ദാമ്പത്യത്തിലെ നോമ്പുകള്‍

യേശുക്രിസ്തുവിന്റെ പീഡാസഹനവും മരണവും ഉത്ഥാനവും കത്തോലിക്കാ സഭ അനുസ്മരിക്കുന്ന ദിനങ്ങളാണ് നോമ്പുകാലം. ഉത്ഥാനത്തിനായി സ്വയം ഒരുക്കുന്ന ദിവസങ്ങള്‍. ഇഷ്ടപ്പെട്ട പലതും വേണ്ടെന്നു വയ്ക്കുന്ന കാലം കൂടിയാണിത്. അതാണ് നാം നോമ്പുകാലം എന്നു വിളിക്കുന്നത്.

ചിന്തിച്ചു നോക്കിയാല്‍ നോമ്പും ദാമ്പത്യവും തമ്മില്‍ ബന്ധമുണ്ട്. തനിക്ക് ലഭിക്കാനിരിക്കുന്ന ഭാവി വധുവിനോ വരനോ വേണ്ടി ഒരു യുവാവോ യുവതിയോ മറ്റ് സ്‌നേഹബന്ധങ്ങള്‍ വേണ്ടെന്നു വയ്ക്കുന്നു. സത്യത്തില്‍ ഒരാളെ വധുവായോ വരനായോ സ്വീകരിക്കുമ്പോള്‍ മറ്റെല്ലാ സ്ത്രീകളെയും അഥവാ പുരുഷന്മാരെയും വേണ്ടെന്നു വയ്ക്കുകയാണ് അവര്‍ ചെയ്യുന്നത്. ഇത് ഒരു തരം നോമ്പു നോല്‍ക്കല്‍ തന്നെയാണ്. വിശ്വാസികള്‍ തങ്ങള്‍ ഏറ്റവും വിലമതിക്കുന്ന യേശുവിന് വേണ്ടി തങ്ങളുടെ ഇഷ്ടങ്ങള്‍ പരിത്യജിക്കുന്നതാണ് നോമ്പ്. അതു പോലെ ദൈവം തനിക്കായി നല്‍കിയിരിക്കുന്ന ജീവിത പങ്കാളിക്കു വേണ്ടി ജീവിതത്തിലെ ചില സന്തോഷങ്ങള്‍ ത്യജിക്കാന്‍ ക്രൈസ്തവ യുവാക്കള്‍ തയ്യാറാകണം. അപ്പോള്‍ മാത്രമേ സ്‌നേഹം പൂര്‍ണമാവുകയുള്ളൂ.

ദാമ്പത്യ ജീവിതത്തിലേക്ക് കടക്കുന്നതിനു മുമ്പു മാത്രമല്ല, വിവാഹം വഴി ദാമ്പത്യജീവിതം നയിക്കുമ്പോഴും ചില നോമ്പുകള്‍ നാം ആചരിക്കേണ്ടതുണ്ട്. ചില കാര്യങ്ങളിലെങ്കിലും നാം ജീവിതപങ്കാളിയുടെ സന്തോഷത്തിനായി നമുക്കിഷ്ടമുള്ള ചില കാര്യങ്ങള്‍ വേണ്ടെന്നു വയ്‌ക്കേണ്ടിയിരിക്കുന്നു. ഉദാഹരണത്തിന് മദ്യപിച്ചിരുന്ന ഒരു യുവാവ് അത് തന്റെ സഖിക്ക് ഇഷ്ടമല്ല എന്നു തിരിച്ചറിയുന്ന നിമിഷം മുതല്‍ അത് വേണ്ടെന്നു വയ്ക്കണം. അതു പോലെ, ഒരു ലോഭവുമില്ലാതെ കണ്ണില്‍ കണ്ടതൊക്കെ വാങ്ങിക്കൂട്ടിയിരുന്ന യുവതി തന്റെ ഭര്‍ത്താവിന്റെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കി അത്തരം സ്വഭാവത്തെ നിയന്ത്രിക്കണം. ഇത്തരം ചില നോമ്പാചരണങ്ങള്‍ കൊണ്ടു മാത്രമേ ദാമ്പത്യ ജീവിതം സന്തോഷപ്രദമാക്കാന്‍ കഴിയുകയുള്ളൂ.

എനിക്ക് ഇഷ്ടമുള്ളതു പോലെ മാത്രമേ ജീവിക്കാനാകൂ എന്നു വാശി പിടിക്കുന്നവര്‍ക്കുള്ളതല്ല ദാമ്പത്യ ജീവിതം. ചില ഇഷ്ടങ്ങള്‍ ത്യജിക്കേണ്ടതു തന്നെയാണ്. സ്‌നേഹം ത്യാഗം ആവശ്യപ്പെടുന്നു. കുട്ടികളുണ്ടാകുമ്പോളും ഇതു പോലെ ചില ആത്മനിയന്ത്രണങ്ങളും ത്യാഗങ്ങളും അത്യാവശ്യമാണ്. ദാമ്പത്യജീവിതത്തിലേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇത് മനസ്സിലാക്കണം. ത്യാഗം ചെയ്യുന്നത് കറുത്ത മുഖത്തോടെയാകരുത്. സന്തോഷത്തോടെയാകണം. സ്‌നേഹമുണ്ടെങ്കില്‍ മാത്രമേ സന്തോഷത്തോടെ ത്യാഗം ചെയ്യാന്‍ കഴിയൂ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles