പ്രപഞ്ചശക്തികളെ കാല്‍ക്കീഴിലാക്കുന്ന നമ്മുടെ ദൈവം! (Sunday Homily)

~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.

മൂശാക്കാലം മൂന്നാം ഞായര്‍ സുവിശേഷ സന്ദേശം

ഇന്നത്തെ സുവിശേഷത്തില്‍ നമുക്ക് യേശുവിന്റെ വളരെ പ്രത്യേകതയുള്ള രണ്ട് അത്ഭുതങ്ങള്‍ കാണാന്‍ സാധിക്കും. കൊടുങ്കാറ്റിനെ ശാന്തമാക്കുന്ന അത്ഭുതം യേശുവിന് പ്രകൃതിയുടെ മേലുള്ള അധികാരം വ്യക്തമാക്കുന്നതാണ്. രണ്ടാമത്തെ അത്ഭുതം ഗദറാ എന്ന സ്ഥലത്തു വച്ച് പിശാചുബാധിതരായ രണ്ടു പേരെ മോചിപ്പിക്കുന്നതാണ്. യേശു പ്രപഞ്ചശക്തികളുടെ നാഥനാണെന്ന സന്ദേശം ആദ്യത്തെ അത്ഭുതം നമുക്ക് നല്‍കുമ്പോള്‍ പിശാചുക്കളുടെയും അന്ധകാരശക്തികളുടെയും മേല്‍ അവിടുത്തേക്ക് അധികാരമുണ്ടെന്ന് രണ്ടാമത്തെ സംഭവം വ്യക്തമാക്കുന്നു.

ഇന്നത്തെ സുവിശേഷവായന
മത്തായി. 8. 23 – 34

“യേശു തോണിയില്‍ കയറിയപ്പോള്‍ ശിഷ്യന്മാര്‍ അവനെ അനുഗമിച്ചു. കടലില്‍ ഉഗ്രമായ കൊടുങ്കാറ്റുണ്ടായി. തോണി മുങ്ങത്തക്കവിധം തിരമാലകള്‍ ഉയര്‍ന്നു. അവന്‍ ഉറങ്ങുകയായിരുന്നു. ശിഷ്യന്മാര്‍ അടുത്തു ചെന്ന് അവനെ ഉണര്‍ത്തി അപേക്ഷിച്ചു. കര്‍ത്താവേ, രക്ഷിക്കണമേ. ഞങ്ങള്‍ ഇതാ നശിക്കുന്നു. അവന്‍ പറഞ്ഞു: അല്പവിശ്വാസികളേ, നിങ്ങളെന്തിന് ഭയപ്പെടുന്നു? അവന്‍ എഴുന്നേറ്റ് കാറ്റിനെയും കടലിനെയും ശാസിച്ചു. വലിയ ശാന്തതയുണ്ടായി. അവര്‍ ആശ്ചര്യപ്പെട്ടു പറഞ്ഞു: ഇവന്‍ ആര്? കാറ്റും കടലും പോലും ഇവനെ അനുസരിക്കുന്നല്ലോ.

യേശു മറുകരെ ഗദറായരുടെ ദേശത്തെത്തിയപ്പോള്‍, ശവക്കല്ലറകളില്‍ നിന്ന് ഇറങ്ങി വന്ന രണ്ടു പിശാചുബാധിതര്‍ അവനെ കണ്ടുമുട്ടി. ആര്‍ക്കും ആ വഴി സഞ്ചരിക്കാന്‍ സാധിക്കാത്ത വിധം അവര്‍ അപകടകാരികളായിരുന്നു. അവര്‍ അട്ടഹസിച്ചു പറഞ്ഞു. ദൈവപുത്രാ, നീ എന്തിന് ഞങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു? സമയമാകുന്നതിന് മുമ്പ് ഞങ്ങളെ പീഡിപ്പിക്കാന്‍ നീ ഇവിടെ വന്നിരിക്കുകയാണോ? അവരില്‍ നിന്ന് അല്പം അകലെ വലിയൊരു പന്നിക്കൂട്ടം മേയുന്നുണ്ടായിരുന്നു. പിശാചുക്കള്‍ അവനോട് അപേക്ഷിച്ചു: നീ ഞങ്ങളെ പുറത്താക്കുന്നെങ്കില്‍ ആ പന്നിക്കൂട്ടിത്തിലേക്ക് അയക്കണമേ. അവന്‍ പറഞ്ഞു: പോയിക്കൊള്ളുവിന്‍. അവ പുറത്തു വന്ന് പന്നികളില്‍ പ്രവേശിച്ചു. പന്നിക്കൂട്ടം മുഴുവനും കിഴുക്കാംതൂക്കായ നിരത്തിലൂടെ പാഞ്ഞു ചെന്ന് കടലില്‍ മുങ്ങിച്ചത്തു. പന്നി മേയിക്കുന്നവര്‍ ഭയപ്പെട്ടോടി പട്ടണത്തിലെത്തി, എല്ലാ കാര്യങ്ങളും പിശാചു ബാധിതര്‍ക്കു സംഭവിച്ചതും അറിയിച്ചു. അപ്പോള്‍ പട്ടണം മുഴുവന്‍ യേശുവിനെ കാണാന്‍ പുറപ്പെട്ടു വന്നു. അവര്‍ അവനെ കണ്ടപ്പോള്‍ തങ്ങളുടെ അതിര്‍ത്തി വിട്ടു പോകണമെന്ന് അപേക്ഷിച്ചു.”

കഫര്‍ണാമില്‍ യേശു വളരെ തിരക്കു പിടിച്ച ശുശ്രൂഷകളാണ് ചെയ്തിരുന്നത്. ഒരു മനുഷ്യനെന്ന നിലയില്‍ അത് അവിടുത്തെ പരിക്ഷീണിതനാക്കി. അതിനാലാവണം, യേശു വള്ളത്തിലിരുന്ന് ഉറങ്ങിപ്പോയത്. ഗലീലി തടാകം കടന്ന് യേശു അറിയപ്പെട്ടാത്ത വിജാതീയരുടെ നാട്ടില്‍ പോയി അല്‍പം വിശ്രമിക്കാം എന്ന് അവിടുന്ന് ആഗ്രഹിച്ചു. ഒപ്പം ശിഷ്യന്മാരെയും കൂട്ടി.

പെട്ടെന്നാണ് അവിടെ കൊടുങ്കാറ്റുണ്ടായത്. ഗലീലിക്കടല്‍ ഒരു കടല്‍ അല്ല, ഒരു തടാകമാണ്. 33 മൈലുകളാണ് അതിന്റെ വ്യാസം, പരമാവധി ആഴമാകട്ടെ 141 അടിയും. ചാവുകടല്‍ കഴിഞ്ഞാല്‍ ഭൂമിയിലെ ഏറ്റവും താഴ്ന്ന ശുദ്ധജല തടാകവും ഗലീലി കടലാണ്.

സമുദ്ര നിരപ്പില്‍ നിന്ന് 700 അടി താഴെ കിടക്കുന്ന ഗലീലി കടല്‍ പൊതുവേ ശാന്തമായിരുന്നെങ്കിലും അപ്രതീക്ഷിതമായ കൊടുങ്കാറ്റും മഞ്ഞു മൂടിയ കിഴക്കന്‍ മലകളില്‍ നിന്നുള്ള തണുത്ത കാറ്റും ഉണ്ടാകുമായിരുന്നു. സീസ്‌മോസ് എന്ന വാക്കാണ് സുവിശേഷത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. അതിന്റെ അര്‍ത്ഥം ഭൂമികുലുക്കം എന്നാണ്. മീന്‍പിടുത്തക്കാരായ അപ്പോസ്തലന്മാരെ പോലും ഭയപ്പെടുത്തും വിധം ശക്തമായ കാറ്റായിരുന്നു അത്.

ഈ സമയമെല്ലാം യേശു ഉറങ്ങുകയായിരുന്നു. വളരെ ക്ഷീണിതനായിരുന്നതിനാല്‍ ഇതൊന്നും അറിയാതെ യേശു ഗാഢനിദ്രയിലായിരുന്നു. കൊടുങ്കാറ്റിന് തന്റെയോ ശിഷ്യന്മാരുടെയോ ജീവിതം അവസാനിപ്പിക്കാന്‍ സാധിക്കുകയില്ല, കാരണം അവര്‍ക്ക് ഭൂമിയില്‍ പ്രേഷിത ദൗത്യം തുടരേണ്ട കാര്യമുണ്ടെന്ന് യേശുവിന് അറിയാമായിരുന്നു.

അപ്പോഴാണ് കര്‍ത്താവേ, ഞങ്ങളെ രക്ഷിക്കണമേ, എന്നു വിലപിച്ചു കൊണ്ട് ശിഷ്യന്മാര്‍ യേശുവിനെ സമീപിച്ചത്. യേശുവിന്റെ അത്ഭുതങ്ങള്‍ നേരത്തെ കണ്ടിട്ടുണ്ടായിരുന്ന ശിഷ്യന്മാര്‍ക്ക് തങ്ങളെ രക്ഷിക്കാന്‍ യേശുവിന് സാധിക്കും എന്ന് ഉറപ്പുണ്ടായിരിക്കണം.

അപ്രതീക്ഷിതമായ പ്രകൃതി ദുരന്തത്തില്‍ ഭയചികതരായ ശിഷ്യന്മാര്‍ യേശു ഉണര്‍ത്തിയെങ്കിലും യേശു അവരുടെ വിശ്വാസക്കുറവിനെ ശാസിക്കുകയാണ്. ഉടനെ അവിടുന്ന് എഴുന്നേറ്റു നിന്ന് കൊടുങ്കാറ്റിനെ ശാസിക്കുന്നു. യേശു അത്ഭുതം പ്രവര്‍ത്തിക്കുന്ന രീതി അങ്ങനെയാണ്. മറ്റൊരവസരത്തില്‍ അവിടുന്ന് ശിമയോന്റെ അമ്മായിഅമ്മയുടെ പനിയെ ശാസിക്കുന്നതായി നാം കാണുന്നു. അശുദ്ധാത്മാക്കളെയും അവിടുന്ന് ശാസിക്കുന്നു. കൊടുങ്കാറ്റിനെ പോലും ശാന്തമാക്കാന്‍ ശക്തി യേശുവിന്റെ വചനങ്ങള്‍ക്ക് ഉണ്ടായിരുന്നു. ഉടനെ കാറ്റ് ശമിച്ചു എന്നാണ് സുവിശേഷകന്‍ പറയുന്നത്.

്അവര്‍ണനീയമായ ആ അത്ഭുതം കണ്ട് ശിഷ്യന്മാര്‍ അത്ഭുതപരതന്ത്രരായി എന്ന് സുവിശേഷം പറയുന്നു. ആ അത്ഭുതം കണ്ടവര്‍ യേശുവിന്റെ ദൈവത്വത്തില്‍ വിശ്വസിച്ചു എന്നു വേണം മനസ്സിലാക്കാന്‍. ഇതെന്തൊരു മനുഷ്യനാണ്! എന്ന് അവര്‍ പറയുന്നു. കാരണം, ഒരു മനുഷ്യനും പ്രകൃതിയുടെ മേല്‍ അധികാരമില്ല.

രണ്ടാമത്തെ അത്ഭുതം നടക്കുന്നത് ഗദറായരുടെ നാട്ടിലാണ്. കൊടുങ്കാറ്റിനെ ശമിപ്പിച്ച ശേഷം യേശു ശിഷ്യന്മാരോടൊപ്പം ഗലീലിത്തടാകത്തിന് അക്കരെയുള്ള ഗദറായരുടെ നാട്ടില്‍ എത്തുന്നു.

സുവിശേഷത്തില്‍ പലപ്പോഴും പരാമര്‍ശിക്കുന്ന ഒരു കൂട്ടരാണ് പിശാചുബാധിതര്‍. ശാസ്ത്രീയമായ കാഴ്ചപ്പാട് മനുഷ്യന് സ്വന്തമാകും മുമ്പ് പല രോഗങ്ങളും പിശാചുബാധയുടെ ഫലമാണെന്ന് കരുതപ്പെട്ടിരുന്നു. അപസ്മാരവും (മര്‍ക്കോ. 9. 17), മാനസികത്തകരാറും (മര്‍ക്കോ. 5. 1-5) ശാരീരിക വൈകല്യങ്ങളും മൂകതയുമെല്ലാം പിശാചുബാധ മൂലമാണെന്ന് ധരിച്ചു വച്ചിരുന്നു. അങ്ങനെ വിശ്വസിച്ചിരുന്ന ആളുകളെ സുഖപ്പെടുത്തണമെങ്കില്‍ പിശാച് അവരെ വിട്ടു പോയി എന്ന് അവരെ ബോധ്യപ്പെടുത്തുക അത്യവശ്യമായിരുന്നു.

ഗദറായിലെ പിശാചുബാധിതര്‍ യാത്രക്കാരെ ആക്രമിക്കുന്നവരായിരുന്നു. യേശു അവരെ സമീപിച്ചപ്പോള്‍, അവര്‍ വിളിച്ചു പറഞ്ഞു, ദൈവപുത്രാ, നീ എന്തിന് ഞങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു? യേശു ദൈവപുത്രനാണെന്ന് പിശാച് തന്നെ ഏറ്റു പറയുകയാണ്. വിധി ദിവസം വരെ മാത്രമേ മനുഷ്യരെ പീഡിപ്പിക്കുവാന്‍ പിശാചുക്കള്‍ക്ക് അധികാരമുള്ളൂ. അവരുടെ സമയം ഇനിയും ആയിട്ടില്ല എന്ന് അവര്‍ക്ക് അറിയാം. എന്നാല്‍ പിശാചുക്കളുടെ മേല്‍ അധികാരമുള്ള യേശു അവരെ പുറത്താക്കുകയാണ് ചെയ്യുന്നത്.

യഹൂദര്‍ക്ക് പന്നികള്‍ നിഷിദ്ധമായിരുന്നു. അവിടെ ഒരു പന്നിക്കൂട്ടം മേയുന്നുണ്ടായിരുന്നു എന്നതിന്റെ അര്‍ത്ഥം അതൊരു വിജാതീയ പട്ടണമായിരുന്നു എന്നാണ്. പുറത്താക്കപ്പെട്ട പിശാചുക്കള്‍ക്ക് വെളിപാടില്‍ പറയുന്ന ‘പാതാളഗര്‍ത്തത്തിലേക്ക്’ (വെളി. 9. 1-2) പോകാന്‍ ഇഷ്ടമുണ്ടായിരുന്നില്ല. അതിനാല്‍ പന്നിക്കൂട്ടത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കണം എന്ന് അവര്‍ യേശുവിനോട് അപേക്ഷിച്ചു.

ഇവിടെ യേശുവിന്റെ പ്രവര്‍ത്തിയെ ചിലര്‍ വിമര്‍ശിക്കാറുണ്ട്. പന്നികളുടെ ഉടമസ്ഥന് വലിയ നഷ്ടം ഉണ്ടാകും വിധം പന്നികളില്‍ പ്രവേശിക്കാന്‍ പിശാചിന് യേശു അനുവാദം കൊടുത്തത് എന്തിന്?

അതിന് ഒരു വ്യാഖ്യാനം ഇതാണ്. പന്നികളില്‍ പ്രവേശിക്കാന്‍ മാത്രമേ യേശു അവയ്ക്ക് അനുവാദം കൊടുത്തുള്ളൂ. ആ പന്നികളെ നശിപ്പിക്കാന്‍ യേശു ഉദ്ദേശിച്ചിരുന്നില്ല. പന്നിക്കൂട്ടങ്ങളേക്കാള്‍ വളരെയേറെ മൂല്യമുള്ളവയാണ് ആ രണ്ടു മനുഷ്യരുടെ ജീവന്‍.

ചില വ്യാഖ്യേതാക്കളുടെ അഭിപ്രായം അനുസരിച്ച് ആ പന്നികളുടെ ഉടമ ഒരു യഹൂദനായിരിക്കണം. മോശയുടെ നിയമം അനുസരിച്ച് പന്നികളെ സൂക്ഷിക്കാന്‍ യഹൂദര്‍ക്ക്് അനുവാദം ഉണ്ടായിരുന്നില്ല.

എന്തായാലും പന്നികള്‍ കടലില്‍ ചാടി ചത്തു പോയതു മൂലം അവര്‍ക്കുണ്ടായ വലിയ ഭൗതിക നഷ്ടത്തില്‍ അനിഷ്ടമുണ്ടായി ആ നാട്ടുകാര്‍ യേശുവിനോട് തങ്ങളുടെ നാട് വിട്ടു പോകണം എന്ന് ആവശ്യപ്പെടുന്നു. രണ്ടു മനുഷ്യര്‍ സുഖപ്പെട്ടതിലെ നന്മയ്ക്കു പകരം പന്നികളുടെ നഷ്ടം മാത്രമാണ് അവര്‍ക്ക് കാണാന്‍ കഴിഞ്ഞത്. ആത്മാക്കളുടെ രക്ഷയേക്കാള്‍ അവര്‍ ലൗകിക നേട്ടങ്ങള്‍ക്ക് വില കൊടുത്തു.

സന്ദേശം

യേശു യാത്ര ചെയ്ത വള്ളം കത്തോലിക്കാ സഭയുടെ പ്രതീകമാണ്. പലപ്പോഴും കൊടുങ്കാറ്റുകള്‍ ആഞ്ഞടിച്ചിട്ടുണ്ട്. രക്ഷിക്കാന്‍ യേശു എന്തു കൊണ്ട് ഇടപെടുന്നില്ല എന്ന് നാം ചോദിച്ചിട്ടുമുണ്ട്. ആദിമ ക്രൈസ്തവ സഭയിലും മതമര്‍ദനത്തിന്റെ കാലത്ത് ഇത് സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ദൈവം കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയിലൂടെ ഇടപെട്ടു.

വള്ളം നമ്മുടെ ജീവിതത്തിന്റെയും പ്രതീകമാണ്. പ്രതികൂലസാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ നമ്മെ രക്ഷിക്കാന്‍ യേശു ഉണ്ട് എന്ന് നമുക്ക് വിശ്വസിക്കാം.

വിശ്രമിക്കാന്‍ വേണ്ടിയാണ് ഗദറായരുടെ നാട്ടിലെത്തിയതെങ്കിലും രണ്ടു പിശാചുബാധിതരെ കണ്ടപ്പോള്‍ യേശു തന്റെ തളര്‍ച്ച മറന്ന് അവരെ സഹായിക്കുകയാണ്. ഈ മനോഭാവം നമുക്കും സ്വന്തമാക്കാം.

നമ്മുടെ ജീവിതത്തിലേക്ക് യേശുവിനെ സ്വീകരിക്കുമ്പോള്‍ നമുക്ക് ചിലപ്പോള്‍ ഭൗതിക നഷ്ടങ്ങള്‍ ഉണ്ടായേക്കാം. എന്നാല്‍ നമ്മുടെ ലക്ഷ്യം നിത്യജീവന്‍ ആയിരിക്കണം.

പ്രാര്‍ത്ഥന

പ്രപഞ്ചശക്തികളെ നാഥനായ യേശുനാഥാ,

ഇന്ന് ലോകം മുഴവന്‍ വ്യാപിച്ചിരിക്കുന്ന ഈ കോവിഡ് മഹാമാരിയുടെ മേല്‍ അധികാരമുള്ളവനാണല്ലോ, അവിടുന്ന്. ലോകത്തിലെ എല്ലാ ശക്തികളുടെയും മേലുള്ള അങ്ങയുടെ അധികാരം ഉപയോഗിച്ച് ഈ മഹാമാരിയെ നിര്‍വീര്യമാക്കി മനുഷ്യരാശിയെ രക്ഷിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ശാന്തമാകുക! എന്ന് അവിടുന്ന് കോവിഡ് മഹാമാരിയോട് കല്‍പിച്ചാല്‍ ഈ രോഗം ഭൂമിയില്‍ നിന്ന് തുടച്ചു നീക്കപ്പെടും എന്ന് ഞങ്ങള്‍ ഉറപ്പായി വിശ്വസിക്കുന്നു. അവിടുത്തെ വചനമയച്ച് ഞങ്ങളെ സുഖപ്പെടുത്തണമേ.
ആമ്മേന്‍


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles