മാർച്ച് 25ന് പാപ്പ ‘അമ്മവീട്ടിൽ’ എത്തും; ലൊരേറ്റൊ വിശേഷങ്ങൾ അനവധി

വത്തിക്കാൻ സിറ്റി: മംഗളവാർത്താ തിരുനാൾ ദിനമായ മാർച്ച് 25ന് ഫ്രാൻസിസ് പാപ്പ ലൊരേറ്റോ ബസിലിക്കയിൽ എത്തുമുമ്പ്, ലോകപ്രശസ്തമായ ആ മരിയൻ തീർത്ഥാടനകേന്ദ്രത്തെക്കുറിച്ച് ചില കാര്യങ്ങൾ അറിയാം. ഇറ്റലിയുടെ വടക്കു കിഴക്കൻ നഗരമായ മാർക്കെയിൽ ഏഡ്രിയാറ്റിക്ക് സമുദ്രതീരത്താണ് അതിപുരാതനമായ ലൊരേറ്റോ മരിയൻ ബസിലിക്ക സ്ഥിതി ചെയ്യുന്നത്. ബസിലിക്കയുടെ അകത്ത് ഒരു ഭവനമുണ്ട്-പരിശുദ്ധ കന്യകാമറിയം ജനിച്ചുവളർന്ന നസ്രത്തിലെ വീട്. അവിടത്തെ ജനങ്ങൾക്കിടയിൽ ഇന്നും ശക്തമാണ് തലമുറതലമുറയായി പകർന്നുകിട്ടിയ ആ പാരമ്പര്യവിശ്വാസം. വാസ്തുഭംഗിയിലും ശൈലിയിലും നിർമാണവസ്തുക്കളിലും സവിശേഷമായ ഈ ഭവനം പലസ്തീനയിലെ ഭൂമിശാസ്ത്രത്തോടും വാസ്തുശൈലിയോടും സാമ്യമുള്ളതാണെന്ന് ഗവേഷകർ സ്ഥിരീകരിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
‘ദി സാന്റാ കാസ’ എന്ന് പേരിട്ടിരിക്കുന്ന പരിശുദ്ധ അമ്മയുടെ ഈ ഭവനം തന്നെയാണ് ലൊരേറ്റോ മരിയൻ ബസിലിക്കയുടെ എറ്റവും വലിയ ആകർഷണം. ഒരു വാതിലും ഒരു ജനലും മാത്രമുള്ള ഈ വിട് പൂർണ്ണമായും കല്ലുകളിൽ പണികഴിപ്പിച്ചിരിക്കുന്നതാണ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ളതുകൊണ്ടും നിരവധി ആളുകൾ ദിവസേന സന്ദർശനം നടത്തുന്നതുകൊണ്ടും ഭവനത്തിന്റെ സംരക്ഷണം ഉറപ്പാക്കുന്നതിന് നിലവിൽ നാലുവശങ്ങളിലും കെട്ടുറപ്പുള്ള മാർബിൾ ഭിത്തികൾ സ്ഥാപിച്ചിട്ടുണ്ട്. പരിശുദ്ധ അമ്മയുടെ മംഗളവാർത്ത, ഈശോയുടെ ജനനം, പരിശുദ്ധ അമ്മയുടെ ജനനം, ലൊരേറ്റോ മരിയൻ ബസിലിക്കയിൽ സാന്റാ കാസ സ്ഥാപിക്കപ്പെട്ടത് എന്നിങ്ങനെ നാലുകാര്യങ്ങളാണ് ഈ നാല് മാർബിൾ ചുമരുകളും സൂചിപ്പിക്കുന്നത്.
മാത്രമല്ല, വിശുദ്ധ ഫ്രാൻസിസ് അസ്സീസിയും വിശുദ്ധ ഫ്രാൻസിസ് സേവ്യറുമടക്കമുള്ള അനേകം വിശുദ്ധരുടെ പാദസ്പർശം ഏറ്റ ഒരു വീടുകൂടിയാണ് പരിശുദ്ധ അമ്മയുടേത്. അത്രതന്നെ അനുഹ്രപ്രദവുമാണ് ഈ ദിവ്യഭവനമെന്നത് നിസംശയം. കൂടാതെ സാന്റാ കാസയുമായി ബന്ധപ്പെട്ട അത്ഭുതങ്ങളെ 45ൽപ്പരം പാപ്പമാർ അംഗീകരിച്ചിട്ടുമുണ്ട്. അക്രൈസ്തവരായ ജനങ്ങൾക്കിടയിലും ഏറെ വിഖ്യാതമായ ഒരു വിനോദസഞ്ചാ കേന്ദ്രമായ ലൊരേറ്റോ ബസിലിക്കയുടെ 93 മീറ്റർ നീളവും 60 മീറ്റർ വീതിയും കൂടാതെ 75.6 മീറ്റർ ഉയരത്തിലുള്ള മണിമാളികയുമാണ് കൂടുതൽ ആകർഷണീയമാക്കുന്നതും.
കുരിശുയുദ്ധകാലത്ത് (1249 1293) റോമൻ ചക്രവർത്തിമാരുടെയും സമർത്ഥരായ നാവിക യോദ്ധാക്കളുടെയും സഹായത്തോടെ, പവിത്രമായ നസ്രത്തിലെ വീടിന്റെ പ്രധാനഭാഗങ്ങൾ കടൽമാർഗം ഏഡ്രിയാറ്റിക്ക് തീരത്തുള്ള ലൊരേറ്റൊയിൽ എത്തിച്ചെന്നാണ് പാരമ്പര്യം. കുരിശു യുദ്ധകാലത്ത് വിശുദ്ധനാട്ടിൽനിന്നും ആദ്യം ക്രൊയേഷ്യയിലേക്കും ഇസ്ലാമിക ആക്രമണത്തിൽനിന്ന്സംരക്ഷിക്കാൻ പിന്നീട് 1294ൽ അവിടെനിന്ന് ഇറ്റലിയിലെ ലൊരേറ്റൊയിലേക്കും ഈ കൊച്ചുഭവനം മാലാഖമാരാൽ സംവഹിക്കപ്പെട്ടെന്ന വായ്മൊഴിയും പ്രചാരത്തിലുണ്ട്.
എന്തായാലും 16-ാം നൂറ്റാണ്ടിന്റെ ആരംഭംമുതൽ ലൊരേറ്റോയിലെ കന്യകാനാഥയെക്കുറിച്ചും അവിടെ സൂക്ഷിച്ചിട്ടുള്ള നസ്രത്തിലെ കൊച്ചുവീടിനെക്കുറിച്ചുമുള്ള കഥകൾ വിഖ്യാതമാണ്. നസ്രത്തിലെ ഈ കൊച്ചുവീടിന്റെ, മാലാഖമാർക്കൊപ്പമുള്ള ‘ആകാശയാത്ര’യിൽ വിശ്വാസമർപ്പിച്ച് അന്താരാഷ്ട്ര വൈമാനിക സംഘടന 1910ൽ ലൊരേറ്റോയിലെ കന്യകാനാഥയെ ‘വൈമാനികരുടെ മധ്യസ്ഥയായി’ പ്രഖ്യാപിച്ചു. റോമിലെ ഫുമിച്ചീനോ വിമാനത്താവളത്തിന്റെ പ്രവേശനകവാടം അലങ്കരിക്കപ്പെട്ടിട്ടുള്ളത് ഒൻപത് അടി ഉയരമുള്ള ലൊരേറ്റോ നാഥയുടെ ശിൽപ്പമാണെന്നതും ശ്രദ്ധേയമാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles