കാഞ്ഞിരപ്പള്ളിയിലെ അക്കരയമ്മ

കാഞ്ഞിരപ്പള്ളിയിലെ പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമാണ് പഴയപള്ളി എന്നറിയപ്പെടുന്ന അക്കരയമ്മയുടെ ദേവാലയം. ഈ പ്രാചീനമായ പള്ളി വി. തോമസ് ശ്ലീഹയാല്‍ സ്ഥാപിക്കപ്പെട്ട ഏഴ് പള്ളികളില്‍ ഒന്നായിരുന്ന നിലയ്ക്കല്‍ പള്ളിയുടെ സജീവസ്മരണ ഉണര്‍ത്തുന്നതാണ്. ഇവിടത്തെ എണ്ണയൊഴിക്കല്‍ ചടങ്ങ് പ്രസിദ്ധമായ ആചാരമാണ്.

ചരിത്രം

നിലയ്ക്കല്‍ പട്ടണം പ്രാചീനകാലത്ത് അന്തര്‍ദേശീയ പ്രാധാന്യമുള്ള വ്യാപാരകേന്ദ്രമായിരുന്നു. ഇത് പണ്ട് പ്രസിദ്ധമായ ചേരസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. പില്‍ക്കാലത്ത് ചേരസാമ്രാജ്യം ദുര്‍ബലായതോടെ ചെറിയ രാജ്യങ്ങളായി അത് വിഭജിക്കപ്പെട്ടു. അപ്രകാരം ഉണ്ടായ താലൂക്കുകളാണ് കാഞ്ഞിരപ്പള്ളി, മീനച്ചില്‍, കോട്ടയം, ചങ്ങനാശേരി തുടങ്ങിയവ. തോമസ് ശ്ലീഹ നിലയ്ക്കല്‍ എത്തുമ്പോള്‍ ആ പ്രദേശം വ്യാപാരപരമായ സുവര്‍ണകാലഘട്ടത്തിലൂടെ കടന്നു പോകുകയായിരുന്നു. വിശുദ്ധന്‍ അവിടെ സുവിശേഷം പ്രസംഗിക്കുകയും അനേകരെ ജ്ഞാനസ്‌നാനപ്പെടുത്തുകയും ചെയ്തു.

പതിനാലാം നൂറ്റാണ്ടിലാണ് നിലയ്ക്കല്‍ പട്ടണം അധഃപതനം നേരിട്ടത്. കൊള്ളക്കാരുടെ ആക്രമണായിരുന്നു അതിന് കാരണം. പട്ടണവും പള്ളിയുമെല്ലാം അപ്രകാരം തകര്‍ന്നപ്പോള്‍ പള്ളിയുടെ കൈക്കാരനും ആ പ്രദേശത്തെ പ്രമുഖ കുടുംബത്തിലെ അംഗവുമായ വലിയവീട്ടില്‍ തൊമ്മി അപ്പൂപ്പന്‍ തന്റെ സഹചരന്മാരോടു കൂടി പള്ളിയിലെ കന്യാമറിയത്തിന്റെ തിരുസ്വരൂപം രക്ഷിച്ചു കൊണ്ടു പോയി. രൂപവുമായി അവര്‍ എത്തിയത് കാഞ്ഞിരപ്പള്ളിക്ക് സമീപമുള്ള പഴൂര്‍ത്തടത്തിലാണ്. ആദ്യകാലങ്ങളില്‍ രൂപം അദ്ദേഹത്തിന്റെ വീട്ടില്‍ തന്നെ സൂക്ഷിച്ചു പോന്നു.

പള്ളി പണിയുന്നു

തൊമ്മി അപ്പൂപ്പന്റെ മകനായ തൊമ്മി കാഞ്ഞിരപ്പള്ളി പേട്ടയില്‍ മങ്കാശേരി പുരയിടം വാങ്ങി അവിടെ താമസം ആരംഭിച്ചു. ഈദ്ദേഹത്തിന് കുട്ടികളില്ലായിരുന്നു. തനിക്ക് കുട്ടികളുണ്ടാവുകയാണെങ്കില്‍ അവിടെ ഒരു പള്ളി പണിതു കൊള്ളാമെന്ന് അദ്ദേഹം നേര്‍ച്ച നേര്‍ന്നു. വൈകാതെ അദ്ദേഹത്തിന് സന്താനസൗഭാഗ്യം ലഭിച്ചു. ആ നേര്‍ച്ച നിറവേറ്റുന്നതിനും നിലയ്ക്കന്‍ പള്ളിയുടെ സ്മരണ നിലനിര്‍ത്തുന്നതിനുമായി രാജകല്‍പനയുടെ പിന്‍ബലത്താല്‍ സ്ഥാപിച്ചതാണ് ഇപ്പോഴുള്ള ദേവാലയം.

പള്ളിയുടെ കൂദാശ കര്‍മം മാര്‍ യൗസേപ്പ് എന്ന സുറിയാനി മെത്രാന്റെ കല്പന പ്രകാരം 1449 സെപ്തംബര്‍ 8 ാം തീയതി പരിശുദ്ധ മാതാവിന്റെ ജനനതിരുനാള്‍ ദിവസം വലിയ ആഘോഷത്തോടെ നടത്തുകയുണ്ടായി. ആ ദിവസം മുതല്‍ ഇന്നു വരെ സെപ്തംബര്‍ 8 ാം തീയതി എട്ടു നോമ്പോടു കൂടി ഈ തിരുനാള്‍ പഴയ പള്ളിയില്‍ നടത്തി വരുന്നു.

ഇന്ന് പള്ളിക്ക് മുന്നില്‍ കാണപ്പെടുന്ന കരിങ്കല്‍ കുരിശ് 1614 ല്‍ സ്ഥാപിച്ചതാണ്. ഇവിടെ മുമ്പുണ്ടായിരുന്ന ഒരു പാലം പള്ളിപ്പെരുന്നാളിനുണ്ടായ വെടിക്കെട്ടില്‍ കത്തി നശിച്ചു പോയി. ഇപ്പോള്‍ കാണുന്ന പാലം 1936 ല്‍ വികാരി ആയിരുന്ന തേക്കെമാളിയേക്കല്‍ അച്ചന്റെ കാലത്ത് പണികഴിപ്പിച്ചതാണ്.

യേശുവിന്റെ അത്ഭുതകരമായ തിരുവിരല്‍

ഒരിക്കല്‍ ഈ പ്രദേശത്ത് വലിയൊരു വെള്ളപ്പൊക്കമുണ്ടായി. വെള്ളം പള്ളിയുടെ മദ്ബഹ വരെ കയറി. വെള്ളപ്പൊക്കത്തില്‍ പെടുന്നതിന് മുമ്പ് വിശ്വാസികള്‍ മദ്ബഹായില്‍ സ്ഥാപിച്ചിരുന്ന യേശുവിന്റെ ക്രൂശിതരൂപം എടുത്തു മാറ്റാന്‍ ശ്രമിക്കവെ രൂപത്തിന്റെ വിരലിന്റെ അറ്റം ഒടിഞ്ഞു താഴെ വീഴുകയും അവിടെ നിന്ന് തിരുരക്തം നിര്‍ഗളിക്കുകയും ചെയ്തു എന്നാണ് പരമ്പരാഗതമായ വിശ്വാസം. തിരരക്തം വീണ മണ്ണ് പലരും എടുത്തു കൊണ്ടു പോവുകയും ആ മണ്ണ് സ്പര്‍ശിച്ചപ്പോള്‍ അനേകം രോഗസൗഖ്യങ്ങള്‍ സംഭവിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു. ആ സ്ഥലത്ത് മൂന്നടിയോളം ആഴമുളള ഒരു കുഴി രൂപപ്പെട്ടു. പില്‍കാലത്ത് ഈ കുഴി മൂടിക്കളഞ്ഞു.

വി. സെബസ്ത്യാനോസിനോടുള്ള ഭക്തി മറ്റൊരു പ്രധാന സംഭവമാണ്. പതിനെട്ടാം നൂറ്റാണ്ടിലാണ് വിശുദ്ധന്റെ രൂപം ഇവിടെ സ്ഥാപിച്ചത്. കാഞ്ഞിരപ്പള്ളി പ്രദേശത്ത് അക്കാലത്ത് കടുത്ത വസൂരി മഹാമാരി വ്യാപിച്ചു. വി. സെബസ്ത്യാനോസിന്റെ തിരുസ്വരൂപം എഴുന്നള്ളിച്ച് തെരുവുകളിലൂടെ പ്രദക്ഷിണം ചെയ്‌പ്പോഴാണ് രോഗം ശമിച്ചത്. അതിന്റെ സ്മരണാര്‍ത്ഥം ഇപ്പോഴും ആഘോഷമായ പ്രദക്ഷിണം നടത്തി വരുന്നു.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles