകയായിരുന്നു യോനായുടെ ഉപമയിലൂടെ.

ആദി മാതാപിതാക്കളുടെ പാപം മൂലം സ്വര്‍ഗവും നിത്യജീവനും നഷ്ടപ്പെട്ടവരാണ് മനുഷ്യര്‍. അതിനെ തുടര്‍ന്ന് രക്ഷാകര ചരിത്രം മുഴുവനും വീണ്ടെടുപ്പിനായി എത്തുന്ന രക്ഷകനു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. രക്ഷകന്‍ വരമെന്നും തങ്ങളെ നിത്യജീവനിലേക്ക് ആനയിക്കുമെന്നും ഇസ്രായേല്‍ക്കാര്‍ എന്നും വിശ്വസിച്ചു പോന്നു. അവരുടെ പ്രവാചകര്‍ വിവിധ കാലങ്ങളില്‍ രക്ഷകനെ കുറിച്ചും വീണ്ടെടുപ്പിനെ കുറിച്ചും പ്രവചനങ്ങള്‍ നടത്തി.

ലാസറിനെ ഉയിര്‍പ്പിക്കുന്ന വേളയില്‍ തന്റെ സഹോദരന്‍ മരിച്ചു പോയി എന്നു പറഞ്ഞ് സങ്കടപ്പെടുന്ന മര്‍ത്തായോട് യേശു പറയുന്നുണ്ട്, ‘ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും’ (യോഹ 11: 25). എല്ലാ മനുഷ്യര്‍ക്കും വലിയ പ്രത്യാശ പകരുന്ന വചനമാണിത്. കാരണം മരണത്തെ ആണല്ലോ മനുഷ്യര്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത്. ആ മരണത്തെ ജയിക്കുന്ന കാര്യമാണ് യേശു പറയുന്നത്.

യേശുവില്‍ വിശ്വസിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്ന ഏറ്റവും വലിയ സമ്മാനം എന്താണെന്നു ചോദിച്ചാല്‍ അത് നിത്യജീവനാണ്. ദൈവത്തോടൊത്തുള്ള ആനന്ദകരമായ നിത്യജീവന്‍. നമുക്ക് ജീവനുണ്ടാകുവാനും അത് സമൃദ്ധമായുണ്ടാകുവാനുമാണ് താന്‍ വന്നിരിക്കുന്നതെന്ന് യേശു വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഈ സമൃദ്ധമായ ജീവനാണ് നിത്യജീവന്‍. ആര്‍ക്കും കവര്‍ന്നെടുക്കാനാവാത്ത അനശ്വരമായ ജീവന്‍.

നാം ആഗ്രഹിക്കേണ്ടതും പ്രയത്‌നിക്കേണ്ടതും ഈ നിത്യജീവനു വേണ്ടിയാണ്. യേശുവിലുള്ള നമ്മുടെ വിശ്വാസം നിമിത്തം നാം നിത്യജീവന്റെ അവകാശികളായി തീര്‍ന്നിരിക്കുന്നു എന്നതിലാണ് നാം ആനന്ദിക്കേണ്ടത്. പാപികളായ ഞങ്ങള്‍ക്ക് നിത്യജീവന്‍ നല്‍കുന്നതിന് യേശുവേ നന്ദി!

എല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍!

യേശുവില്‍ സ്‌നേഹപൂര്‍വ്വം,

ബ്രദര്‍ ഡൊമിനിക് പി.ഡി.
ഫിലാഡല്‍ഫിയ,
ചീഫ് എഡിറ്റര്‍,


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles