കുട്ടികളുടെ സ്വര്‍ഗം!

ചില്‍ഡ്രന്‍ ഓഫ് ഹെവന്‍’ എന്നൊരു പ്രശസ്തമായ ഇറാനിയന്‍ സിനിമയുണ്ട്. മജീദ് മജീദിയാണ് സംവിധായകന്‍. വളരെ ലഘുവായതെന്നു തോന്നുന്ന ഒരു കഥയെ അതീവഹൃദ്യമായ ഒരു ചലച്ചിത്രമാക്കി മാറ്റിയിരിക്കുന്നു, മജീദി.

തന്റെ അനുജത്തിയുടെ ചെരുപ്പ് ഒരു കടയില്‍ വച്ച് നഷ്ടപ്പെടുന്ന ഒരു ബാലന്റെ സങ്കടവും അതിന് പരിഹാരം ചെയ്ത് എങ്ങനെയെങ്കിലും അനുജത്തിയെ സന്തോഷിപ്പിക്കണം എന്ന ആഗ്രഹവും അതിനായുള്ള ശ്രമവുമാണ് ചിത്രത്തിന്റെ പ്രതിപാദ്യം. ചെറിയൊരു കഥാതന്തു ആണെങ്കിലും സഹോദരീസഹോദരന്മാരൂടെ നിഷ്‌കളങ്കസ്‌നേഹത്തിന്റെ ഊഷ്മളമായ ചിത്രീകരണം നമ്മുടെ മനസ്സിനെ ആഴത്തില്‍ സ്പര്‍ശിക്കുന്നു.

ഷൂ ഇല്ലാതെ സ്‌കൂളില്‍ പോകാനാവില്ല. വേറെ നിവര്‍ത്തിയില്ലാത്തതിനാല്‍ ചേട്ടന്റെ വലിയ കാന്‍വാസ് ഷൂ ഇട്ടു കൊണ്ട് അനുജത്തി സ്‌കൂളില്‍ പോകുന്നു. അനുജത്തി സ്‌കൂള്‍ വിട്ടു വന്നിട്ട് അത് വഴിയില്‍ വച്ച് ചേട്ടന് കൈമാറുന്നു. ചേട്ടന്‍ വൈകാതിരിക്കാന്‍ അനുജത്തി സ്‌കൂളില്‍ നിന്ന് വേഗത്തില്‍ ഓടുകയാണ്. അത് വാങ്ങി ഓരോ ദിവസവും ചേട്ടനും സ്‌കൂളിലേക്ക് ഓടുന്നു. എല്ലാ ദിവസവും ഇതു തുടരുന്നു. ഒരു ജോഡി ഷൂ കൊണ്ട് അവര്‍ ഓടി ജീവിക്കുന്നിതിനിടയില്‍ സ്‌കൂളുകള്‍ തമ്മില്‍ നടക്കുന്ന ഒരു ഓട്ടമത്സരത്തില്‍ രണ്ടാം സമ്മാനം ഒരു ജോഡി ഷൂ ആണ് എന്ന് ബാലന്‍ മനസ്സിലാക്കുന്നു.

ആ ലക്ഷ്യത്തോടെ അവന്‍ മത്സരത്തിന് പേരു കൊടുക്കുകയാണ്. മത്സരത്തില്‍ തളരുമ്പോഴൊക്കെ ബാലന്‍ പഴയ സംഭവങ്ങള്‍ ഓര്‍ക്കുന്നു. അനുജത്തിക്കും താനും മാറിമാറി ഇടുന്ന ഷൂ പരസ്പരം കൈമാറാനുള്ള ഓട്ടങ്ങള്‍ അവന്‍ ഓര്‍ക്കുന്നു. താന്‍ പി്ന്നിലേക്ക് പോവുകയാണെന്ന് തോന്നിയ ബാലന്‍ അതിവേഗത്തില്‍ കുതിച്ച് മുന്നിലെത്തുന്നു. ആ കുതിപ്പില്‍ അവന്‍ ഒന്നാമതായി ഫിനിഷ് ചെയ്യുന്നു. താന്‍ ഒന്നാമതായി എത്തി എന്നറിയുന്ന ബാലന് പക്ഷേ സന്തോഷമല്ല, ദുഖമാണ് തോന്നുന്നത്. അവന്‍ ആഗ്രഹിച്ചത് രണ്ടാം സമ്മാനമായ ഷൂവാണ്. എല്ലാവരും അവനെ അഭിനന്ദിക്കുന്നുണ്ടെങ്കിലും അവന്‍ മാത്രം സങ്കടത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു.

കുട്ടികളുടെ നിഷ്‌കളങ്കമായ സ്‌നേഹം ചിത്രീകരിക്കുകയാണ് മജീദി എന്ന സംവിധായകന്‍. എല്ലാവരെയും തോല്പിച്ച് വിജയം നേടുന്നതിലല്ല ശരിയായ ആനന്ദം, അത് മറ്റൊരാളുടെ മുഖത്ത് സന്തോഷത്തിന്റെ പുഞ്ചിരി കാണുന്നതിലാണ് എന്നതാണ് ഈ മനോഹരമായ ചിത്രം നല്‍കുന്ന സന്ദേശം.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Realated articles