കാലത്തിന് മായ്ക്കാനാവാത്ത ക്രിസ്മസ് ഗാനം

കാലിത്തൊഴുത്തില്‍ പിറന്നവനേ
കരുണ നിറഞ്ഞവനേ…
കരളിലെ ചോരയാല്‍ പാരിന്റെ പാപങ്ങള്‍
കഴുകി കളഞ്ഞവനേ
അടിയങ്ങള്‍ നിന്‍ നാമം വാഴ്ത്തീടുന്നു
ഹല്ലേലൂയ ഹല്ലേലൂയ…

കരോള്‍ ഗാനങ്ങളുടെ പട്ടികയില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ എല്ലാ കാലത്തും സംഗീതത്തെ ഇഷ്ടപെടുന്നവരുടെ, അതി നെക്കാള്‍ ഉപരി ക്രിസ്തുവിനെ ഇഷ്ടപ്പെടുന്നവരുടെ മനസില്‍ കുടിയേറിയ ഗാനമാണിത്. കരളിലെ ചോരയാല്‍ പാരിന്റെ പാപങ്ങള്‍ കഴുകിയവനെ ഭക്തിയോടെ സ്മരിക്കാന്‍ ഉതകുന്ന വിധമുള്ള സംഗീതം ആ പാട്ടിനെ ശ്രോതാക്കളുടെ മനസിനെ കനിവിന്റെ വഴി നടത്തുന്നുണ്ട്. ഇത്രയും മനോഹരമായ ഗാനം ആരു സംഗീതം നല്‍കി എന്ന് ഒരു ചോദ്യത്തിനു ഉത്തരം നീളുന്നത് കെ ജെ ജോയി എന്ന സംഗീത സംവിധായകന്റെ നേര്‍ക്കാണ്. ആയിരത്തി തൊള്ളായിരത്തി എഴുപതുകളില്‍ മലയാള സിനിമാ ലോകത്ത് ചുവടുറപ്പിച്ച പ്രശസ്ത സംഗീത സംവിധായകന്‍ ആണ് കെ ജെ ജോയ്. ക്രിസ്തീയ സിനിമാ ഗാന ലോകത്തിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ മഹത്തായ സംഭാവനയാണ് ‘കാലിത്തൊഴു ത്തില്‍ പിറന്നവനേ’ എന്ന ഗാനം. ഇപ്പോഴും ഓരോ വിശ്വാസികളും ഉള്ളില്‍ ഏറ്റു പാടുന്ന ഗാനം. പ്രശസ്ത ഗാനങ്ങളുടെ പട്ടികയില്‍ ഇടം നേടിയ ആ ഗാനം പിറവി എടുത്തിട്ട് ഇന്നേക്ക് 38 വര്‍ഷങ്ങള്‍ കഴിഞ്ഞി രിക്കുന്നു. 1979 ല്‍ ജി പ്രേംകുമാര്‍ സംവിധാനം ചെയ്ത സായൂജ്യം എന്ന സിനിമയില്‍ ആണ് മനോഹരമായ ഈ ഗാനം ഉള്‍പ്പെടുത്തിയിരു ന്നത്.

ആ ഈണത്തിന്റെ പിറവി
‘ദൈവമാണ് ആ ഈണം നല്‍കിയത്. മെലഡിയും പ്രാര്‍ഥനയും ഒരു പോലെ പ്രതി ഫലിക്കുന്ന ഈണം. കുട്ടികള്‍ ദേവാലയത്തി ല്‍ പാടുന്ന സന്ദര്‍ഭത്തില്‍ ആണ് ഗാനം വരുന്നത്. ആ സന്ദര്‍ഭം ആലോചിച്ചിരിക്കുമ്പോള്‍ ഈ ഈണം പെട്ടെന്ന് മനസിലേക്ക് വരികയാ യിരുന്നു. ആ ഈണത്തിനു അനുസരിച്ചു യുസഫലി കേച്ചേരി വരികള്‍ എഴുതി. അദ്ദേഹം പറയുന്നു. കോംബോ ഓര്‍ഗനിലാണ് ട്യൂണ്‍ ചെയ്തത്. അതിന്റെ ഇമ്പം ആ പാട്ടിനുണ്ട്. ചെന്നൈയിലുള്ള എ വി എം സ്റ്റുഡിയോയിലായിരുന്നു റിക്കോര്‍ഡിംഗ്. വെറും രണ്ടു ടേക്ക് കൊണ്ട് സുശീല ഓക്കെ ആക്കി, ആ ഗാനം. അത്രയ്ക്ക് അസ്സല്‍ പാട്ടുകാരിയാണ് അവര്‍. ഇത്രയേറെ സംഗീത ഉപകരണങ്ങളും വലിയ കോറസും ഒക്കെ ഉണ്ടായിരുന്നെങ്കിലും കാര്യമായ റിഹേഴ്‌സല്‍ പോലും ‘കാലി തൊഴുത്തിന്’ വേണ്ടി വന്നിരുന്നില്ല. ”എല്ലാം നന്നായി വന്നു.” ജോയി പറയുന്നു. മലയാളം കണ്ട മികച്ച ഓര്‍ക്കെസ്ട്രകളില്‍ ഒന്നാണ് കാലിത്തൊഴുത്തില്‍. ക്രിസ്മസിന്റെ തണുപ്പ് മുഴുവന്‍ ഉള്ളിലേക്ക് പടര്‍ത്തുന്ന സുന്ദര ഗാനം. മൂന്നൂറോളം ഗാനങ്ങള്‍ ഓര്‍ക്കെസ്ട്ര ചെയ്ത ജോയിക്ക് സഹായികള്‍ ആരും ഇല്ലായിരുന്നു.

ജോയിയെന്ന സംഗീത സംവിധായകന്‍
തൃശ്ശൂര്‍ ജനിച്ച ജോയിക്ക് സംഗീതം രക്ത ത്തില്‍ നിന്നും കിട്ടിയതാണ്. അമ്മ മേരിയില്‍ നിന്നാണ് സംഗീതരുചി മുലപ്പാലിനൊപ്പം പകര്‍ന്നു കിട്ടിയത്. വയലിന്‍ ആയിരുന്നു ആദ്യം അഭ്യസിച്ചതെങ്കിലും പാശ്ചാത്യ സംഗീതോപ കരണത്തില്‍ ആകൃഷ്ടനായി അക്കോര്‍ഡിയന്‍ വാദകനായി ചെന്നൈയിലെത്തി സംഗീത സംവിധായകനായി. ചെറുപ്പക്കാരുടെ ഇഷ്ടം പിടിച്ചു പറ്റാന്‍ ജോയിക്ക് തന്റെ ഈണങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്. ചലച്ചിത്രഗാനങ്ങളായ കസ്തൂരി മാന്‍ മിഴി…., എന്‍ സ്വരം പൂവിടും… തുടങ്ങിയ ഹിറ്റ് ഗാനങ്ങള്‍ ഉദാഹരണം മാത്രമാണ്.
‘കാലിത്തൊഴുത്തില്‍’ എന്ന ഗാനം ഇത്ര നാള്‍ കഴിഞ്ഞിട്ടും മനസ്സില്‍ നിന്നും മായാതെ നില്‍ക്കുന്നത് അതിന്റെ ശാന്തമായ ഈണം കൊണ്ടാണ്. രോഗത്തിന്റെ ക്ലേശതകള്‍ക്കിടയിലും ജോയി ഇപ്പോഴും സംഗീതത്തെ സ്‌നേഹിക്കുന്നു. കരുണ നിറഞ്ഞവന്റെ തണലില്‍ കഴിയുന്നു. മുപ്പത്തിയെട്ടു വര്‍ഷങ്ങള്‍ക്കിപ്പുറം ഇപ്പോഴും പള്ളി മണികള്‍ മുഴങ്ങുന്നു. മകര മാസത്തിന്റെ തണുപ്പില്‍ അനേകം അധരങ്ങളും മനസുകളും ഈ മനോഹര ഗാനം ഏറ്റു പാടുന്നുമുണ്ട്.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles