വിശുദ്ധിയുടെ പാതയില്‍ പതറാതെ

തിന്മയുടെ അന്ധകാരം ജീവിതത്തിന്റെ എല്ലാ മേഖലകളിലും കൊടുങ്കാറ്റു പോലെ ആഞ്ഞടിച്ചു കൊണ്ടിരിക്കുന്ന ഒരു കാലത്തിലാണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത്. മനുഷ്യന്റെ വിശുദ്ധിയില്ലായ്മയും സ്‌നേഹരാഹിത്യവുമാണ് അവന്‍ ഇന്ന് അനുഭവിക്കുന്ന അശാന്തതയുടെ മുഖ്യ കാരണം. ദൈവ സ്വഭാവത്തിന്റെ അന്തസത്ത സ്‌നേഹമാകുന്നു. അനന്ത സ്‌നേഹത്താല്‍, ഒരിക്കലും നിലയ്ക്കാത്ത സ്‌നേഹത്താല്‍ ദൈവം നമ്മെ സ്‌നേഹിക്കുന്നു. ദൈവത്തിനു നമ്മോടുള്ള അനന്തമായ സ്‌നേഹത്തിന്റെ ഏറ്റവും വലിയ പ്രകാശനമാണല്ലോ തന്റെ ഏക പുത്രനെ മനുഷ്യരക്ഷയ്ക്കായി നല്‍കിയെന്നത്.

വിശുദ്ധിയിലേക്കുള്ള ദൈവത്തിന്റെ വിളി സ്വീകരിക്കുവാനും ആ വിളിക്കനുസരിച്ചു ജീവിക്കാനുമുള്ള ആത്മാര്‍ത്ഥമായ പരിശ്രമമാണ് വിശ്വാസ ജീവിതം. ദൈവത്തോടും തന്നോട് തന്നെയും മറ്റു ള്ളവരോടും ഉള്ള കടമകള്‍ വിശ്വസ്തതയോടെ നിറവേറ്റി കൊണ്ട് വിശുദ്ധിയുടെ പ്രയാണം തുടരുവാന്‍ നാം പരിശ്രമിക്കണം.
ക്രിസ്തീയ ജീവിതം വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ട ജീവിതമാണ്. വിശ്വാസത്താല്‍ അധിഷ്ടിതമായ ജീവിതത്തിലൂടെ വിശുദ്ധിയുടെയും സ്‌നേഹത്തിന്റെയും തീര്‍ത്ഥയാത്രയില്‍ മുന്‍പോട്ടു പോകേണ്ടവരാണ് ക്രിസ്ത്യാനികള്‍. മിശിഹായോടും മിശിഹായിലൂടെ ദൈവത്തോടും മനുഷ്യരോടും വ്യക്തിപരവും അഭേദ്യവും സ്‌നേഹനിര്‍ഭരവുമായ ബന്ധത്തിലേക്ക് വിശ്വാസം നമ്മെ നയിക്കുന്നു.ഇപ്രകാരമുള്ള വിശ്വാസജീവിതം നയിക്കുമ്പോള്‍ നാം നയിക്കുന്നത് വിശുദ്ധിയുടെ ജീവിതമായിരിക്കും.

വിശുദ്ധിയുടെ വഴിയില്‍ എത്തിച്ചേരണമെങ്കില്‍ പ്രമാണങ്ങളാകുന്ന ചൂണ്ടുപലകകള്‍ കാണിച്ചു തരുന്ന വഴിയിലൂടെ ബഹുദൂരം സഞ്ചരിക്കണം. ദൈവസ്‌നേഹത്തിന്റെയും പരസ്‌നേഹത്തിന്റെയും പൂര്‍ണതയില്‍ ജീവിക്കുവാനാണ് പ്രമാണങ്ങള്‍ നമ്മോടു ആവശ്യപ്പെടുന്നത്. ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയില്‍ വളരണമെന്ന് ആഗ്രഹിക്കുന്ന നമ്മള്‍ ഓരോരുത്തരും ഏതു പ്രയാസമേറിയ ജീവിത സാഹചര്യങ്ങളിലും സ്‌നേഹപൂര്‍ണതയില്‍ പ്രമാണങ്ങള്‍ അനുസരിച്ചു കൊണ്ട് ജീവിത വിശുദ്ധി കൈവരിക്കണം.
വിശുദ്ധിയുടെ വഴിയിലേക്കുള്ള നമ്മുടെ വിളിയില്‍ നിലനില്‍ക്കുവാന്‍ കൂദാശകളിലൂടെ നാം നിരന്തരം പരിശ്രമിക്കണം. അനുദിന ബലിയര്‍പ്പണത്തിലൂടെ സ്‌നേഹത്തിന്റെ പൂര്‍ണത നേടി കൊണ്ട് ദൈവത്തെയും സഹോദരങ്ങളെയും പരമാവധി സ്‌നേഹിക്കുന്ന ജീവിതമായ വിശുദ്ധിയുടെ ജീവിതം നമുക്ക് സ്വന്തമാക്കാം. ദൈവ വചനത്തില്‍ അധിഷ്ടിതമായ ജീവിതത്തിന്റെ സൗന്ദര്യവും സൗരഭ്യവുമാണ് വിശുദ്ധി.

എല്ലായ്‌പ്പോഴും ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടുള്ള ജീവിതമായിരുന്നു ഈശോയുടെത്. ഈശോയോടു ചേര്‍ന്നാണ് നമ്മുടെ ജീവിതം സഫലമാക്കേണ്ടത്. പരമ പിതാവിന് നന്ദിയുടെയും സ്തുതിയുടെയും കീര്‍ത്തനങ്ങള്‍ ആലപിച്ചു കൊണ്ട് ദൈവവുമായി നമുക്ക് സ്‌നേഹബന്ധത്തില്‍ വളരാം. കുടുംബത്തെ വിശുദ്ധിയുടെ ഈറ്റില്ലമെന്ന് വിളിക്കാം, കുടുംബ ജീവിതം, സന്ന്യാസ ജീവിതം, പൗരോഹിത്യ ജീവിതം എന്നീ മൂന്നു വഴികളിലൂടെയാണ് ക്രൈസ്തവന്‍ മുന്നേറേണ്ടത്. തന്റെ മുന്‍പാകെ സ്‌നേഹത്തില്‍ പരിശുദ്ധരും നിഷ്‌കളങ്കരുമായിരിക്കുവാന്‍ ലോക സ്ഥാപനത്തിന് മുന്‍പ് തന്നെ അവിടന്ന് നമ്മെ മിശിഹായില്‍ തെരഞ്ഞെടുത്തു. ആ സ്‌നേഹപൂര്‍ണമായ വിളിക്ക് ദൈവസ്‌നേഹത്തിലൂടെയും പരസ്‌നേഹത്തിലൂടെയും നമുക്ക് പ്രത്യുത്തരം നല്‍കാം.

– ആന്‍സമ്മ ജോസ്

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes:

<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <s> <strike> <strong>

Realated articles